Enter your Email Address to subscribe to our newsletters

Thiruvananthapuram , 15 മാര്ച്ച് (H.S.)
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില് ബിജെപിയെ പരാജയപ്പെടുത്താന് എല്ലാ പാര്ട്ടികളും ശ്രമിക്കണം എന്ന് എസ്ഡിപിഐ.
കേരളത്തെ അപമാനിക്കുന്ന ബിജെപിയെ ഒറ്റപ്പെടുത്തണം എന്ന് സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് വാര്ത്താ സമ്മേളനത്തില് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില് തനിച്ച് മല്സരിക്കാനാണ് പാര്ട്ടിയുടെ തീരുമാനം. 111 മണ്ഡലങ്ങളില് സ്ഥാനാര്ഥിയെ നിര്ണയിച്ചു എന്നും ലത്തീഫ് പറഞ്ഞു.
ബജറ്റ് വിഹിതം വകയിരുത്തുന്നതിലുള്പ്പെടെ ബിജെപി കേന്ദ്ര ഭരണം കേരളത്തെ പാടെ അവഗണിക്കുകയാണ്. കേരളത്തിലെത്തിയ പ്രധാനമന്ത്രി ദേശീയപാത ഉദ്ഘാടന വേദിയില് സംസ്ഥാന പൊതുമരാമത്ത് മന്ത്രിയെ പങ്കെടുപ്പിക്കാന് പോലും തയ്യാറായില്ല. കേരള സ്റ്റോറി എന്ന പേരില് കല്പ്പിത കഥകള് മെനഞ്ഞുണ്ടാക്കി ലോകത്തിനു മുമ്പില് കേരളത്തെ അപമാനിക്കുകയായിരുന്നു.
അതേസമയം കേരളത്തിലെ ഇടത്-വലത് മുന്നണികള് ബിജെപിയെ പരാജയപ്പെടുത്താന് ശ്രമിക്കേണ്ടതിനു പകരം പരസ്പരം മല്സരിച്ച് അവരുടെ വിജയസാധ്യത വര്ധിപ്പിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില് ബിജെപിയെ പരാജയപ്പെടുത്താന് തൊട്ടടുത്ത വിജയ സാധ്യതയുള്ള സ്ഥാനാര്ഥികളെയാണ് എസ്ഡിപിഐ പിന്തുണച്ചത്. ബിജെപിയെ പരാജയപ്പെടുത്തുകയെന്നത് എസ്ഡിപിഐയുടെ മാത്രം ഉത്തരവാദിത്തമല്ല.
നിയമസഭാ തിരഞ്ഞെടുപ്പില് പാര്ട്ടി ഒറ്റയ്ക്ക് മല്സരിക്കുമെന്നും 111 മണ്ഡലങ്ങളില് സ്ഥാനാര്ഥി നിര്ണയം പൂര്ത്തിയായതായും സിപിഎ ലത്തീഫ് പറഞ്ഞു. സ്ഥാനാര്ഥി പട്ടിക അംഗീകാരത്തിനായി ദേശീയ കമ്മിറ്റിക്ക് സമര്ച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല് ഉടന് ആദ്യഘട്ട സ്ഥാനാര്ഥി പട്ടിക പ്രഖ്യാപിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഇക്കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില് സംസ്ഥാനത്ത് പത്ത് ശതമാനത്തില് താഴെ മാത്രം വാര്ഡുകളില് മല്സരിച്ച പാര്ട്ടിക്ക് നാല് ലക്ഷത്തിലധികം വോട്ടുകള് നേടാനായി. സംസ്ഥാനത്തെ 20 നിയമസഭാ മണ്ഡലങ്ങളില് വിജയ പരാജയങ്ങള് തീരുമാനിക്കാനുള്ള വോട്ട് ബാങ്ക് എസ്ഡിപിഐയ്ക്കുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില് വിജയിച്ച് എംപിയായവര് വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പില് മല്സരിക്കാനുള്ള മോഹവുമായി എത്തുന്നത് വോട്ടര്മാരെ അവഹേളിക്കുന്നതാണ്.
ദേശീയ തലത്തില് ബിജപി വിരുദ്ധ പാര്ട്ടികളെ ഉള്ക്കൊള്ളാന് ഇന്ത്യാ മുന്നണിയക്ക് സാധിക്കേണ്ടതുണ്ടെന്നും സിപിഎ ലത്തീഫ് കൂട്ടിച്ചേര്ത്തു. വാര്ത്താ സമ്മേളനത്തില് സംസ്ഥാന ജനറല് സെക്രട്ടറി റോയ് അറയ്ക്കല്, സംസ്ഥാന സെക്രട്ടറി അന്സാരി ഏനാത്ത്, ജില്ലാ പ്രസിഡന്റ് ശിഹാബുദ്ദീന് മന്നാനി എന്നിവരും സംബന്ധിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR