Enter your Email Address to subscribe to our newsletters

Ernakulam , 17 മാര്ച്ച് (H.S.)
ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി. സ്വർണ കവർച്ച കേസിൽ തന്ത്രിക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എസ്ഐടിയുടെ അപ്പീലിൽ തന്ത്രി കണ്ഠരര് രാജീവർക്ക് നോട്ടിസ് അയച്ചാണ് ഹൈക്കോടതി നടപടി. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന അപ്പീൽ ഹൈക്കോടതി പരിഗണിക്കുകയായിരുന്നു.
ഇടക്കാല ഉത്തരവ് വേണമെന്ന എസ്ഐടിയുടെ ആവശ്യം അംഗീകരിച്ചാണ് വിജിലൻസ് കോടതി നിരീക്ഷണങ്ങൾക്ക് ഹൈക്കോടതി സ്റ്റേ നൽകിയത്. ശബരിമല സ്വർണ കവർച്ച കേസിൽ തന്ത്രിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകൾ ഇല്ല. ആചാരപരമായ കാര്യങ്ങളിൽ മാത്രമേ തന്ത്രിക്ക് ഇടപെടാൻ സാധിക്കൂ. ക്ഷേത്രത്തിൻ്റെ അറ്റകുറ്റ പണികളുടെ അടക്കം ഉത്തരവാദിത്വം ദേവസ്വം ബോർഡിനാണ്. അതേസമയം ഗൂഢാലോചന നടന്നിട്ടില്ലെന്നായിരുന്നു കൊല്ലത്തെ വിജിലൻസ് കോടതിയുടെ കണ്ടെത്തൽ.
ഇത്തരം പരാമർശങ്ങളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. പോറ്റിയും തന്ത്രിയും തമ്മിലുള്ള ശബ്ദ സന്ദേശങ്ങള് തെളിവായി കണ്ടെത്തിയെന്നും ദ്വാരപാലക പാളികള് സ്വര്ണം പൂശിയതാണെന്നും തന്ത്രിക്ക് അറിയാമായിരുന്നുവെന്നുമായിരുന്നു അപ്പീലിൽ എസ്ഐടിയുടെ പ്രധാന വാദം. ചെമ്പെന്ന് എഴുതിയ മഹസറില് തന്ത്രി ഒപ്പുവച്ചിട്ടുണ്ട്. 1998ല് പാളികള് സ്വര്ണം പൂശുമ്പോള് കണ്ഠര് രാജീവര് ആണ് തന്ത്രിസ്ഥാനത്ത്.
സ്വര്ണപ്പാളികള് സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്ന് തന്ത്രിക്ക് അറിയാം. 2019 ജൂലൈ 19, 20 തീയതികളിലെ സന്നിധാനത്തെ ചിത്രങ്ങളും തെളിവായുണ്ട്. ഉണ്ണികൃഷ്ണന് പോറ്റിയുടെ അപേക്ഷയും തന്ത്രിയുടെ അനുമതിയും തയ്യാറാക്കിയത് ഒരേ വേഡ് ഫയലിലാണ്. ശബരിമല എക്സിക്യൂട്ടിവ് ഓഫിസറുടെ സിസ്റ്റത്തിലാണ് ഇത് തയ്യാറാക്കിയതെന്നും എസ്ഐടി അപ്പീലിൽ വ്യക്തമാക്കി.
എസ്ഐടിയുടെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തു. അതേസമയം കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ തന്ത്രി കണ്ഠര് രാജീവരോട് മാർച്ച് 4ന് ഹാജരാകാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടർ (ഇഡി) സമൻസ് അയച്ചിരുന്നു. കേസ് അന്വേഷിക്കുന്ന എസ്ഐടിയുടെ പ്രതിപ്പട്ടികയിലുള്ള മുഴുവൻ ആളുകളെയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിൻ്റെ ഭാഗമായിരുന്നു ഇത്.
ശബരിമലയിലെ കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും തന്ത്രി പ്രതിയാണ്. ഫെബ്രുവരി 18നായിരുന്നു കേസിൽ റിമാൻഡിലായിരുന്ന തന്ത്രി കണ്ഠര് രാജീവർക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി, ദ്വാരക, പാലപ്പാളി, ദ്വാരപാലക ശില്പ പാളി തുടങ്ങിയ കേസുകളിൽ ആരോഗ്യപ്രശ്നങ്ങൾ അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് തന്ത്രിക്ക് കോടതി ജാമ്യം നൽകിയത്. 41 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.
മാർച്ച് 31നകം അന്തിമ റിപ്പോർട്ട്: ശബരിമല സ്വർണക്കൊള്ള കേസിൽ മാർച്ച് 31നകം അന്തിമ റിപ്പോർട്ട് നൽകുമെന്ന് എസ്ഐടി. ഹൈക്കോടതിയിലാണ് എസ്ഐടി ഇക്കാര്യം വ്യക്തമാക്കിയത്. ജംഷഡ്പൂരിലെ നാഷണൽ മെറ്റലേർജിക്കൽ ലബോറട്ടറിയിൽ നിന്നും ശാസ്ത്രീയ പരിശോധനാ ഫലം വരുന്നത് അനുസരിച്ചാവും അന്തിമ റിപ്പോർട്ട് സമർപ്പിക്കുക.
ജംഷഡ്പൂരിലെ നാഷണൽ മെറ്റലേർജിക്കൽ ലബോറട്ടറിയിൽ അയച്ചിട്ടുള്ള സ്വർണപ്പാളികളുടെ 36 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് ലഭിക്കാനുള്ളത്. സൗജന്യമായി പരിശോധന നടത്താമെന്ന് ലബോറട്ടറി അധികൃതർ അറിയിച്ചതായും എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. പ്രതികളുടെ ഫോൺ കോൾ വിശദാംശങ്ങൾ, ടവർ ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറാനായി ജിയോ, ബിഎസ്എൻഎൽ ഉൾപ്പെടെയുള്ള മൊബൈൽ സേവന ദാതാക്കൾക്ക് ഹൈക്കോടതി നിർദേശം നൽകി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR