Enter your Email Address to subscribe to our newsletters

Kochi, 16 മാര്‍ച്ച് (H.S.)
നിയമസഭ തിരഞ്ഞെടുപ്പിൽ 3 മണ്ഡലങ്ങളിൽ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വന്റി20. തൃക്കാക്കരയിൽ അഖിൽ മാരാർ സ്ഥാനാർഥിയാകും. തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയുമാണ് സ്ഥാനാർഥികൾ. അടൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ബാബു ദിവാകരൻ കുന്നത്തുനാട്ടിൽ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബാണ് പ്രഖ്യാപനം നടത്തിയത്.
നഗര കേന്ദ്രീകൃതമായ മണ്ഡലമായ തൃക്കാക്കര വര്‍ഷങ്ങളായി കോണ്‍ഗ്രസാണ് കൈവശം വച്ചിരിക്കുന്നത്. അഖില്‍ മാരാരിലൂടെ എന്‍ഡിഎ മണ്ഡലം പിടിച്ചെടുക്കുമെന്ന് സാബു എം. ജേക്കബ് പറഞ്ഞു. ട്വന്റി20 പാര്‍ട്ടിയുടെ മുഴുവന്‍ സ്ഥാനാർഥി നിർണയവും പൂര്‍ത്തിയായെന്നും അടുത്ത ദിവസം പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കാസർകോട് ജില്ലയിലെ തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥിയായ രവി കുളങ്ങര എന്‍സിപി അജിത്ത് പവാര്‍ വിഭാഗം കാസർകോട് ജില്ലാ മുന്‍ പ്രസിഡന്റും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമ സഭ മണ്ഡലത്തിലെ സ്ഥാനാർഥി സണ്ണി തോമസ്, ശരത് പവാര്‍ എന്‍സിപി പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ യുവജന വിഭാഗത്തിന്റെ സംഘടന ചുമതലയുണ്ടായിരുന്ന ദേശീയ നേതാവായിരുന്നു. നിലവില്‍ ട്വന്റി20 പാര്‍ട്ടിയുടെ മലബാര്‍ മേഖല കോര്‍ഡിനേറ്ററാണ്.
---------------
Hindusthan Samachar / Sreejith S