തമിഴ്നാട്ടില് ഒറ്റയ്ക്ക് മത്സരിക്കാന് ടിവികെ; സഖ്യ സാധ്യതകള് തള്ളി വിജയ്
Chennai, 16 മാര്‍ച്ച് (H.S.) തമിഴ്‌നാട്ടിലെ നിയമസഭാതിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി നടന്‍ വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം. വരുന്ന തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെ
TVK Vijay


Chennai, 16 മാര്‍ച്ച് (H.S.)

തമിഴ്‌നാട്ടിലെ നിയമസഭാതിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി നടന്‍ വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം. വരുന്ന തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെന്നും ജനറല്‍ സെക്രട്ടറി സി.ടി.ആര്‍. നിര്‍മല്‍ കുമാര്‍ പറഞ്ഞു. ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ വഴി എന്‍ഡിഎ സഖ്യത്തിലെത്തിക്കാന്‍ ബി.ജെ.പി. ശ്രമം തുടരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ടിവികെ നിലപാട് വ്യക്തമാക്കിയത്.

80 സീറ്റും ഉപമുഖ്യമന്ത്രിപദവും ടിവികെയ്ക്ക് എന്‍ഡിഎ വാഗ്ദാനം ചെയ്തുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നു. മാത്രമല്ല,കരൂര്‍ ദുരന്തത്തിലെ സി.ബി.ഐ. കേസും 'ജനനായകന്‍' സിനിമയുടെ സെന്‍സര്‍ കുരുക്കും ടി.വി.കെ. നേതാവ് വിജയിയെ സമ്മര്‍ദത്തിലാക്കാന്‍ ബി.ജെ.പി. നേതൃത്വം ഉപയോഗിക്കുന്നതായും ആരോപണങ്ങളുയര്‍ന്നു. ഡി.എം.കെ.യെ രാഷ്ട്രീയശത്രുവായും ബി.ജെ.പി.യെ പ്രത്യയശാസ്ത്രശത്രുവായും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ടി.വി.കെ.യെ സഖ്യത്തിലെത്തിക്കാന്‍ ബി.ജെ.പി. ദേശീയനേതൃത്വം കിണഞ്ഞുശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിന് പിന്നാലെയാണ് ടിവികെ നിലപാട് തുറന്നുപറഞ്ഞത്.

അതേസമയം വിവിധ മണ്ഡലങ്ങളില്‍ ടി.വി.കെ.യുടെ ജയസാധ്യത വിലയിരുത്താന്‍ വെള്ളിയാഴ്ച ചേര്‍ന്ന ജില്ലാഭാരവാഹികളുടെ യോഗത്തില്‍ സഖ്യം വേണമെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം ലഭിച്ചത്. 234 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ പ്രയാസമില്ലെങ്കിലും തിരഞ്ഞെടുപ്പുപ്രചാരണത്തിനുള്ള ഭാരിച്ച ചെലവ് താങ്ങാന്‍ ശേഷിയുള്ളവര്‍ കുറവാണെന്ന് ഓണ്‍ലൈന്‍യോഗത്തില്‍ പങ്കെടുത്ത ജില്ലാനേതാക്കള്‍ ചൂണ്ടിക്കാണിച്ചു. ഒരു മണ്ഡലത്തിലെ സ്ഥാനാര്‍ഥി ശരാശരി അഞ്ചുകോടി രൂപയെങ്കിലും ചെലവിടേണ്ടിവരും. തനിച്ച് ഇത്രയും പണം സമാഹരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് നേതാക്കള്‍ പറഞ്ഞു. ഏതെങ്കിലും സഖ്യത്തിന്റെ ഭാഗമാകുന്നതാണ് നല്ലതെന്നും അവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ സഖ്യം വേണ്ടെന്ന തിരുമാനത്തില്‍ നേതൃത്വം എത്തിച്ചേരുകയായിരുന്നു.

ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയാല്‍ അവര്‍ വിജയ്യെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കുമോയെന്നാണ് നേരത്തേ നിര്‍മല്‍ കുമാര്‍ ചോദിച്ചത്. ടി.വി.കെ.യുമായി സഖ്യത്തിന് നീക്കമുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ തമിഴ്നാട് ബി.ജെ.പി. അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ തയ്യാറായിരുന്നില്ല. നിങ്ങള്‍ക്ക് സഖ്യമാണ് വലുത്, ഞങ്ങള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കാണ് മുന്‍ഗണന കൊടുക്കുന്നത്' എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മറുപടി.

---------------

Hindusthan Samachar / Sreejith S


Latest News