Enter your Email Address to subscribe to our newsletters

Thiruvananthapuram , 17 മാര്ച്ച് (H.S.)
*ഓപ്പറേഷൻ ടെറ ഗാർഡ്' പദ്ധതിക്ക് തുടക്കമായി; തീരസംരക്ഷണത്തിൽ പുതിയ മാതൃകയുമായി വനംവകുപ്പുമായി കൈകോർത്ത് ഡോൾഫോഡ്സ് ഫൗണ്ടേഷൻ. തീരദേശവാസികൾക്കായി വനംവന്യജീവി വകുപ്പും (സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ) ഡോൾഫോഡ്സ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച 'കടലിനെയും കടലാമകളെയും സംരക്ഷിക്കാം' ഏകദിന ശില്പശാല വെട്ടുകാട് പാർട്ടി ഹാളിൽ നടന്നു. ചടങ്ങിൽ ഡോൾഫോഡ്സ് ഫൗണ്ടേഷന്റെ പരിസ്ഥിതി സംരക്ഷണ പദ്ധതിയായ 'ഓപ്പറേഷൻ ടെറ ഗാർഡ്' (Operation TerraGuard) ഡോഫോഡ്സ് ഫൗണ്ടേഷൻ സി ഇ ഒ ശ്രി ആഗസ്റ്റിൻ ഇ ജോസഫ് ഔദ്യോഗികമായി പ്രഖ്യാപിച്ചു .
തിരുവനന്തപുരം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ (സോഷ്യൽ ഫോറസ്ട്രി) ശ്രീ. സജു എസ്. നായർ ശില്പശാല ഉദ്ഘാടനം ചെയ്തു. കടലാമകളുടെ വംശനാശം മത്സ്യബന്ധന മേഖലയെയും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെയും എങ്ങനെ ബാധിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.
കടലാമകൾക്ക് കടുവകൾക്ക് തുല്യമായ നിയമ പരിരക്ഷയുണ്ടെന്നും, തീരങ്ങളിൽ അവ സുരക്ഷിതമാണെന്ന ബോധ്യം വരുന്നതോടെ ആമകളുടെ സാന്നിധ്യം വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിസ്ഥിതി പോരാളികളാകാൻ ആഹ്വാനം ചെയ്ത്
ഡോൾഫോഡ്സ് ഫൗണ്ടേഷൻ സി.ഇ.ഒ ശ്രീ. അഗസ്റ്റിൻ ഇ. ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തേനീച്ചകൾ മുതൽ കടലാമകൾ വരെയുള്ള ജീവജാലങ്ങളുടെ നാശം മനുഷ്യജീവിതത്തെ എങ്ങനെ പ്രതിസന്ധിയിലാക്കുമെന്ന് അദ്ദേഹം ഉദാഹരണ സഹിതം വ്യക്തമാക്കി. ഓരോ വ്യക്തിയും പരിസ്ഥിതി ചാമ്പ്യന്മാരായി മാറണമെന്നും, സമൂഹത്തെ പങ്കാളികളാക്കിയുള്ള മാറ്റമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ ടെറ ഗാർഡ്: പുതിയ ദൗത്യം
ഫൗണ്ടേഷന്റെ '12.3 മൈൽസ് ഓഫ് ലൈഫ് ' എന്ന പദ്ധതിയുടെ ഭാഗമായാണ് ഓപ്പറേഷൻ ടെറ ഗാർഡ് നടപ്പിലാക്കുന്നത്. വനം-കടൽ സംരക്ഷണം, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണം എന്നിവയിലാണ് ഈ പദ്ധതി ഊന്നൽ നൽകുന്നത്. ഇതിന്റെ ഫീൽഡ് - ഓപ്പറേഷൻസ് ഡയറക്ടറായി ശ്രീ. അജിത്ത് ശംഖുമുഖത്തെ നിയോഗിച്ചു. തദ്ദേശീയരായ നേതാക്കളുടെയും കമ്മ്യൂണിറ്റിയുടെയും പിന്തുണ പദ്ധതിക്ക് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
തീറ്റദേശ ജനതയുടെ അവകാശ സംരക്ഷണ രംഗത്ത് മികവ് തെളിയിച്ച വിഴിഞ്ഞം സ്വദേശി എഫ്. അരുൾദാസ്, സ്റ്റെല്ലസ്, റോജർ ഫെർണാണ്ടസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. സമുദ്രത്തിലെ ആമകളുടെ കുറവ് ജെല്ലി ഫിഷുകളുടെ വർദ്ധനവിന് കാരണമാകുന്നുവെന്നും ഇത് കയറ്റുമതി വിപണിയെ ബാധിക്കുന്നുവെന്നുമുള്ള പ്രായോഗിക വശങ്ങൾ അരുൾദാസ് പങ്കുവെച്ചു.
ചടങ്ങിൽ മത്സ്യത്തൊഴിലാളികൾക്കായി കുടകളുടെ വിതരണവും നടന്നു.
വാർഡ് കൗൺസിലർ കിൻസി ഐവൻ, റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ ബാബു, മെറീന എം.ജെ, പരിസ്ഥിതി പ്രവർത്തകൻ ഗോപൻ, വീണ മരതൂർ, മാഗ്ലിൻ എന്നിവർ സംസാരിച്ചു. തീരദേശത്തെ മണൽത്തിട്ടകൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മാലിന്യ സംസ്കരണത്തിലെ പിഴവുകൾ കടൽ ജീവികളെ ബാധിക്കുന്നതിനെക്കുറിച്ചും വിവിധ പ്രസംഗകർ സംസാരിച്ചു. തുടർന്ന് സജി ജയമോഹൻ (ആലപ്പുഴ) ആമ സംരക്ഷണത്തെക്കുറിച്ച് ക്ലാസ് നയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR