സുപ്രീംകോടതിയിൽ കെ-ടെറ്റുമായി ബന്ധപ്പെട്ട്സർക്കാർ ഫയൽ ചെയ്തിട്ടുള്ള റിവ്യൂ പെറ്റീഷൻ്റെ അന്തിമ വിധിന്യായത്തിനു വിധേയമായി അധ്യാപകരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് കൂടുതൽ ഇളവുകൾ നൽകുന്നതില് തീരുമാനവുമായി സർക്കാർ.
Thiruvananthapuram , 15 മാര്ച്ച് (H.S.) സുപ്രീംകോടതിയിൽ കെ-ടെറ്റുമായി ബന്ധപ്പെട്ട്സർക്കാർ ഫയൽ ചെയ്തിട്ടുള്ള റിവ്യൂ പെറ്റീഷൻ്റെ അന്തിമ വിധിന്യായത്തിനു വിധേയമായി അധ്യാപകരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് കൂടുതൽ ഇളവുകൾ നൽകുന്നതില് തീരുമാനവുമായി സർക
V Shivankutti


Thiruvananthapuram , 15 മാര്ച്ച് (H.S.)

സുപ്രീംകോടതിയിൽ കെ-ടെറ്റുമായി ബന്ധപ്പെട്ട്സർക്കാർ ഫയൽ ചെയ്തിട്ടുള്ള റിവ്യൂ പെറ്റീഷൻ്റെ അന്തിമ വിധിന്യായത്തിനു വിധേയമായി അധ്യാപകരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് കൂടുതൽ ഇളവുകൾ നൽകുന്നതില് തീരുമാനവുമായി സർക്കാർ. കെ-ടെറ്റ് യോഗ്യത സംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് അനുസൃതമായി സർവീസിൽ തുടരുന്നതും 2025 സെപ്തംബർ 1ന് മുൻപ് പ്രൊമോഷൻ/ ബൈട്രാൻസ്ഫർ നിയമനത്തിന് അർഹതയുള്ള സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാർക്ക് അവർ അതത് കാറ്റഗറിയിലെ കെ-ടെറ്റ് യോഗ്യത 2025 സെപ്തംബർ 1 മുതൽ 2 വർഷത്തിനകം നേടണമെന്ന നിബന്ധനയിൽ താൽകാലിക പ്രൊമോഷൻ/ ബൈട്രാൻ സ്ഫർ നിയമനം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി വ്യക്തമാക്കി.

ഹയർസെക്കന്ഡറി വിഭാഗത്തിലെ മിനിസ്റ്റീരിയൽ സ്റ്റാഫ്/ലാബ് അസിസ്റ്റൻ്റ് എന്നിവർക്ക് നിശ്ചിത കെ-ടെറ്റ് യോഗ്യത ആവശ്യമില്ലാത്തതിനാൽ അവർക്ക് എച്ച്എസ്എസ്റ്റി / എച്ച്എസ്എസ്റ്റി ജൂനിയർ യോഗ്യതയുള്ള പക്ഷം ബൈട്രാൻസ്ഫർ പ്രൊമോഷന് പരിഗണിക്കാമെന്നും തീരുമാനമായി. സർവീസിലുള്ള ഒരു അധ്യാപകനും ജോലി നഷ്ടപ്പെട്ടു പുറത്തുപോകരുത് എന്ന സർക്കാർ നയത്തിൻ്റെ അടിസ്ഥാനത്തിൽ കെ-ടെറ്റ് യോഗ്യത നേടാൻ വർഷത്തിൽ രണ്ട് പരീക്ഷ എന്ന തോതിൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

യുഐഡിക്ക് കൂടുതൽ ഇളവുകൾ

കൂടുതൽ അധ്യാപകരെ സർവീസിൽ നിലനിർത്തുന്നതിനായി അധ്യാപകരുടെ ആവശ്യം കൂടി പരിഗണിച്ച് 2026 ഓഗസ്റ്റ് 20 വരെ സാധുവായ യുഐഡി സമർപ്പിച്ചിട്ടുള്ള കുട്ടികളെയും കൂടി തസ്തിക നിർണയത്തിന് പരിഗണിക്കാമെന്ന് തീരുമാനിച്ചിട്ടുണ്ട്. മുമ്പ് 2025 ജൂലൈ 14 വരെ യുഐഡി സമർപ്പിച്ചിട്ടുള്ള കുട്ടികളെ വരെയാണ് തസ്തിക നിർണയത്തിന് പരിഗണിച്ചിരുന്നത്.

അധ്യാപരുടെ ജോലി സംരക്ഷണം

എയ്ഡഡ് സ്കൂളുകളിൽ നിലവിൽ നിയമനാംഗീകാരത്തോടെ 2015 മാർച്ച് 31 വരെ സേവനത്തിലുള്ളവർക്ക് കുട്ടികളുടെ കുറവ് മൂലം തസ്തിക നഷ്ടപ്പെട്ടാൽ അവർക്ക് സംരക്ഷണ ആനുകൂല്യം നൽകി അധ്യാപക ബാങ്കിൽ ഉൾപ്പെടുത്തി സംരക്ഷണം നൽകിയിരുന്നു. ഈ സംരക്ഷണ ആനുകൂല്യം 2015 ജൂൺ 1 മുതൽ 2022 മാർച്ച് 31 വരെ ദീർഘിപ്പിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. നിലവിൽ സർവീസിന് പുറത്തു നിൽക്കുന്ന 242 അധ്യാപകർക്ക് പ്രത്യക്ഷത്തിലും (അവർക്കു സർവീസിൽ തിരികെ പ്രവേശിക്കാവുന്നതാണ്) മുപ്പതിനായിരത്തോളം വരുന്ന അധ്യാപകർക്ക് പരോക്ഷമായും ലഭിക്കുമെന്നാണ് സർക്കാർ വാദം.

1857 അധിക തസ്തികകൾ

2025-26 അധ്യയന വർഷത്തെ തസ്തിക നിർണയ പ്രകാരം സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് സ്കൂളുകളിലായി ആകെ 1857 അധിക അധ്യാപക-അനധ്യാപക തസ്തികകൾ അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സർക്കാർ സ്കൂളുകളിൽ 685 അധിക തസ്തികകളും എയ്ഡഡ് സ്കൂളുകളിൽ 1202 അധിക തസ്തികകളുമാണ് അനുവദിച്ചിട്ടുള്ളത്. പ്രാഥമിക കണക്കുകൾ പ്രകാരം അഞ്ഞൂറ് 500 ഓളം തസ്തികകൾ ഉടനടി പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.

പരിഷ്കരിച്ച കെഇആർ പ്രസിദ്ധീകരിക്കും

2026 ഫെബ്രുവരി വരെ നടത്തിയ ഭേദഗതികൾ ഉൾപ്പെടുത്തിക്കൊണ്ട് കേരള എഡ്യൂക്കേഷൻ റൂൾസിൻ്റെ (കെ.ഇ.ആർ) പരിഷ്കരിച്ച പതിപ്പ് പ്രസിദ്ധീകരിക്കും. ഇതിൻ്റെ കരട് അംഗീകരിച്ചു. ഒരു മാസത്തിനകം പുറത്തിറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി അറിയിച്ചു. കെഇആറിൻ്റെ മലയാള പതിപ്പും പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

സ്പീച്ച് ആന്ഡ് ഹിയറിങ് സ്കൂളിന് ഏഴ് തസ്തികകൾ

വയനാട് സെൻ്റ് റെസ്സല്ലോസ് സ്പീച്ച് ആന്ഡ് ഹിയറിങ് ഹയർസെക്കന്ഡറിയിൽ എച്ച്എസ്എസ്റ്റി ഫിസിക്സ്, കെമിസ്ട്രി, ഗണിതം, കമ്പ്യൂട്ടർ സയൻസ്, ജൂനിയർ മലയാളം, ജൂനിയർ ഇംഗ്ലീഷ്, ലാബ് അസിസ്റ്റന്റ് എന്നീ ഏഴ് തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ തസ്തികകളിൽ സ്ഥിരനിയമനം നടത്തുന്നതിന് മാനേജർക്ക് അനുമതിയും നൽകിയിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News