Enter your Email Address to subscribe to our newsletters

Malappuram , 17 മാര്ച്ച് (H.S.)
കെടി ജലീലിനെതിരെ സന്ദീപ് വാര്യർ. തവനൂരില് തോല്വി മുന്നില് കണ്ട് കടുത്ത അങ്കലാപ്പിലായിരിക്കുകയാണ് ജലീലെന്നും രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടാൻ കെല്പ്പില്ലാത്തതുകൊണ്ടാണ് ജലീല് വർഗീയതയെ കൂട്ടുപിടിക്കുന്നതെന്നും സന്ദീപ് വാര്യർ കുറ്റപ്പെടുത്തി.
ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വായിക്കാം
'ജലീലിന്റേത് തോല്വി മുന്നില് കണ്ടുള്ള 'പി.ആർ' അങ്കലാപ്പ്; വർഗീയതയുടെ 'വടകര മോഡല്' തവനൂരില് ചെലവാകില്ല തവനൂരില് ജനവിധി വരാനിരിക്കുന്നതേയുള്ളൂ, അതിന് മുൻപേ ഇടത് സ്ഥാനാർത്ഥി കെ.ടി. ജലീല് പരിഭ്രാന്തനായി എനിക്കെതിരെ വിഷലിപ്തമായ കള്ളപ്രചാരണങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. പാലക്കാട്ടെ പ്രബുദ്ധ ജനത ചവറ്റുകൊട്ടയിലെറിഞ്ഞ അതേ പി.ആർ. തന്ത്രങ്ങള് തവനൂരിലും വിലപ്പോകുമെന്ന് ജലീല് കരുതുന്നുണ്ടോ?
കോണ്ഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയം പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്. ഹൈക്കമാൻഡും കെ.പി.സി.സി.യും എടുക്കുന്ന ഏത് തീരുമാനവും ശിരസാവഹിക്കാൻ ഞാനടക്കമുള്ള ഓരോ കോണ്ഗ്രസ് പ്രവർത്തകനും ബാധ്യസ്ഥനാണ്. അത് ഞങ്ങളുടെ അച്ചടക്കമാണ്. പക്ഷേ, സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ ജലീല് എന്തിനാണ് ഇങ്ങനെ വർഗീയതയുമായി വെപ്രാളപ്പെടുന്നത്?
ജലീലിന്റെ നുണക്കഥകള്ക്കുള്ള മറുപടി ഇതാ:
സ്വരാജിന്റെ വാക്കുകള് എന്റേതാക്കണ്ട: ഗാന്ധിയെ ചെറുതായിട്ട് വെടിവെച്ച് കൊന്നു എന്ന് മനോരമ ചാനല് ചർച്ചയില് പരസ്യമായി പറഞ്ഞത് സി.പി.എമ്മിന്റെ എം. സ്വരാജാണ്. ആ വിഡ്ഢിത്തത്തെ പരിഹസിക്കാൻ അദ്ദേഹത്തിന്റെ തന്നെ വാക്കുകള് ഉപയോഗിച്ച് ഞാൻ നല്കിയ മറുപടിയെയാണ് ഇന്ന് എനിക്കെതിരെ ജലീല് ദുർവ്യാഖ്യാനം ചെയ്യുന്നത്. ഉടമസ്ഥാവകാശം സ്വരാജിനാണെന്ന് ജലീല് ഇത്രവേഗം മറന്നുപോയോ?
