Enter your Email Address to subscribe to our newsletters

Kannur , 17 മാര്ച്ച് (H.S.)
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിയുമായി ഉടക്കിനിന്ന ടികെ ഗോവിന്ദനെ സിപിഎമ്മിൽ നിന്നും പുറത്താക്കി..എം വി ഗോവിന്ദൻ്റെ ഭാര്യ പി കെ ശ്യാമളയെ തളിപ്പറമ്പില് സ്ഥാനാര്ഥിയാക്കിയതിനെതിരെ ടി കെ ഗോവിന്ദന് പരസ്യമായി രംഗത്തെത്തിയത്തിനു പിന്നാലെയാണ് നടപടി. സിപിഎം കണ്ണൂര് ജില്ലാസെക്രട്ടറി കെ കെ രാഗേഷ് വാർത്താസമ്മേളനം വിളിച്ചാണ് ടി കെ ഗോവിന്ദനെ പുറത്താക്കിയ കാര്യം അറിയിച്ചത്.
കോൺഗ്രസിനു വേണ്ടി വിടുപണി ചെയ്യുന്ന പണിയാണ് ഗോവിന്ദന് ചെയ്യുന്നത്. യുഡിഎഫിൻ്റെ പിന്തുണ തേടിയ ഉടന് അവര്ക്കുവേണ്ടി വിടുപണി ചെയ്യുകയാണെന്ന ഗുരുതര ആരോപണമാണ് ടി കെ ഗോവിന്ദനെതിരെ രാഗേഷ് ഉന്നയിച്ചത്.
പാര്ട്ടി മുന്നോട്ട് വയ്ക്കുന്ന സംഘടനാപരമായിട്ടുള്ള നടപടിക്രമങ്ങള് പൂര്ണമായി പാലിച്ചുകൊണ്ടാണ് പി കെ ശ്യാമളയെ സ്ഥാനാര്ഥിയാക്കിയതെന്ന് കെ കെ രാഗേഷ് പറഞ്ഞു. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം പാര്ട്ടികക്കത്ത് വിവിധ സ്ഥലങ്ങളിലെ സ്ഥാനാര്ഥിയാകാന് വേണ്ടി യോഗ്യതയുള്ള നിരവധി പേരുണ്ട്. അഞ്ച് ലക്ഷത്തിലേറെ പാര്ട്ടി അംഗങ്ങളുള്ള പാര്ട്ടിയാണ്. അതില് ചുരുക്കം ചിലര്ക്കു മാത്രമേ ജനപ്രതിനിധിയായി മാറാന് സാധിക്കൂ. പാര്ട്ടി വിവിധ സ്ഥലങ്ങളില് സ്ഥാനാര്ഥികളെ നിശ്ചയിച്ചിട്ടുണ്ട്. അവര്തന്നെയാണ് ഏറ്റവും മികച്ചവരെന്ന് പാര്ട്ടി കാണുന്നില്ല. സ്ഥാനാര്ഥിയായി നിശ്ചയിക്കപ്പെടാത്ത പലരും ഇപ്പോള് നിശ്ചയിച്ചിരിക്കുന്ന പലരെക്കാളും മികച്ചവര് തന്നെയാണ്.
