കെ. സുധാകരന്റെ സ്ഥാനാർത്ഥിത്വം: ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി വി.ഡി. സതീശൻ; ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് വിശദീകരണം
Trivandrum, 15 മാര്ച്ച് (H.S.) തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കണ്ണൂരിൽ താൻ സ്ഥാനാർത്ഥിയാകുമെന്ന് സുധാക
കെ. സുധാകരന്റെ സ്ഥാനാർത്ഥിത്വം: ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി വി.ഡി. സതീശൻ; ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് വിശദീകരണം


Trivandrum, 15 മാര്ച്ച് (H.S.)

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കണ്ണൂരിൽ താൻ സ്ഥാനാർത്ഥിയാകുമെന്ന് സുധാകരൻ തന്നെ പ്രഖ്യാപിച്ച സാഹചര്യത്തിൽ മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങൾക്കാണ് സതീശൻ മറുപടി നൽകാതെ ഒഴിഞ്ഞുമാറിയത്. ഇക്കാര്യത്തിൽ തനിക്ക് പറയാനുള്ളതെല്ലാം നേരത്തെ തന്നെ പറഞ്ഞു കഴിഞ്ഞതാണെന്നും കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എം.പിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡ് ആണ്. ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം എല്ലാവർക്കും ബാധകമായിരിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു. നേരത്തെ തന്നെ കെ. സുധാകരന്റെ സ്ഥാനാർത്ഥിത്വ പ്രഖ്യാപനത്തിൽ പാർട്ടിയിൽ ഭിന്നസ്വരങ്ങൾ ഉയർന്നിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടൻ യു.ഡി.എഫ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലേക്ക് കടക്കും. മുസ്ലീം ലീഗുമായി നിലവിൽ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലെന്നും മുന്നണി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും സതീശൻ പറഞ്ഞു.

അമ്പലപ്പുഴയിലെ സ്ഥാനാർത്ഥിത്വം: കെ.സി. വേണുഗോപാലിന്റെ മറുപടി

അതേസമയം, അമ്പലപ്പുഴ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചോദ്യങ്ങളോട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ജാഗ്രതയോടെയാണ് പ്രതികരിച്ചത്. അമ്പലപ്പുഴയിൽ യു.ഡി.എഫിന് ശക്തനായ സ്ഥാനാർത്ഥിയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. എന്നാൽ അത് നിലവിൽ സി.പി.എം വിട്ടു വരുമെന്ന് അഭ്യൂഹങ്ങളുള്ള ജി. സുധാകരനാണോ എന്ന ചോദ്യത്തിന്, ഞാൻ ജ്യോത്സ്യനല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസരൂപേണയുള്ള മറുപടി.

ജി. സുധാകരന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും രാഷ്ട്രീയ കാര്യങ്ങൾ എല്ലാം തന്നെ മാധ്യമങ്ങളോട് തുറന്നു പറയാൻ കഴിയില്ലെന്നും വേണുഗോപാൽ വ്യക്തമാക്കി. ജി. സുധാകരന്റെ ആഗ്രഹങ്ങൾ യു.ഡി.എഫിന്റേതല്ലെന്നും എന്നാൽ തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിണറായിക്ക് മൂന്നാം ഊഴം ചിന്തിക്കാനാകില്ല

സംസ്ഥാന സർക്കാരിനെതിരെയും രൂക്ഷമായ വിമർശനമാണ് കെ.സി. വേണുഗോപാൽ ഉയർത്തിയത്. പിണറായി വിജയന്റെ നേതൃത്വത്തിൽ ഒരു മൂന്നാം സർക്കാർ എന്നത് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർക്ക് പോലും ചിന്തിക്കാൻ കഴിയാത്ത കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണവിരുദ്ധ വികാരം ശക്തമാണെന്നും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടു.

കെ. സുധാകരൻ ദില്ലിയിൽ എത്തി ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തുമെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാനാർത്ഥിത്വത്തിൽ ആഗ്രഹം പ്രകടിപ്പിക്കുന്നത് തെറ്റല്ലെന്നും എന്നാൽ അന്തിമ തീരുമാനം പാർട്ടിയുടേതായിരിക്കുമെന്നുമാണ് ചെന്നിത്തലയുടെ പക്ഷം. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി യു.ഡി.എഫ് മുന്നോട്ട് പോകുമ്പോഴും, എം.പിമാരുടെ സ്ഥാനാർത്ഥിത്വം പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴി വെക്കുമെന്ന് ഉറപ്പാണ്.

---------------

Hindusthan Samachar / Roshith K


Latest News