തൊണ്ടിമുതൽ കേസ് :നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ച 3 വർഷത്തെ തടവുശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ആൻ്റണി രാജു നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.
Ernakulam , 17 മാര്ച്ച് (H.S.) തൊണ്ടിമുതൽ കേസിൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ച 3 വർഷത്തെ തടവുശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി കൂടിയായ ആൻ്റണി രാജു നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സിംഗിൾ ബെഞ്ച് ജസ്റ്റിസ് സി ജയചന്ദ്
Antony Raju


Ernakulam , 17 മാര്ച്ച് (H.S.)

തൊണ്ടിമുതൽ കേസിൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ച 3 വർഷത്തെ തടവുശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി കൂടിയായ ആൻ്റണി രാജു നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സിംഗിൾ ബെഞ്ച് ജസ്റ്റിസ് സി ജയചന്ദ്രനാണ് ഹർജിയിൽ നിർണായക വിധി പ്രസ്താവിക്കുന്നത്. കേസിൽ വിശദമായ വാദം പൂർത്തിയായതിനെത്തുടർന്നാണ് വിധി പറയുന്നതിനായി ഇന്നത്തേക്ക് മാറ്റിവച്ചത്.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്ന ആൻ്റണി രാജുവിനെ സംബന്ധിച്ചിടത്തോളം ഈ വിധി അത്യന്തം നിർണായകമാണ്. നാമനിർദേശ പത്രിക സമർപ്പിക്കാൻ വളരെ ചുരുങ്ങിയ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് കോടതി വിധി വരുന്നത്. നിലവിൽ ജനാധിപത്യ കേരള കോൺഗ്രസ് തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ ഒഴിച്ചിട്ടിരിക്കുകയാണ്. ഹൈക്കോടതി വിധി അനുകൂലമാവുകയാണെങ്കിൽ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ ആൻ്റണി രാജുവിന് വീണ്ടും ജനവിധി തേടാൻ സാധിക്കും.

3 വർഷത്തെ ശിക്ഷ ലഭിച്ചതോടെ ജനപ്രാതിനിധ്യ നിയമപ്രകാരം അദ്ദേഹത്തിന് അയോഗ്യത കൽപ്പിക്കപ്പെട്ടിരുന്നു. ഇതിലൂടെ ആൻ്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമാവുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം ഇല്ലാതാവുകയും ചെയ്തു. എന്നാൽ, കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി ഹൈക്കോടതി മരവിപ്പിച്ചാൽ ഈ അയോഗ്യത മാറുകയും അദ്ദേഹത്തിന് വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങാൻ കഴിയുകയും ചെയ്യും.

വാദമുഖങ്ങളും കോടതിയുടെ ചോദ്യങ്ങളും

ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചാൽ മാത്രം പോരെന്നും, തന്നെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി തന്നെ റദ്ദാക്കണമെന്നുമാണ് ആൻ്റണി രാജുവിൻ്റെ പ്രധാന വാദം. കോടതിയിൽ നിന്നും തൊണ്ടിമുതൽ കൈപ്പറ്റി എന്നതുകൊണ്ട് മാത്രം കൃത്രിമം കാണിച്ചത് താൻ തന്നെയാണെന്ന് എങ്ങനെ തെളിയിക്കാനാകും എന്ന വാദമാണ് അദ്ദേഹത്തിൻ്റെ അഭിഭാഷകൻ പ്രധാനമായും ഉയർത്തിയത്. ഓസ്ട്രേലിയൻ പൗരൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടി പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചു എന്നതാണ് ആൻ്റണി രാജുവിനെതിരായ കേസിൻ്റെ അടിസ്ഥാനം. അന്ന് കേസ് നടത്തിയ സീനിയർ അഭിഭാഷകൻ്റെ ജൂനിയറായി പ്രാക്ടീസ് ചെയ്യുകയായിരുന്നു അദ്ദേഹം.

കേസ് അന്വേഷിച്ച പൊലീസ് ഓഫിസർ ആവശ്യമായ കാര്യങ്ങൾ കൃത്യമായി അന്വേഷിച്ചിട്ടില്ലെന്നും ഹർജിയിൽ വാദമുണ്ട്. ആരാണ് എവിടെ വച്ചാണ് തൊണ്ടിമുതലിൽ തിരുമറി നടത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ്റെ റിപ്പോർട്ടിലുള്ളതെന്നും ആൻ്റണി രാജുവിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ഈ വാദങ്ങൾ കേൾക്കുന്നതിനിടെ ഹൈക്കോടതിയും സമാനമായ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.

തൊണ്ടിമുതലിൽ തിരുമറി നടത്തിയത് ആൻ്റണി രാജു തന്നെയാണെന്ന് ഉറപ്പിക്കാൻ എന്ത് സാക്ഷിമൊഴിയോ സാഹചര്യത്തെളിവുകളോ ആണുള്ളതെന്ന് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു. കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് സീനിയർ അഭിഭാഷകനെ പ്രതിയാക്കാത്തതെന്നും കോടതി മുൻപ് ആരാഞ്ഞിരുന്നു. ഇത്തരം സുപ്രധാന ചോദ്യങ്ങൾ കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായതുകൊണ്ട് തന്നെ അനുകൂലമായ ഒരു വിധി ഉണ്ടാകുമെന്ന വലിയ പ്രതീക്ഷയിലാണ് ആൻ്റണി രാജുവും മുന്നണിയും. ഈ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് നെടുമങ്ങാട് കോടതിയുടെ ഉത്തരവ് പൂർണമായും റദ്ദാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News