Enter your Email Address to subscribe to our newsletters

Kannur, 16 മാര്‍ച്ച് (H.S.)
തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ പേരില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി. സംസ്ഥാന സെക്രട്ടറിയും നിലവിലെ എംഎല്‍എയുമായ എംവി ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതിലാണ് എതിര്‍പ്പ് ഉയരുന്നത്. സിപിഎം തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. ഗോവിന്ദന്‍ പാര്‍ട്ടിവിട്ടു.
മൂന്നുതവണ എംഎല്‍എ ആയിരുന്നിട്ട് നാലാമത്തെ തവണ ആ കസേരയിലേക്ക് ഭാര്യയെ പിടിച്ചിരുത്തുന്ന നയത്തോട് തനിക്ക് യോജിക്കാനാവില്ലെന്ന് പാര്‍ട്ടിയോഗത്തില്‍ പങ്കെടുക്കവേ എം.വി. ഗോവിന്ദനോട് തന്നെ താന്‍ നേരിട്ടു പറഞ്ഞിരുന്നെന്ന് കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ ടികെ ഗോവിന്ദന്‍ പറഞ്ഞു. രണ്ട് ടേം ആയാല്‍ പിന്നെ മത്സരിക്കാന്‍ പാടില്ലെന്നാണ് പാര്‍ട്ടി നയം. മൂന്ന് ടേം എംഎല്‍എ ആയിട്ട് നാലാം ടേം എന്റെ ഭാര്യക്ക് കൊടുക്കണം. അതിന്റെ അര്‍ഥമെന്താണ്, നാലാമതും താന്‍ ആയിരിക്കണം. പക്ഷേ ഇപ്പോള്‍ സെക്രട്ടറി ആയതിനാല്‍ അത് നടക്കില്ല എന്നതുകൊണ്ട് ഭാര്യയെ അവിടെ എംഎല്‍എ ആക്കാന്‍ ശ്രമം നടക്കുന്നു. താന്‍ അതിനെ എതിര്‍ത്തു- എം.വി. ഗോവിന്ദനെ ഉന്നമിട്ട് ടി.കെ. ഗോവിന്ദന്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ചില പ്രവണതകള്‍ ഇപ്പോള്‍ കാണുകയാണ്. അതിനെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. ചില കാര്യങ്ങളില്‍ ശക്തമായി വിമര്‍ശനം നടത്തിയിട്ടുണ്ട്. അതിന്റെ ദോഷവുമുണ്ടായിട്ടുണ്ട്. ദോഷവും ഗുണവുമൊന്നും നോക്കിയിട്ടല്ല ചെയ്യുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയം വന്നപ്പോള്‍, പാര്‍ട്ടിയുടെ ഒരു സംഘടനാരീതിക്കും നിരക്കാത്ത ഒരു മൊറാലിറ്റിക്കും ചേരാത്ത തീരുമാനമാണ് വന്നത്.
സംഘടനാരീതി പ്രകാരം സ്ഥാനാര്‍ഥി ലിസ്റ്റ് ആദ്യം ചര്‍ച്ച ചെയ്യുന്നത് ജില്ലാ സെക്രട്ടേറിയറ്റാണ്. കണ്ണൂരില്‍ ഒരു സ്ത്രീയെ മത്സരിപ്പിക്കണം, അത് തളിപ്പറമ്പിലായിരിക്കണം, അത് പി.കെ. ശ്യാമള ആയിരിക്കണം- ഇത് ജില്ലാ സെക്രട്ടറി വെച്ച നിര്‍ദേശമാണ്. പയ്യന്നൂരിലെത്തിയപ്പോള്‍ അവിടെ മത്സരിക്കേണ്ടത് മധുസൂദനനായിരിക്കണം എന്നും നിര്‍ദേശം വെച്ചു. ഈ രണ്ട് നിര്‍ദേശത്തോടും കടുത്ത എതിര്‍പ്പ് സെക്രട്ടേറിയറ്റിന് അകത്തുവന്നു. മധുസൂദനന്‍ മോശക്കാരന്‍ ആയതുകൊണ്ടല്ല. അദ്ദേഹത്തെക്കുറിച്ച് ധാരാളം ആരോപണം ഉയരുകയും പാര്‍ട്ടി അത് അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷിച്ച സമയത്ത് അതില്‍ എന്തെങ്കിലും കാതലുണ്ടെന്ന് പാര്‍ട്ടി കണ്ടെത്തിയിട്ടില്ല. പക്ഷേ ആരോപണം ഉന്നയിച്ച കുഞ്ഞികൃഷ്ണന്‍ പറയുന്നു, പാര്‍ട്ടിയുടെ കണ്ടെത്തല്‍ ശരിയല്ലെന്ന്. ഈ തര്‍ക്കം പൊതുവേ നോക്കിയാല്‍ പയ്യന്നൂരിലെ പാര്‍ട്ടിയിലും ആളുകള്‍ക്കിടയിലും കുഞ്ഞികൃഷ്ണന്‍ പറയുന്ന കണക്കിലാണ് വിശ്വാസം. പാര്‍ട്ടിവെച്ച കണക്കിലല്ല. ആ ബോധ്യക്കുറവ് ജനങ്ങളിലും പാര്‍ട്ടിയിലുമുണ്ട്. ഈ സാഹചര്യത്തില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ജനങ്ങളെ പൂര്‍ണമായും വിശ്വസിപ്പിക്കാന്‍ പറ്റാത്ത ഒരാള്‍ സ്ഥാനാര്‍ഥിയാക്കുന്നത് ശരിയല്ലെന്ന അഭിപ്രായം ജില്ലാ സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നുവന്നു.
തളിപ്പറമ്പിലെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ചും എതിര്‍പ്പുയര്‍ന്നു. സ്ത്രീയെ മത്സരിപ്പിക്കണമെന്ന് തീരുമാനിച്ചല്ലോ. എന്നാല്‍ എന്തുകൊണ്ട് സുകന്യ ആയിക്കൂടാ?. സുകന്യ ആവട്ടേ എന്ന അഭിപ്രായവും ഉയര്‍ന്നു. തന്റെ നിലപാട് താനും പറഞ്ഞു. അഭിപ്രായം അതേപടി മേല്‍കമ്മിറ്റിയില്‍ അറിയിക്കാമെന്നും വെവ്വേറെ രേഖപ്പെടുത്തേണ്ടതില്ലെന്ന് എംവി ജയരാജന്‍ പറഞ്ഞു. ഒരാളെ സ്ഥാനാര്‍ഥിയാക്കി കൊണ്ടുവരാന്‍ എത്രമാത്രം ആസൂത്രിതമായാണ് ശ്രമിച്ചിട്ടുള്ളത് എന്ന് ഇതിന് പിന്നിലെ മുഴുവന്‍ കഥയും പറയുമ്പോള്‍ മനസ്സിലാകും. തളിപ്പറമ്പ് മണ്ഡലത്തില്‍ പികെ ശ്യാമളയുടെ പേര് മാത്രമാണ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പോയത്. ഒരു പേരുമാത്രം എത്തിയതോടെ അത് അംഗീകരിക്കപ്പെട്ടു. അത് തിരിച്ച് ജില്ലാ സെക്രട്ടേറിയറ്റില്‍വന്നു. പിന്നീട് ജില്ലാ കമ്മിറ്റിയില്‍ വന്നു. തളിപ്പറമ്പ് മണ്ഡലത്തിന്റെ ചുമതല പി. ജയരാജനെയും എം.വി. ജയരാജനെയും തന്നെയും ചുമതലക്കാരാക്കി. ചുമതലക്കാരെ തടഞ്ഞ് വഴി നടക്കാന്‍ സാധിക്കില്ല അതുകൊണ്ട് തന്റെ ആവശ്യമില്ലെന്ന് പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം തിരഞ്ഞെടുപ്പ് ചുമതല താന്‍ വഹിച്ചിരുന്നു. എം.വി. ഗോവിന്ദന്‍ ആ യോഗത്തിലുണ്ടായിരുന്നു. ഈ നയത്തോട് തനിക്ക് യോജിപ്പില്ലെന്ന് അദ്ദേഹത്തോട് തന്നെ പറഞ്ഞു.
തളിപ്പറമ്പ് സ്ഥാനാര്‍ഥിത്വത്തില്‍ ജില്ലാ കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. താന്‍ ആയിരുന്നു അധ്യക്ഷന്‍. മണ്ഡലം കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മൂന്നുപേരൊഴികെ മുഴുവന്‍പേരും വിമര്‍ശനം ഉന്നയിച്ചു. ഇന്നുവരെ ഇത്രയും രൂക്ഷ വിമര്‍ശനം നേതാക്കളെ ഇരുത്തിയുണ്ടായിട്ടില്ല. അവസാനം ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം കേട്ടെങ്കിലും സ്ഥാനാര്‍ഥി മാറേണ്ടതായിരുന്നു. അങ്ങനെ എല്ലാവരും പ്രതീക്ഷിച്ചിരുന്നു. കാരണം അപകടമാണ്. തളിപ്പറമ്പ് തോല്‍ക്കുകയാണ്. അതൊന്നും അംഗീകരിച്ചില്ല. എന്നാല്‍ ഒരു പുനഃപരിശോധനയും ഉണ്ടായില്ല. അതോടെ ഇനി ഈ പാര്‍ട്ടിയില്‍ നില്‍ക്കാന്‍ തനിക്ക് സാധിക്കില്ല എന്ന് പറഞ്ഞു. പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞെന്ന്, ടി.കെ. ഗോവിന്ദന്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S