24 മണിക്കൂറിനകം സ്ഥാനാര്ത്ഥികളെ പ്രഖ്യാപിക്കും; സിപിഎം ദുര്ഭരണത്തിന് അന്ത്യം കുറിക്കും; പ്രതിപക്ഷ നേതാവ്
Kochi, 15 മാര്‍ച്ച് (H.S.) സംസ്ഥാനത്തെ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം മാത്രമെയുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിധിയെഴുതാന്‍ കേരളം കാത്തിരിക്കുകയാണ്. ദുര്‍ഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിലെ ജനങ്ങള്‍ പുതുയുഗ പിറവിയ്ക്ക് തുടക്കമ
V D Satheeshan


Kochi, 15 മാര്‍ച്ച് (H.S.)

സംസ്ഥാനത്തെ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം മാത്രമെയുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിധിയെഴുതാന്‍ കേരളം കാത്തിരിക്കുകയാണ്. ദുര്‍ഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിലെ ജനങ്ങള്‍ പുതുയുഗ പിറവിയ്ക്ക് തുടക്കമിടും. പൂര്‍ണമായ പ്രതീക്ഷയോടും നിറഞ്ഞ ആത്മവിശ്വാസത്തോടും കൂടിയാണ് ടീം യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നൂറിലധികം സീറ്റുകളുമായി കേരളത്തില്‍ ടീം യു.ഡി.എഫ് അധികാരത്തിലേക്ക് തിരിച്ചെത്തും. അഞ്ച് വര്‍ഷത്തിനിടെ നടന്ന എല്ലാ നിയമസഭ ഉപതിരഞ്ഞെടുപ്പുകലിലും അത്യപൂര്‍വമായ പ്രകടനമാണ് യു.ഡി.എഫ് കാഴ്ചവച്ചത്. തൃക്കാക്കരയില്‍ പന്ത്രണ്ടായിരം വോട്ടിന്റെ ഭൂരിപക്ഷം 25000 ആയി വര്‍ധിപ്പിച്ചു. പുതുപ്പള്ളിയില്‍ ഒന്‍പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം മുപ്പത്തി ഏഴായിരമായി വര്‍ധിപ്പിച്ചു. പാലക്കാട് നാലായിരം വോട്ടിന്റെ ഭൂരിപക്ഷം പതിനെണ്ണായിരമായി വര്‍ധിപ്പിച്ചു. ചേലക്കരയില്‍ സി.പി.എമ്മിന് ഉണ്ടായിരന്ന നാല്‍പ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം പന്ത്രണ്ടായിരമായി കുറച്ചു. നിലമ്പൂരില്‍ മൂവായിരം വോട്ടിന് തോറ്റ സ്ഥലത്ത് പതിനൊരായിരത്തില്‍ അധികം വോട്ടിന് ലഭിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 2019നെക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തിന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ 30 വര്‍ഷക്കാലത്തെ ഏറ്റവും വലിയ വിജയമാണ് യു.ഡി.എഫിനുണ്ടായത്. സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ ടീം യു.ഡി.എഫ് കൃത്യമായി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിന്റെ പ്രതികരണം ജനങ്ങളില്‍ നിന്നുണ്ടാകും. എവിടെയൊക്കെ സര്‍ക്കാര്‍ പരാജയപ്പെട്ടോ അവിടെയൊക്കെ കേരളത്തെ കൈ പിടിച്ച് എഴുന്നേല്‍പ്പിക്കാനുള്ള പദ്ധതികളും പരിപാടികളുമായാണ് യു.ഡി.എഫ് മുന്നോട്ട് വരുന്നത്.

കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ഖജനാവില്‍ നിന്നും സാധാരണക്കാരന്റെ പണം എടുത്ത് തിരഞ്ഞെടുപ്പ് പ്രചരണമാണ് സംസ്ഥാനത്ത് നടന്നത്. കേരളം സമ്പത്തിക പ്രതിസന്ധിയില്‍ കൂപ്പു കുത്തുമ്പോഴും ജനങ്ങളുടെ പണം എടുത്ത് കോടികളുടെ പരസ്യം നല്‍കിയ കാലം കേരളത്തിലുണ്ടായിട്ടില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അതിന് അന്ത്യമായിരിക്കുകയാണ്. ഇതെല്ലാം ചോദ്യം ചെയ്യപ്പെടും. കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയ സര്‍ക്കാരിനെതിരായ ജനങ്ങളുടെ അതിശക്തമായ പ്രതികരണവും യു.ഡി.എഫിനെ കുറിച്ചുള്ള പ്രതീക്ഷയുമായും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക.