സാധാരണ വിവിധ ഘടകങ്ങള് പരിഗണിച്ചാണ് പാര്ട്ടി സ്ഥാനാര്ഥികളെ നിശ്ചയിക്കുന്നത്. ബന്ധുത്വം പരിഗണിച്ചല്ല സ്ഥാനാര്ഥിയായി നിശ്ചയിച്ചിരിക്കുന്നതെന്നും രാഗേഷ് ടി കെ ഗോവിന്ദന്റെ ആരോപണങ്ങൾക്ക് മറുപടി നൽകി. ബന്ധുത്വം ഉണ്ടായാലും ഇല്ലെങ്കിലും ഓരോ വ്യക്തിയും പാര്ട്ടിക്ക് നല്കുന്ന സംഭാവന, പാര്ട്ടിയുടെ പ്രവര്ത്തനം, പാര്ട്ടിക്ക് നല്കിയിട്ടുള്ള ചുമതലകള് ഇതെല്ലാം നിര്വഹിക്കുന്നതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് സ്ഥാനാര്ഥിയെ നിശ്ചയിക്കുന്നത്. അതുപോലെ തന്നെയാണ് ശ്യാമളയെയും പാര്ട്ടി സ്ഥാനാര്ഥിയായി നിശ്ചയിച്ചത്. 40 വര്ഷത്തെ കമ്മ്യൂണിസ്റ്റ് പൊതുജീവിതമുള്ള പാര്ട്ടി നേതാവാണ് ശ്യാമള ടീച്ചര്. സ്കൂള് പഠനകാലത്ത് എസ്എഫ്ഐ പ്രവര്ത്തകയായിരുന്നു. ശ്യാമള ടീച്ചര് പാര്ട്ടയെ സംബന്ധിച്ചിടത്തോളം ഒരു പാര്ട്ടി നേതാവാണ്. അവരെയാണ് പാര്ട്ടി സ്ഥാനാര്ഥിയായാക്കിയിരിക്കുന്നത്. നേരത്തെയും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കണ്ണൂര് ജില്ലയില് രണ്ട് വനിതാസ്ഥാനാര്ഥികള് വേണമെന്ന് പാര്ട്ടി നിശ്ചയിക്കുകയാണ്. ഈ സാഹചര്യത്തില് കണ്ണൂര് ജില്ലയില് സ്വാഭാവികമായും ഉയര്ന്നു വരാവുന്ന ഒരു പേര് തന്നെയാണ് ശ്യാമള ടീച്ചറിൻ്റേതെന്ന് രാഗേഷ് വ്യക്തമാക്കി. അത് പാര്ട്ടി സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ ആയതുകൊണ്ടല്ല. പികെ ശ്യാമള എന്ന നേതാവിനെയാണ് പരിഗണിച്ചിരിക്കുന്നത്. അങ്ങനെയൊരു കാര്യത്തെ എത്ര മോശമായ, നീചമായ രീതിയാലാണ് പാര്ട്ടിയുടെ ജില്ലാ സെക്രട്ടേറിയറ്റ് അംഗംവരെയായി പ്രവര്ത്തിച്ചിട്ടുള്ള ടി കെ ഗോവിന്ദന് മാഷ് അവതരിപ്പിച്ചത്. സാധാരണ നിലയില് കമ്മ്യൂണിസ്റ്റുകാര്ക്ക് പാടില്ലാത്ത പാര്ലമെന്ററി മോഹവുമായി നടക്കുകയായിരുന്നുവെന്ന് തങ്ങള്ക്ക് പ്രതീക്ഷിക്കാന് കഴിയില്ലെന്നും രാഗേഷ് വ്യക്തമാക്കി.
ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില് വ്യത്യസ്ത പേരുകള് ചര്ച്ച ചെയ്യുന്ന കൂട്ടത്തില് ടി കെ ഗോവിന്ദന്റെ പേര് ആരും പരാമര്ശിച്ചിട്ടില്ല. വ്യത്യസ്ത പേരുകള് പറയുമ്പോള് പാര്ട്ടി ചര്ച്ച ചെയ്ത് പൊതുവില് ഒരു തീരുമാനമെടുക്കുകയാണ് ചെയ്യുന്നത്. ഒരു ഘട്ടത്തിലും ടി കെ ഗോവിന്ദന്റെ പേര് ആരും എങ്ങും പരാമര്ശിച്ചില്ല.
പാർട്ടി നൽകിയ പല ചുമതലകൾ വഹിച്ചയാളാണ് ടി കെ ഗോവിന്ദൻ. പാർലമെന്ററി രംഗത്തിനപ്പുറത്തേക്ക് വിവിധ പദവികൾ അദ്ദേഹത്തിന് സിപിഐഎം നൽകി.. ഇപ്പോൾ പാർലമെന്ററി മോഹത്തിന്റെ പുറത്താണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും കെ കെ രാഗേഷ് കുറ്റപ്പെടുത്തി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR