ഡോ. വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി;ശിക്ഷ മറ്റന്നാൾ വിധിക്കും
Kollam , 17 മാര്ച്ച് (H.S.) ഡോ. വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി. കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി പിഎൻ വിനോദ് ആണ് കേസിൽ വിധി പ്രസ്താവിച്ചത്. കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിക്കുള്ള ശിക്ഷ മറ്റന്നാൾ വിധിക്കും. ഓടനാവട്ടം
Dr. Vandana Das


Kollam , 17 മാര്ച്ച് (H.S.)

ഡോ. വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി. കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി പിഎൻ വിനോദ് ആണ് കേസിൽ വിധി പ്രസ്താവിച്ചത്. കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിക്കുള്ള ശിക്ഷ മറ്റന്നാൾ വിധിക്കും.

ഓടനാവട്ടം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി സന്ദീപ് (42) കുറ്റക്കാരനാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. 2023 മെയ് 10ന് പുലർച്ചെ 4.30നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസ് ഡ്യൂട്ടിക്കിടെ അതിദാരുണമായി കൊല്ലപ്പെടുകയായിരുന്നു. കുടുംബവഴക്കിനെ തുടർന്ന് കാലിന് പരിക്കേറ്റ പ്രതി സന്ദീപിനെ പൂയപ്പള്ളി പൊലീസാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചത്. ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വന്ദന ദാസായിരുന്നു പ്രതിയുടെ പ്രാഥമിക പരിശോധനകൾ നടത്തിയത്.

പരിശോധനകൾക്കിടെ യാതൊരു പ്രകോപനവുമില്ലാതെ ആശുപത്രിയിലെ ഡ്രസ്സിങ് മുറിയിലുണ്ടായിരുന്ന സർജിക്കൽ കത്രിക കൈക്കലാക്കിയ പ്രതി ഡോക്ടറെ അതിക്രൂരമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമാസക്തനായ സന്ദീപ് തടയാൻ ശ്രമിച്ച പൊലീസുകാരായ ബേബി മോഹൻ, മണിലാൽ, അലക്സ് എന്നിവരെയും കൂടെയുണ്ടായിരുന്ന ബന്ധു രാജേന്ദ്രൻ പിള്ള, ബിനു, മറ്റ് ആശുപത്രി ജീവനക്കാർ എന്നിവരെയും ആക്രമിച്ചു.

പ്രതിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്ന് രാവിലെ 8.30ന് മരണം സംഭവിക്കുകയായിരുന്നു. വ്യവസായിയായ കെജി മോഹൻദാസിൻ്റെയും വസന്തകുമാരിയുടെയും ഏകമകളായ വന്ദന മീയണ്ണൂർ അസീസിയ മെഡിക്കൽ കോളജിലെ വിദ്യാർഥിനിയായിരുന്നു.

അന്വേഷണവും വിചാരണയുംകൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസിൻ്റെ നേതൃത്വത്തിലായിരുന്നു കേസിൻ്റെ അന്വേഷണം നടന്നത്. അന്വേഷണം പൂർത്തിയാക്കി 90 ദിവസത്തിന് മുൻപ് തന്നെ, അതായത് ജൂലൈ ഒന്നിന് അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തുടർന്ന് 2025 ഫെബ്രുവരി മാസത്തിലാണ് കേസിൻ്റെ വിചാരണ നടപടികൾ കൊല്ലം അഡീഷനൽ സെഷൻസ് കോടതിയിൽ ആരംഭിച്ചത്.

ആശുപത്രിയിലെ ജീവനക്കാർ, പരിസരത്തുണ്ടായിരുന്ന രോഗികൾ എന്നിവരുൾപ്പെടെ ആകെ 136 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. ഇതിൽ 70ലേറെ സാക്ഷികളെ കോടതി ഇതിനോടകം വിസ്തരിച്ചു കഴിഞ്ഞു. പ്രോസിക്യൂഷൻ 22 തൊണ്ടിമുതലുകളും 207 രേഖകളുമാണ് കേസിൽ കോടതി മുൻപാകെ ഹാജരാക്കിയത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ കുറ്റകൃത്യം തെളിയിക്കുന്നതിൽ നിർണായക തെളിവുകളായി മാറി.

പ്രതിഭാഗം വാദം പൊളിഞ്ഞു

കേസിൻ്റെ വിചാരണ വേളയിൽ പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു പ്രതിഭാഗം പ്രധാനമായും വാദിച്ചത്. ഒരു ഘട്ടത്തിൽ സന്ദീപ് ജാമ്യം തേടി സുപ്രീം കോടതിയെ വരെ സമീപിച്ചിരുന്നെങ്കിലും ജാമ്യം നിഷേധിക്കപ്പെടുകയായിരുന്നു. പ്രതിഭാഗത്തിൻ്റെ മാനസികാരോഗ്യ വാദത്തെ ശക്തമായി എതിർത്ത പ്രോസിക്യൂഷൻ അത് തെളിയിക്കുന്നതിനുള്ള രേഖകൾ കോടതിയിൽ ഹാജരാക്കി.

ശാസ്ത്രീയ പരിശോധനാ ഫലങ്ങളും മെഡിക്കൽ റിപ്പോർട്ടുകളും അടിസ്ഥാനമാക്കി പ്രതിക്ക് യാതൊരുവിധ മാനസിക പ്രശ്നങ്ങളുമില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തി. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് വന്ദനയുടെ പിതാവ് കെജി മോഹൻദാസ് വിധി വരുന്നതിന് മുൻപ് പ്രതികരിച്ചിരുന്നു. ശിക്ഷ സംബന്ധിച്ചുള്ള വാദം കോടതിയിൽ നടന്ന ശേഷമായിരിക്കും ഏതു തരത്തിലുള്ള ശിക്ഷയാണ് പ്രതിക്ക് നൽകേണ്ടത് എന്നതിൽ അന്തിമ തീരുമാനം ഉണ്ടാവുക.

സുരക്ഷാ മാർഗനിർദേശങ്ങൾ

ചികിത്സയ്ക്കായി തൊട്ടരികിൽ വന്ന യുവ ഡോക്ടറെ യാതൊരു പ്രകോപനവുമില്ലാതെ കുത്തിക്കൊലപ്പെടുത്തി എന്നുള്ളതാണ് ഈ കേസിലെ ഏറ്റവും ഗൗരവകരമായ വിഷയം. കേരളത്തിലെ ആരോഗ്യപ്രവർത്തകരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും ഈ സംഭവം വഴിവച്ചിരുന്നു. സംസ്ഥാനത്തുടനീളം ഡോക്ടർമാരും മറ്റ് ജീവനക്കാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ പണിമുടക്കി തെരുവിലിറങ്ങി.

ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കണമെന്നും ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ കർശന നിയമനിർമാണം നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തുടർന്ന് സർക്കാരും ആരോഗ്യവകുപ്പും വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും ആശുപത്രികളിലെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കുകയും ചെയ്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News