Enter your Email Address to subscribe to our newsletters

Wayanad , 15 മാര്ച്ച് (H.S.)
വയനാട് തുരങ്കപാത പദ്ധതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച പ്രകൃതി സംരക്ഷണ സമിതി നേതാവ് എൻ. ബാദുഷയുടെ വീട്ടിലേക്ക് നടത്തിയ മാര്ച്ചില് സംഘര്ഷാവസ്ഥ. വയനാട് കൂട്ടായ്മ നടത്തിയ പ്രതിഷേധ മാർച്ചാണ് സംഘർഷാവസ്ഥയില് കലാശിച്ചത്. വികസന പദ്ധതികൾക്കെതിരെ പരിസ്ഥിതി വാദികളുടെ നിലപാടിനെതിരെ ശക്തമായ വിമർശനവുമായി എത്തിയ പ്രവർത്തകർക്ക് പൊലീസ് തടയിട്ടു.
ഇന്ന് വൈകിട്ട് നാലരയോടെയാണ് വയനാട് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ നടന്നത്. മൂലങ്കാവ് ടൗണിൽ നിന്ന് ആരംഭിച്ച പ്രകടനം നായ്ക്കട്ടി ടൗണിലെത്തി ബാദുഷയുടെ വീട്ടിലേക്ക് നീങ്ങുകയായിരുന്നു. മുദ്രാവാക്യങ്ങളുമായി എത്തിയ പ്രവർത്തകരെ ബാദുഷയുടെ വീടിന് അമ്പത് മീറ്റർ അകലെ വെച്ച് പൊലീസ് തടഞ്ഞു.
തുടർന്ന് നടന്ന പ്രതിഷേധ യോഗം വയനാട് കൂട്ടായ്മയുടെ സുരേഷ് ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ വികസന പദ്ധതികൾക്കെതിരെ ചിലർ കപട പരിസ്ഥിതി വാദത്തിൻ്റെ പേരിൽ തടസം സൃഷ്ടിക്കുകയാണെന്ന് പ്രവർത്തകർ ആരോപിച്ചു. ഇത്തരത്തിലുള്ള നിലപാടുകൾ തുടരുകയാണെങ്കിൽ വരും തലമുറ ശക്തമായി പ്രതികരിക്കുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകി.
പ്രതിഷേധ പരിപാടിയിൽ ഷമീൽ അധ്യക്ഷത വഹിച്ചു. മുനീർ മേപ്പാടി, ഹൈദരലി, സദാനന്ദൻ, റഷീദ് എന്നിവർ സംസാരിച്ചു. പൊലീസ് കനത്ത സുരക്ഷ ഒരുക്കിയ സാഹചര്യത്തിൽ മാർച്ച് സമാധാനപരമായി അവസാനിച്ചു. വയനാട് തുരങ്കപാത വിഷയത്തിൽ പിന്തുണയും പ്രതിഷേധവും ശക്തമാകുന്ന സാഹചര്യത്തിൽ ജില്ലയിലെ രാഷ്ട്രീയ-സാമൂഹിക വേദികളിൽ ചർച്ചകൾ കൂടുതൽ ശക്തമാകുകയാണ്.
അതേസമയം ബാദുഷയുടെ വീട്ടിലേക്ക് നടത്തുമെന്ന് പ്രഖ്യാപിച്ച മാര്ച്ചിനെ ജനകീയമായി നേരിടുമെന്ന് വിവിധ സംഘടനാ പ്രതിനിധികള് പറഞ്ഞിരുന്നു. പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്കിയതിനെതിരേ വയനാട് പ്രകൃതി സംരക്ഷണ സമിതിക്കുവേണ്ടി പ്രസിഡന്റ് എന്. ബാദുഷയും സെക്രട്ടറി തോമസ് അമ്പലവയലും സമര്പ്പിച്ച ഹര്ജി ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് അവര് സുപ്രീം കോടതിയെ സമീപിച്ചത്.
ബാദുഷയ്ക്ക് സൈബര് ആക്രമണം
തുരങ്കപാതക്കെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകിയതുമായി ബന്ധപ്പെട്ട് കടുത്ത സൈബർ ആക്രമണം നേരിടുന്നുവെന്ന് വ്യക്തമാക്കി ബാദുഷ രംഗത്ത് വന്നിരുന്നു. വധഭീഷണിയെ തുടർന്ന് ബത്തേരി ഡിവൈഎസ്പിക്ക് പരാതി നൽകിയെന്നും ബാദുഷ വ്യക്തമാക്കിയിരുന്നു. കള്ളാടി - ആനക്കാംപൊയിൽ തുരങ്ക പാതക്ക് നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്. വിദഗ്ദ്ധ പഠനം വേണമെന്നും അതുവരെ നിർമ്മാണം നിർത്തിവയ്ക്കണമെന്നുമാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി സുപ്രീംകോടതിയോട് പറഞ്ഞത്. ഇതിനെതിരെ സർക്കാർ തടസഹർജി ഫയൽ ചെയ്തിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR