Enter your Email Address to subscribe to our newsletters

Thiruvananthapuram , 15 മാര്ച്ച് (H.S.)
പശ്ചിമേഷ്യന് സംഘര്ഷം രൂക്ഷമായതോടെ ഇന്ധനക്ഷാമവും എണ്ണവിലയും വര്ധിച്ചു. ഇതോടെ അവശ്യ സാധനങ്ങളുടെ വിലയിലും കാര്യമായ മാറ്റങ്ങളുണ്ടായി. എല്പിജി ലഭ്യത കുറഞ്ഞതോടെ സാധാരണക്കാരെയും വ്യാപാരികളെയും ഇത് കാര്യമായി ബാധിച്ചു.
പാചകവാതക ലഭ്യതക്കുറവിനെ തുടര്ന്നു ഭക്ഷണശാലകള് പൂട്ടിയതോടെ ഇറച്ചി വ്യാപാരത്തില് വന് ഇടിവ് ഉണ്ടായി. കോഴി ഇറച്ചിയുടെ വില 15 രൂപ കുറഞ്ഞെങ്കിലും ബീഫ് വില മാറ്റമില്ലാതെ തുടരുകയാണ്. എന്നാല് തിരുവന്തപുരം ചാലയിലെ മിക്ക കടകളിലും ഇറച്ചിയുടെ കച്ചവടത്തില് വലിയ ഇടിവുണ്ടെന്നു വ്യക്തമാക്കി വ്യാപാരികള് രംഗത്ത് വന്നു.
പച്ചക്കറി, മുട്ട എന്നീ സാധനങ്ങളുടെ കച്ചവടവും കുറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില് ഇറച്ചി, പച്ചക്കറി വില്പ്പനയില് 40 ശതമാനത്തോളമാണു കുറവാണുണ്ടായത്. വ്യാപാര സ്ഥാപനങ്ങളില്നിന്നു മൊത്തവിലയ്ക്കു സാധനങ്ങള് വാങ്ങിയിരുന്ന ഭൂരിപക്ഷം ഭക്ഷണശാലകളും കാറ്ററിങ് യൂണിറ്റുകളും പൂട്ടി. ബാക്കിയുള്ള സ്ഥാപനങ്ങള് തിങ്കളാഴ്ചയോടെ അടച്ചുപൂട്ടിയേക്കുമെന്നാണു വ്യാപാരികള് പറയുന്നത്. വീടുകളിലേക്കുള്ള കച്ചവടമാണ് നിലവില് പ്രതിസന്ധിയില്ലാതെ മുന്നോട്ടു പോവുന്നതെന്നും അവര് ഇടിവി ഭാരതിനോടു പറഞ്ഞു.
ഇറച്ചി വ്യാപാരം 40 ശതമാനം കുറഞ്ഞു
നഗരത്തിലെ ഇറച്ചിക്കടകളിലെ വ്യാപാരം 40 ശതമാനത്തോളം കുറഞ്ഞെന്ന് ഇറച്ചി വ്യാപാരിയായ ഷാജഹാന് പറഞ്ഞു. സ്ഥിരമായി ഇറച്ചി വാങ്ങിയിരുന്ന ഭക്ഷണശാലകളില് ഭൂരിഭാഗവും അടച്ചു. ഞായറാഴ്ച രാവിലെ 25 കിലോ ചിക്കന് വേണമെന്ന് ഒരു ഭക്ഷണശാലയില്നിന്ന് ആവശ്യപ്പെട്ടതിനെ തുടര്ന്നു കൊടുത്തയച്ചു. എന്നാല്, അവിടെ എത്തിയപ്പോള് പാചകം ചെയ്യാന് ഇന്ധനമില്ലെന്നു പറഞ്ഞ് അവര് ഇറച്ചി തിരികെ അയച്ചു ഷാജഹാന് വിശദീകരിച്ചു.
കോഴി ഇറച്ചി കിലോയ്ക്ക് 150 രൂപയാണ്. 4000 രൂപയോളമാണ് ഈ ഇനത്തില്മാത്രം നഷ്ടം. ഇനിയും പ്രതിസന്ധി തുടര്ന്നാല്, മറ്റു സ്ഥാപനങ്ങളും തിരിച്ചയക്കുമോയെന്ന് ആശങ്കയുണ്ടെന്നും ഷാജഹാന് പറഞ്ഞു.
