നവീന് ബാബുവിന്റെ  മരണത്തില് 4 കാര്യങ്ങള് പ്രത്യേകം അന്വേഷിക്കണം; നിര്ണായക ഉത്തരവുമായി കോടതി
Kannur, 16 മാര്‍ച്ച് (H.S.) കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണ സംഘത്തിന് തിരിച്ചടിയായി കോടതി ഉത്തരവ്. കേസില്‍ തുടരന്വേഷണം നടത്താന്‍ തലശ്ശേരി സെഷന്‍സ് കോടതി ഉത്തരവിട്ടു. നവീന്‍ ബാബുവിന്റെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച
Naveen Babu


Kannur, 16 മാര്‍ച്ച് (H.S.)

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണ സംഘത്തിന് തിരിച്ചടിയായി കോടതി ഉത്തരവ്. കേസില്‍ തുടരന്വേഷണം നടത്താന്‍ തലശ്ശേരി സെഷന്‍സ് കോടതി ഉത്തരവിട്ടു. നവീന്‍ ബാബുവിന്റെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഈ നിര്‍ണ്ണായക വിധി ഉണ്ടായിരിക്കുന്നത്. കേസില്‍ നീതി തേടുന്ന കുടുംബത്തിന് വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.

നാല് പ്രധാന കാര്യങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. നവീന്‍ ബാബുവിന് ഒരു ലക്ഷം രൂപ കൈക്കൂലി നല്‍കാനായി പ്രശാന്ത് എന്നയാള്‍ സ്വര്‍ണ്ണം പണയം വെച്ചു എന്ന് പറയുന്നതില്‍ വ്യക്തത വരുത്തണം. ഈ സ്വര്‍ണ്ണം എവിടെയാണ്, എപ്പോഴാണ് പണയം വെച്ചത് എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ അന്വേഷിച്ച് കണ്ടെത്തണമെന്ന് കോടതി ഉത്തരവിട്ടു. കൂടാതെ, പ്രശാന്തിന്റെ പക്കലുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകളില്‍ ഒന്നുമാത്രമാണ് അന്വേഷണ സംഘം പരിശോധിച്ചതെന്നും രണ്ടാമത്തെ ഫോണിലെ വിവരങ്ങള്‍ കൂടി പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ പല ഫോണ്‍ രേഖകളുടെയും പൂര്‍ണ്ണരൂപം ഇല്ലെന്നും അത് ലഭ്യമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

പ്രതിയായ സിപിഎം നേതാവ് പിപി ദിവ്യയുടെ മുഴുവന്‍ ഫോണ്‍ വിവരങ്ങളും ശേഖരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കുറ്റപത്രത്തിലെ 13 പിഴവുകള്‍ ചൂണ്ടികാട്ടിയാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചത്. പ്രതി ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗമായിട്ടും ശരിയായ തെളിവുകള്‍ ശേഖരിച്ചില്ലെന്നും പ്രശാന്തനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വ്യാജകേസ് നിര്‍മ്മിക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. പി പി ദിവ്യയും പ്രശാന്തനുമായുള്ള ഫോണ്‍ കോള്‍ രേഖകള്‍, ചാറ്റുകള്‍ എന്നിവ എസ്‌ഐടി പരിശോധിച്ചില്ല, പി പി ദിവ്യയുടെ ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ വീണ്ടെടുക്കണം, പ്രതിയുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

കേസുമായി ബന്ധപ്പെട്ട് നേരത്തെ പരാതിയില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്നും കോടതി ഉത്തരവില്‍ പ്രത്യേകം പറയുന്നു. പണം കൈമാറിയെന്ന് പറയപ്പെടുന്ന ക്വാര്‍ട്ടേഴ്‌സിലെ സിസിടിവി ദൃശ്യങ്ങള്‍ ഒന്നുപോലും എഡിറ്റ് ചെയ്യാതെ പൂര്‍ണ്ണരൂപത്തില്‍ കോടതിയില്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചു. നിലവിലെ അന്വേഷണത്തില്‍ വന്ന വീഴ്ചകള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് കോടതിയുടെ ഈ ഇടപെടല്‍.

---------------

Hindusthan Samachar / Sreejith S


Latest News