ടയറിട്ട് കത്തിക്കല് - എന്തേ കേസെടുത്തില്ല? മുസ്ലിങ്ങളുടെ കഴുത്തില് ടയറിട്ട് കത്തിക്കണമെന്ന് ഞാൻ പറഞ്ഞു എന്നാണ് ജലീലിന്റെ പുതിയ കണ്ടുപിടുത്തം. കഴിഞ്ഞ പത്തു വർഷമായി കേരളം ഭരിക്കുന്നത് നിങ്ങളുടെ സർക്കാരാണല്ലോ ജലീല്? ഇത്തരമൊരു പരാമർശം ഞാൻ നടത്തിയിട്ടുണ്ടെങ്കില് എന്തുകൊണ്ട് എനിക്കെതിരെ കേസെടുത്തില്ല? കാരണം, അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല എന്നത് തന്നെ. വടകരയില് 'കാഫിർ' സ്ക്രീൻഷോട്ട് ഉണ്ടാക്കിയ അതേ ഫാക്ടറിയില് നിന്നാണോ ഈ പുതിയ തിരക്കഥയും വരുന്നത്? നിയമനടപടി നേരിടാൻ തയ്യാറായിക്കൊള്ളൂ: ഇത്തരത്തിലുള്ള നീചമായ വ്യക്തിഹത്യയ്ക്കും വ്യാജ പ്രചാരണത്തിനുമെതിരെ ജലീലിനെതിരെ ഞാൻ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. കോടതിയില് ഇതിന് മറുപടി പറയേണ്ടി വരും.
ജലീലിന്റെ പഴയ 'ലീലകള്' ജനങ്ങള് മറന്നിട്ടില്ല: ബാബരി മസ്ജിദ് തകർക്കാൻ പോയ ആർ.എസ്.എസ്സുകാരൻ സുഗതനെ 'ഖലീഫ ഉമറിനോട്' ഉപമിച്ച ജലീല് മതേതരത്വത്തെക്കുറിച്ച് പ്രസംഗിക്കുന്നത് പരിഹാസ്യമാണ്. ആ സുഗതൻ ഇന്നും ആർ.എസ്.എസ്സുകാരനായി തുടരുമ്പോള് ജലീല് അന്ന് നടത്തിയത് വെറും വോട്ട് ബാങ്ക് അഭ്യാസമായിരുന്നു. യോഗി ആദിത്യനാഥിനൊപ്പം സെല്ഫിയെടുത്ത് അത് ഫെയ്സ്ബുക്കില് അഭിമാനത്തോടെ പ്രദർശിപ്പിച്ച ജലീലിന്, കോണ്ഗ്രസിനെ വിമർശിക്കാൻ എന്ത് അർഹതയാണുള്ളത്?
മുഖ്യമന്ത്രിയുടെ 'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങള്ക്ക് ചൂട്ടുപിടിച്ച് സ്വന്തം ജില്ലയെ ഒറ്റിക്കൊടുക്കുന്ന ജലീലിനെ ജനങ്ങള് തിരിച്ചറിയും.
രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടാൻ കെല്പ്പില്ലാത്തതുകൊണ്ടാണ് ജലീല് വർഗീയതയെ കൂട്ടുപിടിക്കുന്നത്. തവനൂരിലെ ജനങ്ങള് വികസനവും മതേതരത്വവുമാണ് ചർച്ച ചെയ്യുന്നത്, അഞ്ചു വർഷം തവനൂരിലെ ജനങ്ങളെ ഉപേക്ഷിച്ച് ടൂറിസ്റ്റായി ലോകം മുഴുവൻ കറങ്ങി നടന്നശേഷം വീണ്ടും തവനൂരിലേക്ക് തിരഞ്ഞെടുപ്പടുത്തപ്പോള് വന്ന ജലീലിന്റെ കാപട്യം തവനൂരുകാർ തിരിച്ചറിയുന്നുണ്ട്.പാർട്ടി തീരുമാനമാണ് അന്തിമം. അച്ചടക്കമുള്ള പ്രവർത്തകനായി ഞാനുണ്ടാകും. പക്ഷേ, ജലീലിന്റെ ഈ ഇരട്ടത്താപ്പ് തുറന്നുകാട്ടുക തന്നെ ചെയ്യും
---------------
Hindusthan Samachar / CHANDHU CHANDRASEKHAR