24 മണിക്കൂറിനകം യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. ഗ്രൂപ്പിന്റെ പേരില്‍ സീറ്റ് വീതം വയ്ക്കുന്ന കാലം അസ്തമിച്ചു. ഒരു ജില്ലയിലും ഗ്രൂപ്പുകളുടെ പേരില്‍ സീറ്റ് വീതംവച്ചിട്ടില്ല. നേതാക്കള്‍ കൂടിയാലോചന നടത്തി വിജയസാധ്യത പരിഗണിച്ചാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത്. ഏത് സമയത്ത് തിരഞ്ഞെടുപ്പ് നേരിടാനും യു.ഡി.എഫ് തയാറാണ്. മിഷന്‍ 26 ന്റെ ഭാഗമായി നൂറിലധികം സീറ്റുകളാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. മിഷന്‍ 25 ന്റെ ഭാഗമായി നാല് കോര്‍പറേഷനുകളും ഏഴ് ജില്ലാ പഞ്ചായത്തുകള്‍ ഉറപ്പാണെന്നും രണ്ടെണ്ണം കൂടി കിട്ടാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു. ജില്ലാ പഞ്ചായത്തില്‍ ഒരെണ്ണം ഒരു സീറ്റിനും രണ്ടാമത്തേത് രണ്ട് സീറ്റിനുമാണ് നഷ്ടമായത്. 60 ശതമാനത്തില്‍ ഏറെ മുന്‍സിപ്പാലിറ്റികള്‍ ഉണ്ടാകുമെന്ന് പറഞ്ഞതില്‍ 64 ശതമാനം മുന്‍സിപ്പാലിറ്റികള്‍ കിട്ടി. 55 ശതമാനം പഞ്ചായത്തുകള്‍ ലഭിക്കുമെന്ന് പറഞ്ഞതില്‍ 59 ശതമാനം പഞ്ചായത്തുകളും ലഭിച്ചു. യു.ഡി.എഫിന്റെ എല്ലാ പ്രവചനങ്ങള്‍ ശരിയായിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റ് നേടി അധികാരത്തില്‍ എത്തുമെന്നതാണ് യു.ഡി.എഫിന്റെ പ്രവചനം.

എം.എല്‍.എമാര്‍ പോപ്പുലര്‍ ആണെന്ന നറേറ്റീവ് ഉണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. എം.എല്‍.എമാര്‍ പോപ്പുലറായിട്ട് കാര്യമില്ല. രാഷ്ട്രീയ സാഹചര്യമാണ് വിജയം നിര്‍ണയിക്കുന്നത്. ഓരോരുത്തരുടെയും സൗകര്യത്തിനു വേണ്ടിയാണ് ഇത്തരം നറേറ്റീവുകള്‍ ഉണ്ടാക്കുന്നത്. അങ്ങനെയങ്കില്‍ 2006-ല്‍ ജയിച്ച പല സി.പി.എം എം.എല്‍.എമാരും 2011 ല്‍ വിജയിച്ചില്ല. അന്ന് യു.ഡി.എഫിനായിരുന്നു ഭൂരിപക്ഷം. രാഷ്ട്രീയ ചരിത്രം ശ്രദ്ധിക്കാതെയാണ് ഇത്തരം നറേറ്റീവുകള്‍ പറയുന്നത്. യു.ഡി.എഫിന്റെ സംഘടനാ സംവിധാനം ഏറ്റവും ശക്തമായ മണ്ഡലങ്ങളില്‍ ഒന്നാണ് പറവൂര്‍. പരമാവധി എല്ലാ മണ്ഡലങ്ങളിലും എത്തും. നാലു മാസത്തിനിടെ മൂന്നു തവണ എല്ല നിയോജക മണ്ഡലങ്ങളിലും പോയിട്ടുണ്ട്.

സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിയ പ്രഖ്യാപനങ്ങളൊന്നും അവര്‍ക്ക് നടപ്പാക്കേണ്ടി വരില്ല. പത്ത് വര്‍ഷം അധികാരത്തില്‍ ഇരുന്നിട്ടും ഒന്നും ചെയ്യാതെ ഇപ്പോള്‍ പ്രഖ്യാപനം നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണ്. പത്ത് വര്‍ഷം അധികാരത്തില്‍ ഇരുന്നപ്പോള്‍ ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ പോകുന്ന പോക്കില്‍ കൂടിയ മന്ത്രസഭായോഗത്തില്‍ തീരുമാനിക്കുന്നതിന് എന്തു വിലയാണുള്ളത്? ഒരു ലക്ഷം കോടി രൂപയാണ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷക്കാര്‍ക്കും നല്‍കാനുണ്ട്. എന്നിട്ടാണ് അതെല്ലാം അടുത്ത സാമ്പത്തിക വര്‍ഷം നല്‍കുമെന്ന ഉത്തരവ് ഇറക്കിയത്. അടുത്ത സാമ്പത്തിക വര്‍ഷം അത് നല്‍കേണ്ടത് യു.ഡി.എഫാണെന്ന് എല്‍.ഡി.എഫിന് നന്നായി അറിയാം. പിന്‍വാതില്‍ നിയമനങ്ങളെല്ലാം യു.ഡി.എഫ് സര്‍ക്കാര്‍ റദ്ദാക്കും. പി.എസ്.സി റാങ്ക് പട്ടികയില്‍ ഒന്നാം റാങ്ക് ലഭിച്ചവര്‍ക്കു പോലും നിയമനമില്ല. സംവരണം പോലും പാലിക്കാതെയാണ് പിന്‍വാതില്‍ നിയമനം നടത്തയത്.സര്‍ക്കാരിന്റെ പണം എടുത്ത് തിരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ കൂട്ടു നിന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മറുപടി പറയേണ്ടി വരുമെന്നും സതീശന്‍ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News