Enter your Email Address to subscribe to our newsletters

Thrissur, 16 മാര്‍ച്ച് (H.S.)
നാട്ടിക എംഎല്‍ സ.സി. മുകുന്ദന്‍ ബിജെപിയില് ചേര്‍ന്നു. തൃശ്ശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ നമോ ഭവനിലെത്തി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ബിജെപി നേതാക്കള്‍ക്കൊപ്പമാണ് അദ്ദേഹം നമോ ഓഫീസില്‍ എത്തിയത്. നാട്ടികയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മുകുന്ദന്‍ മത്സരിക്കും.
സിപിഐ പുറത്താക്കിയതിനു പിന്നാലെ കോണ്‍ഗ്രസ് പിന്തുണയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ അദ്ദേഹം നീക്കം നടത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് ഉറപ്പ് കിട്ടാതെ വന്നതോടെയാണ് ബിജെപിക്കൊപ്പം ചേരുകയായിരുന്നു.
നാട്ടികയില്‍ സി.സി. മുകുന്ദന് പകരം മുന്‍ എംഎല്‍എ ഗീതാ ഗോപിയെ സിപിഐ സ്ഥാനാര്‍ഥിയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സി.സി. മുകുന്ദന്‍ ഇടഞ്ഞത്. ഗീതാ ഗോപിയുടേത് പേയ്‌മെന്റ് സീറ്റ് ആണ് എന്ന് വിമര്‍ശിച്ച മുകുന്ദന്‍, പണം പിരിച്ചു നല്‍കാന്‍ കഴിയാത്തതിനാലാണ് തന്നെ ഒഴിവാക്കിയതെന്നും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത്.
സിപിഐ സംസ്ഥാന നേതൃത്വമാണ് നാട്ടികയില്‍ ഗീതാ ഗോപിയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. പ്രദേശിക തലത്തില്‍ മുകുന്ദനോട് എതിര്‍പ്പുണ്ടായിരുന്നു. സിറ്റിങ് എംഎല്‍എ സി.സി.മുകുന്ദനെ വീണ്ടും പരിഗണിക്കുന്നതിലെ എതിര്‍പ്പ് നാട്ടിക, ചേര്‍പ്പ് കമ്മിറ്റികള്‍ ഉന്നയിക്കുകയും തൃശൂര്‍ ജില്ലാഘടകം അതിനോടു യോജിക്കുകയും ചെയ്തിരുന്നു. ഒരുതവണ മാത്രമാണ് അദ്ദേഹത്തിന് അവസരം നല്‍കിയത് എന്ന മറുവാദവും ഉണ്ടായി.
തുടര്‍ന്ന് തൃശൂരില്‍ നിന്നുള്ള സംസ്ഥാന നിര്‍വാഹകസമിതി അംഗങ്ങള്‍ പ്രത്യേകമായി കൂടിയാലോചിച്ചാണ് മുകുന്ദനെ ഒഴിവാക്കി ഗീതാ ഗോപിയെ ഉറപ്പിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 28,431 വോട്ടിനാണ് സി.സി.മുകുന്ദന്‍ കോണ്‍ഗ്രസിലെ സുനില്‍ ലാലൂരിനെ തോല്‍പിച്ചത്. ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ചത് 33,716 വോട്ടാണ്. സിപിഐ വോട്ടുകള്‍ കൂടി സമാഹരിക്കാന്‍ കഴിഞ്ഞാല്‍ വിജയിക്കാന്‍ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷ. ഒരു ടേം മാത്രം മത്സരിച്ച മറ്റ് എംഎല്‍എമാര്‍ക്ക് പാര്‍ട്ടി വീണ്ടും അവസരം നല്‍കിയപ്പോള്‍ സി.സി മുകുന്ദനേയും തൃശൂര്‍ എംഎല്‍എ പി.ബാലചന്ദ്രനേയുമാണ് സിപിഐ ഇത്തവണ ഒഴിവാക്കിയത്.
---------------
Hindusthan Samachar / Sreejith S