എസ്എൻഡിപി യോഗം കേസസിൽ അപ്പിലുമായി വെള്ളാപ്പള്ളി; സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കോടതിയെ സമീപിച്ചു
Kochi, 16 മാര്‍ച്ച് (H.S.) എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശൻ അപ്പീലുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാരപരിധിക്ക് പുറത്തുള്ളതുമാണെന്ന് വെള്ളാപ്പള
Vellapally Natesan


Kochi, 16 മാര്‍ച്ച് (H.S.)

എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശൻ അപ്പീലുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാരപരിധിക്ക് പുറത്തുള്ളതുമാണെന്ന് വെള്ളാപ്പള്ളി പറയുന്നു. വെള്ളാപ്പള്ളിയുടെ ഹർജി നാളെ പരിഗണിച്ചേക്കും. കമ്പനി നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി വെള്ളാപ്പള്ളി അടക്കമുള്ള ഡയറക്ടർമാർ അയോഗ്യരാണെന്ന് ജസ്റ്റിസ് ടി.ആർ.രവി കഴിഞ്ഞ ദിവസമാണ് വിധി പറഞ്ഞത്. എസ്എൻഡിപി യോഗത്തിന്റെ താൽകാലിക ചുമതലയ്ക്കായി ഡയറക്ടർമാരെ നിയമിക്കാനും കോടതി സർക്കാരിനു നിർദേശം നൽകിയിരുന്നു. യോഗം ഡയറക്ടർമാരുടെ അയോഗ്യത സംബന്ധിച്ച് ഇൻസ്‌പെക്ടർ ജനറൽ ഓഫ് റജിസ്‌ട്രേഷൻ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കുന്നുവെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

എന്നാൽ സിംഗിൾ ബെഞ്ച് അധികാരപരിധിക്ക് പുറത്തുള്ള വിഷയങ്ങളാണ് പരിഗണിച്ചത് എന്നു ചൂണ്ടിക്കാട്ടി അപ്പീൽ നല്‍കുകയായിരുന്നു. കമ്പനി നിയമപ്രകാരമുള്ള തർക്കങ്ങൾ പരിഹരിക്കേണ്ടത് നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിലാണ്. അതിൽ സിവിൽ കോടതികൾക്കോ ഹൈക്കോടതിക്കോ ഇടപെടാൻ അധികാരമില്ലെന്നും അപ്പീലിൽ പറയുന്നു. യോഗത്തിന്റെ വാർഷിക റിട്ടേണുകൾ സമർപ്പിച്ചിട്ടുണ്ട്. ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ (ഡിൻ) സംസ്ഥാന സർക്കാർ ഇതുവരെ ചട്ടങ്ങൾ രൂപീകരിച്ചിട്ടില്ല. ഇതിന്റെ പേരിൽ ഡയറക്ടർമാരെ അയോഗ്യരാക്കിയത് നിയമവിരുദ്ധമാണെന്നും അപ്പീലിൽ പറയുന്നു. ഹർജിയിൽ വാദം പൂർത്തിയായി പതിനാല് മാസത്തോളം വിധി പറയാതെ മാറ്റിവച്ചെന്നും ഈ കാലതാമസം നീതിന്യായ വ്യവസ്ഥയുടെ ലംഘനമാണെന്നും വെള്ളാപ്പള്ളി അപ്പീലിൽ പറയുന്നു.

എസ്എൻഡിപി യോഗത്തിന്റെ ഭരണം അഡ്മിനിസ്ട്രേറ്ററെ അല്ലെങ്കിൽ റിസീവറെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അന്തരിച്ച എഴുത്തുകാരൻ എം.കെ.സാനു ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. കമ്പനി നിയമപ്രകാരം റജിസ്റ്റർ ചെയ്തിട്ടുള്ള എസ്എൻഡിപി യോഗം, 2014-15 മുതൽ 3 വർഷം വാർഷിക കണക്കുകൾ സമർപ്പിച്ചിട്ടില്ലെന്നും ഇത് കടുത്ത നിയമലംഘനമാണെന്നും സിംഗിൾ ബെഞ്ച് ഉത്തരവിൽ പറയുന്നു. പിഴയടച്ച് പിന്നീട് കണക്കുകൾ സമർപ്പിച്ചിരുന്നുവെങ്കിലും ഡയറക്ടർമാർക്ക് ലഭിച്ച അയോഗ്യത ഇതിലൂടെ ഇല്ലാതാകില്ല. അയോഗ്യത വന്നതിന് ശേഷവും ഇവർ തൽസ്ഥാനത്ത് തുടർന്നുവെന്നും ഇത് നിയമവിരുദ്ധമാണെന്നുമായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്.

സംസ്ഥാന സർക്കാർ നൽകുന്ന ഡിൻ ഇല്ലാത്ത ആർക്കും എസ്എൻഡിപി യോഗം ഡയറക്ടർമാരായി തുടരാനോ വീണ്ടും നിയമിക്കപ്പെടാനോ അർഹതയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് എസ്‍എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് ഡോ. എം.എൻ.സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയ്ക്കണ്ടി സന്തോഷ് എന്നിവർക്ക് കോടതി അയോഗ്യത പ്രഖ്യാപിച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News