Enter your Email Address to subscribe to our newsletters

Thiruvananthapuram , 15 മാര്ച്ച് (H.S.)
തിരുവിതാംകൂര് രാജകുടുംബത്തിൻ്റെ അധീനതയിലുള്ളതും നഗരത്തിലെ സുരക്ഷാ വലയത്തിലുള്ളതുമായ കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ചയെന്ന് പരാതി. കൊട്ടാരത്തിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് മോഷണം പോയതെന്ന് കാട്ടി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് പേരൂർക്കട പൊലീസിൽ പരാതി നൽകി.
ഗൗരി ലക്ഷ്മി ഭായ്യുടെ കൈവശമുണ്ടായിരുന്ന അമൂല്യമായ രത്നങ്ങൾ പതിച്ച സ്വർണാഭരണങ്ങളാണ് മോഷണം പോയതെന്നാണ് പൊലീസിൻ്റെ പ്രഥമ വിവര റിപ്പോർട്ടിൽ(FIR) പറയുന്നത്. ശ്രീപത്മനാഭ സ്വാമിയുടെ ചിത്രം കൊത്തിയ ആഭരണങ്ങളും വിദേശത്തുനിന്ന് കൊണ്ടുവന്ന ആഭരണങ്ങളും മോഷണം പോയവയിലുണ്ട്. 2025 ഒക്ടോബർ, നവംബർ മാസത്തിനിടയ്ക്കുള്ള ഏതോ സമയത്താണ് ഈ ആഭരണങ്ങൾ മോഷണം പോയതെന്ന് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു.
മോഷണം പോയത് 30 പവനോളം
2025 ഒക്ടോബർ, നവംബർ മാസത്തിനിടയ്ക്കുള്ള ഏതോ സമയം ആരോ കള്ളൻ പരാതിക്കാരി താമസിച്ചു വന്നിരുന്ന കവടിയാർ കൊട്ടാരത്തിൽ അതിക്രമിച്ചു കയറി ആവലാതിക്കാരിയുടെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ മോഷണം പോയെന്നാണ് 0364 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്ഐആറിലുള്ളത്. ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വർണമുത്തും ഇടകലർന്ന ഉദ്ദേശം അര പവൻ വരുന്ന സ്വർണ ചെയിൻ, ഉദ്ദേശം 3 പവൻ വരുന്ന പിച്ചിപ്പൂമൊട്ട് ഡിസൈനിലുള്ള സ്വർണപാദസരം, കറുത്ത മുത്തും സ്വർണമുത്തും ഇടകലർന്ന ഉദ്ദേശം 2 പവൻ വരുന്ന പാദസരം, ഉദ്ദേശം 4 പവൻ വരുന്നവീതിയുള്ള ഇല ഡിസൈനോടുകൂടിയ 2 വളകൾ, ഉദ്ദേശം 3 പവൻ വരുന്ന വീതി കുറഞ്ഞ രണ്ട് സ്വർണ പിരിവള , കുഞ്ച ചുവപ്പ് കല്ല് പതിപ്പിച്ച വലിയ 2 കമ്മലും തൂക്കും (സ്വർണത്തിൽ തീർത്തത് - വില നിശ്ചയമില്ല ), 2.5 പവൻ വരുന്ന സ്വർണത്തിൽ പച്ച ഇനാമൽ 2 ഇലയും നടുക്ക് വെള്ള ഇനാമൽ ശംഖും പതിച്ച സ്വർണ പതക്കവുംസ്വർണ പിരി ചെയിനും, ഉദ്ദേശം 5 പവനോളം വരുന്ന സ്വർണ കുഴിമിന്നുമാല, ഉദ്ദേശം 8 ലക്ഷം രൂപ വില വരുന്ന പച്ച കല്ല് പതിച്ച നാഗ പട കമ്മലും മാലയും പതക്കവും, ഉദ്ദേശം 2 പവൻവരുന്ന സ്വർണ കമ്മലും ഇല ഡിസൈനോടുകൂടിയ മാട്ടിയും, ഉദ്ദേശം 6 പവൻ വരുന്ന റൂബി കല്ലുകളും ഡയമണ്ട്കളും പതിച്ച വീതിയുള്ള ഒഴുക്കൻ വള 2 എണ്ണവും, ഉദ്ദേശം 1 പവൻ വരുന്ന വളരെ നേർത്ത ചെയിനിൽ പദ്മനാഭ സ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണ പതക്കവും ചെയിനും, ഒരു പവൻ വീത തൂക്കം വരുന്ന അഞ്ച് കുതിര പവൻ നാണയങ്ങൾ എന്നിവ ഉൾപ്പെടെ ആകെ 2 കോടിയോളം രൂപ വിലവരുന്ന മുതലുകൾ മോഷണം പോയി എന്നാണ് എഫ്ഐആറിൽ പറയുന്നത്.
അന്വേഷണം തുടങ്ങിയത് നാല് മാസം മുമ്പെന്ന് സൂചന
നിലവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും പൊലീസ് രഹസ്യമായി അന്വേഷണം നടത്തിയെന്നാണ് സൂചന. എന്നാൽ കാര്യങ്ങൾ എങ്ങുമെത്താതെ വന്നതോടെയാണ് പരാതി ഔദ്യോഗികമായി സ്വീകരിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഒരു പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സിറ്റി പൊലീസ് കമ്മീഷണർ സഞ്ജയ് കുമാർ ഗുരുദിൻ ഇ ടിവി ഭാരതിനോട് പറഞ്ഞു. കേസിൽ പരാതിക്കാരിയായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിയുടെ മൊഴി കവടിയാർ കൊട്ടാരത്തിലെത്തി പേരൂർക്കട പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR