കോക്ടൈൽ പക്ഷിയെ സുരക്ഷിതമായി പിടികൂടി ഉടമക്ക് കൈമാറി മീഞ്ചന്തഫയർ യൂണിറ്റ്.
Kozhikode 15 മാര്ച്ച് (H.S.) പതിനായിരം രൂപയോളം വിലവരുന്ന കോക്ക്ടൈൽ പക്ഷി പാറി അകന്നപ്പോൾ വീട്ടുകാർ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അതിനെ തിരികെ ലഭിക്കുമെന്ന്. കടലുണ്ടിയിലെ പുതിയവീട്ടിൽ മുഹമ്മദ് ഹാജിയും കുടുംബവുമാണ് പക്ഷിയെ വളർത്തിയിരുന്നത്. ഏറെ ശ്രദ
COCKATIEL BIRD


Kozhikode 15 മാര്ച്ച് (H.S.)

പതിനായിരം രൂപയോളം വിലവരുന്ന കോക്ക്ടൈൽ പക്ഷി പാറി അകന്നപ്പോൾ വീട്ടുകാർ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അതിനെ തിരികെ ലഭിക്കുമെന്ന്. കടലുണ്ടിയിലെ പുതിയവീട്ടിൽ മുഹമ്മദ് ഹാജിയും കുടുംബവുമാണ് പക്ഷിയെ വളർത്തിയിരുന്നത്. ഏറെ ശ്രദ്ധയോടെയും കരുതലോടെയും വളർത്തിയിരുന്ന പക്ഷി പറന്നുപോയപ്പോൾ ഏറെ നേരം ശ്രമിച്ചിട്ടും അതിനെ പിടികൂടാൻ സാധിച്ചില്ല. അവസാനം രക്ഷകരായത് ഫയർ ഫോഴ്സ്.

വിവരമറിഞ്ഞ് പരിസരത്തെ നിരവധി പേർ പക്ഷിയെ തെങ്ങിൽ നിന്ന് രക്ഷിച്ചെടുക്കാൻ സ്ഥലത്തെത്തി. എന്നാൽ ആർക്കും തെങ്ങിനു മുകളിൽ നിന്ന് പക്ഷിയെ താഴെയിറക്കാൻ സാധിച്ചില്ല. തുടർന്നാണ് പക്ഷിയെ രക്ഷിക്കാൻ ഫയർ യൂണിറ്റിനെ വിവരം അറിയിക്കാമെന്ന അഭിപ്രായങ്ങൾ വന്നത്. ചർച്ചകൾക്കിടയിൽ ചിലർക്കൊക്കെ സംശയം ഫയർ ഫോഴ്സ് പക്ഷിയെ പിടിക്കാൻ സ്ഥലത്തെത്തുമോ എന്നതായിരുന്നു.

അവസാനം വന്നാലും വന്നില്ലെങ്കിലും ഫയർ യൂണിറ്റിൽ ഒന്ന് അറിയിക്കാമെന്ന തീരുമാനത്തിലെത്തി. പിന്നെ ഒട്ടും കാത്തിരുന്നില്ല. മീഞ്ചന്ത ഫയർ യൂണിറ്റിൽ വിവരം അറിയിച്ചു. വിളിക്കേണ്ട താമസം ഫയർ യൂണിറ്റ് ഉടൻ തന്നെ സ്ഥലത്ത് പാഞ്ഞെത്തി. ആദ്യമായാണ് ഫയർ യൂണിറ്റ് ഇങ്ങനെയൊരു ആവശ്യം പരിഗണിച്ച് പരിഹാരത്തിന് ഇറങ്ങിയത്. ഫയർ യൂണിറ്റ് സ്ഥലത്തെത്തുമ്പോൾ കോക്ടൈൽ പക്ഷി അഹമ്മദ് ഹാജിയുടെ വീട്ടുപരിസരത്തെ ഇരുപത്തി അഞ്ചടി ഉയരമുള്ള തെങ്ങിന് മുകളിൽ ഇരിക്കുകയായിരുന്നു.

ഇത്രയും ജനങ്ങളും ശബ്ദ കോലാഹലങ്ങളും ഒക്കെ ഉള്ളപ്പോൾ പക്ഷിയെ പിടികൂടാൻ ആകുമോ എന്ന ആശങ്കയും ആദ്യം ഫയർ യൂണിറ്റ് അംഗങ്ങൾക്ക് ഉണ്ടായിരുന്നു. എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ ഉടൻ തന്നെ വലിയ കോണി വച്ച് ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കാൽവിൻ റോഡ്രിഗസ് തെങ്ങിന് മുകളിൽ കയറി. അതീവ സൂക്ഷ്മതയോടെ വീട്ടുകാർ ഒരിക്കലും കിട്ടില്ലെന്ന് കരുതിയ കോക്ക്ടൈൽ പക്ഷിയെ തഞ്ചത്തിൽ പിടികൂടി താഴെ എത്തിച്ച് വീട്ടുകാർക്ക് കൈമാറി.

കൈ അടിച്ചും ആർപ്പുവിളിച്ചും അഭിവാദ്യമർപ്പിച്ചുമാണ് പ്രദേശവാസികൾ ഫയർ യൂണിറ്റ് അംഗങ്ങളെ അനുമോദിച്ചത്. രക്ഷാപ്രവർത്തനത്തിന് ഗ്രേഡ് സ്റ്റേഷൻ ഓഫിസർ ഡബ്ല്യൂ. സനൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സി.പി അൻവർ, ജി പ്രവീൺ, ജോസഫ് ബാബു, സി കെ അശ്വിനി, പി.വി.സിൻജു, ഹോം ഗാർഡ് കെ സന്തോഷ് എന്നിവരും നേതൃത്വം നൽകി. അങ്ങനെ മനുഷ്യർക്ക് മാത്രമല്ല പക്ഷികളെയും മൃഗങ്ങളുടെയുമെല്ലാം സുരക്ഷ ഫയർ യൂണിറ്റിൻ്റെ കൈകളിൽ ഭദ്രമാണെന്ന് തെളിയിക്കുക കൂടിയായിരുന്നു കടലുണ്ടിയിലെ കോക്ടൈൽ പക്ഷിയെ സുരക്ഷിതമായി പിടികൂടി ഉടമക്ക് കൈമാറിയതിലൂടെ മീഞ്ചന്തഫയർ യൂണിറ്റ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News