ദിവസേനയുള്ള ബീഫ് വില്പ്പനയില് മാത്രം തനിക്കു 30,000 രൂപയുടെ കുറവുണ്ടായെന്ന് ഇറച്ചി വ്യാപാരി അബ്ദുള് അസീസ് പറഞ്ഞു.കഴിഞ്ഞയാഴ്ച വരെ ദിവസേന 1500 കിലോ കോഴി ഇറച്ചി വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോള് 1000 കിലോ കോഴി ഇറച്ചി മാത്രമാണ് വില്ക്കുന്നത്. കോഴി ഇറച്ചി വില്പ്പനയില് ഏകദേശം 60,000 രൂപയുടെ കുറവുണ്ടായെന്നും അബ്ദുള് അസീസ് പറഞ്ഞു.
സംസ്ഥാനത്തു വില്ക്കുന്ന കോഴി ഇറച്ചിയുടെ 80 ശതമാനവും തമിഴ്നാട്ടില്നിന്നാണ് എത്തുന്നത്. തമിഴ്നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്നിന്നുമാണു ബീഫ് എത്തുന്നത്.
പച്ചക്കറി വ്യപാരത്തിനു തിരിച്ചടി
കഴിഞ്ഞ രണ്ടു മൂന്നു ദിവസത്തില് പച്ചക്കറി വ്യാപാരത്തില് 50 ശതമാനം കുറവുണ്ടായെന്ന് പച്ചക്കറി വ്യാപാരി രാജേഷ് പറഞ്ഞു. ഇനിയും പൂട്ടാത്ത ഭക്ഷശാലകളിലേക്കു വാങ്ങുന്ന സാധനങ്ങളുടെ അളവ് വളരെയധികം കുറഞ്ഞു. മുന്പ് മൂന്നു ചാക്ക് സവാള വാങ്ങിയിരുന്നവര് ഇപ്പോള് 15 കിലോ മാത്രമാണു വാങ്ങുന്നത്.
തേങ്ങാ കച്ചവടത്തിലും ഇടിവുണ്ടായി. മുന്പ് ദിവസേന 50,000 രൂപയ്ക്കടുത്ത് കച്ചവടം നടന്നിരുന്ന സ്ഥാപനങ്ങളില് ഇപ്പോള് 20,000 രൂപയ്ക്കടുത്താണു കച്ചവടം നടക്കുന്നത്. പൈനാപ്പിള് കച്ചവടം പകുതിയായി. ഒന്നര ടണ്ണോളം പൈനാപ്പില് ദിവസേന വിറ്റിരുന്ന സ്ഥാപനങ്ങളില് കഴിഞ്ഞ ദിവസങ്ങില് നടന്നത് അര മുതല് മുക്കാല് ടണ് വരെ കച്ചവടമാണ്. കോട്ടയം, തമിഴ്നാട്ടില്നിന്നാണ് പൈനാപ്പിള് എത്തുന്നത്.
ബാംഗ്ലൂരില്നിന്നു കാബേജ്, കാരറ്റ്, തക്കാളി തുടങ്ങിയവയും വെണ്ട മധുരയില് നിന്നും സവാള ആന്ധ്രയില് നിന്നുമാണ് എത്തുന്നത്. കറികള്ക്കായി നാരങ്ങ വാങ്ങുന്നത് ഭക്ഷശാലകള് അവസാനിപ്പിച്ചു. സര്ബത്തടക്കമുള്ള പാനീയങ്ങള്ക്കു മാത്രമാണ് ഇപ്പോള് കച്ചവടക്കാര് നാരങ്ങ വാങ്ങുന്നത്. ഇതോടെ കച്ചവടം നേര്പകുതിയായി. കിലോയ്ക്ക് 130 രൂപയാണ് വില.
മുട്ട കച്ചവടത്തിനും രക്ഷയില്ല
രണ്ടു ദിവസം കൊണ്ട് 750 മുട്ടയുടെ കച്ചവടമാണ് ഒറ്റയടിയ്ക്കു കുറഞ്ഞതെന്നു മുട്ട വ്യാപാരി നാസര് പറഞ്ഞു. രണ്ടാഴ്ച കൊണ്ടു കോഴി മുട്ടയുടെ വില ഏഴില് നിന്നു അഞ്ചു രൂപയായി. താറാമുട്ടയ്ക്കു 13 രൂപയാണ്. തമിഴ്നാട്ടിലെ സേലത്തുനിന്നാണ് സംസ്ഥാനത്തേയക്കു കോഴിമുട്ട എത്തുന്നത്. ആന്ധ്രാപ്രദേശില്നിന്നാണ് താറാമുട്ട എത്തുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR