Enter your Email Address to subscribe to our newsletters

Iran , 15 മാര്ച്ച് (H.S.)
പശ്ചിമേഷ്യന് യുദ്ധം അമേരിക്കക്ക് സാമ്പത്തികമായി വലിയ ഞെരുക്കം സൃഷ്ടിക്കുന്നു എന്ന് റിപ്പോര്ട്ട്. മേഖലയില് ആക്രമണം നടത്തുന്നതിന് ലക്ഷങ്ങള് ചെലവുള്ള ആയുധങ്ങള് ഉപയോഗിക്കുന്നതാണ് കാരണം.
മാത്രമല്ല, യുദ്ധ വിമാനങ്ങളും പ്രതിരോധ കവചങ്ങളും തകര്ന്നതും അമേരിക്കയുടെ ചെലവ് ഇരട്ടിയാക്കി. ഇതിന് പിന്നാലെയാണ് കരസേനയെ കൂടി ഇറാനിലേക്ക് അയക്കുമെന്ന വിവരം.
ഈ വേളയിലാണ് ഇറാന് മറ്റൊരു നീക്കം നടത്തുന്നത്. ഡോളറിന്റെ അപ്രമാദിത്വം ഇല്ലാതാക്കാനാണ് ശ്രമം. പെട്രോഡോളര് സംവിധാനം തകര്ക്കുകയാണ് ഇറാന്റെ ലക്ഷ്യമെന്ന് കരുതുന്നു. മുതിര്ന്ന ഇറാന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎന്എന് റിപ്പോര്ട്ട് ചെയ്തത് പ്രകാരം ചൈനീസ് കറന്സിയായ യുവാനില് എണ്ണ വ്യാപാരം നടത്തുന്ന രാജ്യങ്ങളുടെ ടാങ്കര് മാത്രം ഹോര്മുസ് വഴി കടത്തിവിടാനാണ് ഇറന്റെ തീരുമാനം.
ഇക്കാര്യത്തില് ഇറാന് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എങ്കിലും ഡോളറിന്റെ മേല്ക്കോയ്മ തകരുന്നത് അമേരിക്ക സഹിക്കില്ല. എന്തുവില കൊടുത്തും അമേരിക്ക ഇത് തടയുമെന്ന് കഴിഞ്ഞ കാല സംഭവങ്ങള് സാക്ഷിയാണ്. ലിബിയയിലെ മുഅമ്മര് ഖദ്ദാഫി ഭരണകൂടവും ഇറാഖിലെ സദ്ദാം ഹുസൈന് ഭരണകൂടവും ഡോളറിന് പകരം കറന്സി കണ്ടെത്താന് ശ്രമം നടത്തിയിരുന്നു. രണ്ട് ഭരണകൂടത്തെയും അമേരിക്ക തകര്ക്കാന് കാരണം ഈ നീക്കമായിരുന്നു എന്ന റിപ്പോര്ട്ടുകളുണ്ടായിരുന്നു.
അമേരിക്കയും സൗദി അറേബ്യയും 1970കളില് ഒപ്പുവച്ച കരാര് പ്രകാരമാണ് പെട്രോ ഡോളര് സംവിധാനം നിലവില് വന്നത്. സൗദി അറേബ്യ വില്ക്കുന്ന ക്രൂഡ് ഓയില് ഡോളറിലായിരിക്കണം എന്നാണ് കരാറിന്റെ കാതല്. മറ്റു കറന്സികളില് ഇടപാട് നടക്കില്ല. ഏത് രാജ്യവുമായും ക്രൂഡ് ഓയില് ഇടപാട് നടക്കുമ്പോള് പകരം നല്കേണ്ടത് ഡോറളാണ്. മറ്റു ജിസിസി രാജ്യങ്ങളും ഈ ധാരണ പിന്തുടര്ന്നതോടെ ഡോളര് കരുത്ത് കൂടി.
യുദ്ധം വേഗത്തില് തീരില്ലെന്ന് ഉറപ്പായി
ലോകത്ത് ക്രൂഡ് ഓയില് വാങ്ങാത്ത രാജ്യങ്ങളില്ല. ആവശ്യമുള്ളതിന്റെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇതില് കൂടുതലും പശ്ചിമേഷ്യയില് നിന്നാണ്. ഇവ വാങ്ങുമ്പോള് ഇന്ത്യ ഡോളര് നല്കണം. സമാനമായ ഇടപാട് തന്നെയാണ് മറ്റു രാജ്യങ്ങളുമായും നടത്തിവരുന്നത്. ഇതോടെ ഡോളറിന് ആവശ്യക്കാര് ഏറിവന്നു. ഡോളര് തകര്ക്കാന് പറ്റാത്ത കറന്സിയായി നിലനിന്നു. അമേരിക്കന് സമ്പദ് വ്യവസ്ഥയ്ക്കും ഇത് നേട്ടമായി.
ഈ സാഹചര്യത്തിലാണ് ഡോളര് അന്താരാഷ്ട്ര ഇടപാടില് നിന്ന് ഒഴിവാക്കാന് ഇറാന് ശ്രമിക്കുന്നത്. നിലവില് ഹോര്മുസ് പാത അടച്ച ഇറാന്, യുവാനില് ഇടപാട് നടത്തുന്നവര്ക്ക് മാത്രം ഹോര്മുസ് തുറന്നുകൊടുക്കും എന്ന് തീരുമാനിച്ചാല് അമേരിക്കന് ഡോളറിന് ആവശ്യക്കാര് കുറയും. ചൈനീസ് യുവാന് ആവശ്യക്കാര് ഏറുകയും ചെയ്യും.
അമേരിക്ക സാമ്പത്തികമായി തകരുകയും ചൈന ഉയരുകയും ചെയ്യും എന്നതാകും അനന്തര ഫലം. ഇത് എന്തുവില കൊടുത്തും അമേരിക്ക ഈ നീക്കം ചെറുക്കുമെന്ന് ഉറപ്പാണ്. ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യം ഉള്പ്പെടെ മുന് നിര്ത്തിയാണ് കരസേനയെ കൂടി ഇറാനിലേക്ക് കൊണ്ടുവരുന്നത്. യുദ്ധം വേഗത്തില് തീരില്ല എന്ന് ഇതില് നിന്ന് വ്യക്തമാകുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR