Enter your Email Address to subscribe to our newsletters

Kozhikode, 16 മാര്ച്ച് (H.S.)
കോഴിക്കോട്: സംസ്ഥാനത്ത് കമേഴ്സ്യൽ എൽപിജി (വാണിജ്യ പാചകവാതകം) സിലിണ്ടറുകളുടെ ലഭ്യതയിലുണ്ടായ കടുത്ത കുറവ് കോഴിക്കോട് നഗരത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങളെ നിശ്ചലമാക്കുന്നു. അനാഥർക്കും തെരുവിൽ കഴിയുന്നവർക്കും സൗജന്യമായി ഭക്ഷണം നൽകി വന്നിരുന്ന സംഘടനകളാണ് സിലിണ്ടർ കിട്ടാത്തതുമൂലം പ്രവർത്തനം നിർത്തിവയ്ക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തിരിക്കുന്നത്. ഹോട്ടലുകളെയും ചെറുകിട കച്ചവടക്കാരെയും മാത്രമല്ല, പാവപ്പെട്ടവരുടെ വിശപ്പടക്കിയിരുന്ന 'സമൂഹ അടുക്കളകളെ'യും പാചകവാതക ക്ഷാമം സാരമായി ബാധിച്ചിരിക്കുകയാണ്.
ജനം ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനം നിർത്തി
കോഴിക്കോട് ബീച്ച് പരിസരത്തുള്ള ഭിന്നശേഷിക്കാരുടെ വീടുകളിൽ ഭക്ഷണമെത്തിച്ചിരുന്ന 'ജനം ചാരിറ്റബിൾ ട്രസ്റ്റ്' കഴിഞ്ഞ നാല് ദിവസമായി ഭക്ഷണ വിതരണം നിർത്തിവച്ചിരിക്കുകയാണ്. 60-ഓളം കുടുംബങ്ങളിലായിരുന്നു ഇവർ സ്ഥിരമായി ഭക്ഷണം എത്തിച്ചിരുന്നത്. നേരത്തെ കുടുംബശ്രീ വഴി പൊതിച്ചോറ് വാങ്ങി വിതരണം ചെയ്തിരുന്നെങ്കിലും പാചകവാതക ക്ഷാമം മൂലം കുടുംബശ്രീ യൂണിറ്റുകളും പ്രവർത്തനം നിർത്തിയതോടെ ട്രസ്റ്റ് വലിയ പ്രതിസന്ധിയിലായി. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിവന്നിരുന്ന ഭക്ഷണ വിതരണവും നിലവിൽ മുടങ്ങിയിരിക്കുകയാണ്.
രോഗികൾക്ക് കഞ്ഞി നൽകാൻ പാടുപെട്ട് ഡോ. പൽപു ട്രസ്റ്റ്
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും രാവിലെ സൗജന്യമായി കഞ്ഞി വിതരണം ചെയ്യുന്ന 'ഡോ. പൽപു ചാരിറ്റബിൾ ട്രസ്റ്റും' സമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രതിദിനം 400 പേർക്കെങ്കിലും ഇവർ കഞ്ഞി നൽകുന്നുണ്ട്. കമേഴ്സ്യൽ സിലിണ്ടറുകൾ ലഭിക്കാത്തതിനെത്തുടർന്ന്, സംഘടനയിലെ അംഗങ്ങളുടെയും മറ്റും വീടുകളിലെ ഗാർഹിക സിലിണ്ടറുകൾ ഉപയോഗിച്ചാണ് നിലവിൽ പാചകം നടക്കുന്നത്. എന്നാൽ ഈ രീതി ദീർഘകാലം തുടരാനാകില്ലെന്ന ആശങ്കയിലാണ് ഭാരവാഹികൾ. നാല് വർഷമായി മുടങ്ങാതെ നടത്തിവന്നിരുന്ന സേവനമാണിത്.
ബദൽ മാർഗ്ഗങ്ങൾ തേടി സന്നദ്ധ പ്രവർത്തകർ
പാചകവാതക ക്ഷാമം എത്രനാൾ നീണ്ടുനിൽക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ ബദൽ മാർഗ്ഗങ്ങൾ തേടുകയാണ് സംഘടനകൾ. സിലിണ്ടറുകൾക്കായി കാത്തുനിൽക്കാതെ വിറകടുപ്പുകൾ ഉപയോഗിച്ച് വീണ്ടും 'സമൂഹ അടുക്കളകൾ' ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് ജനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റാഫി പുതിയകടവ് പറഞ്ഞു. വിറക് ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും വിശക്കുന്നവർക്ക് മുന്നിൽ വാതിലടയ്ക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഇവർ.
ഹോട്ടലുകൾക്കും പൂട്ടുവീഴുന്നു
നഗരത്തിലെ പല പ്രമുഖ ഹോട്ടലുകളും ബർഗർ ഷോപ്പുകളും പാചകവാതക ക്ഷാമത്തെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ അടച്ചിട്ടിരുന്നു. കോഴിക്കോട് ബീച്ച് റോഡിലെ പല സ്ഥാപനങ്ങളും ഇതിനോടകം തന്നെ ബോർഡുകൾ തൂക്കി പ്രവർത്തനം അവസാനിപ്പിച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷം കാരണം ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവും വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളുമാണ് പാചകവാതക ക്ഷാമത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സർക്കാർ അടിയന്തരമായി ഇടപെട്ട് വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കണമെന്നാണ് സന്നദ്ധ സംഘടനകളുടെയും വ്യാപാരികളുടെയും ആവശ്യം. അല്ലാത്തപക്ഷം വരും ദിവസങ്ങളിൽ നഗരത്തിലെ ഭക്ഷണ വിതരണ ശൃംഖല പൂർണ്ണമായും തകരാൻ സാധ്യതയുണ്ട്.
---------------
Hindusthan Samachar / Roshith K