Enter your Email Address to subscribe to our newsletters

Thiruvananthapuram , 18 മാര്ച്ച് (H.S.)
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് (മാർച്ച് 18) കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14,460 രൂപയും പവന് 1,15,680 രൂപയുമായി. 18 കാരറ്റ് സ്വര്ണം ഗ്രാമിന് 11,880 രൂപയും പവന് 95,040 രൂപയുമാണ്. 14 കാരറ്റ് സ്വര്ണം ഗ്രാമിന് 9,250 രൂപയും പവന് 74,000 രൂപയുമായി. 9 കാരറ്റ് ഗ്രാമിന് 5,965 രൂപയും പവന് 47,720 രൂപയുമാണ് ഇന്നത്തെ വില.
ഇന്നലെ വിപണിയിൽ രണ്ട് തവണയാണ് മാറ്റമുണ്ടായത്. രാവിലെ പവന് 880 രൂപ കൂടി 1,16,320 രൂപയായെങ്കിലും ഉച്ചയ്ക്ക് ശേഷം പവന് 400 രൂപ കുറഞ്ഞ് 1,15,920 രൂപയിലേക്ക് താഴ്ന്നു. ഇന്നത്തെ വിലയിൽ 10 ശതമാനം പണിക്കൂലി കൂടി കൂട്ടിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നര ലക്ഷം രൂപയ്ക്ക് മേൽ ചെലവ് വരും. ആഭരണങ്ങൾക്ക് മൂന്ന് മുതൽ 30 ശതമാനം വരെയാണ് കേരളത്തിലെ പണിക്കൂലി.
ഡിസൈൻ അനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസമുണ്ടായി വില മാറും. ഇതിന് പുറമെ മൂന്ന് ശതമാനം ജിഎസ്ടി, ഹോൾമാർക്കിങ് ചാര്ജ് എന്നിവയും നൽകേണ്ടതുണ്ട്. ലോക വിപണിയില് സ്വര്ണം ഔണ്സിന് 5000 ഡോളറാണ്. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവ് തന്നെയാണ് ഇന്ത്യന് വിപണിയിലും പ്രതിഫലിക്കുന്നത്. ഡോളര് കരുത്താര്ജിക്കുന്നതും ഇന്ത്യ ഉള്പ്പടെയുള്ള വിപണികളില് സ്വര്ണ വില കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.
പശ്ചിമേഷ്യൻ സംഘർഷങ്ങൾ നിലനിൽക്കുന്നതും സ്വർണ വിലയിലെ സ്വാധീനിക്കുന്നു. പുതിയ യുദ്ധ സാഹചര്യം ഉടലെടുത്തത് നിക്ഷേപകര്ക്കിടയില് ആശങ്കയ്ക്കിടയാക്കിയെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി. എന്നാൽ യുദ്ധമോ മറ്റ് സംഘർഷങ്ങളോ നടന്നാൽ സ്വർണ വില ഉയരുകയാണ് പതിവ്. പക്ഷേ ആഗോളതലത്തിൽ നോക്കുമ്പോൾ പണപ്പെരുപ്പം വർധിക്കാനുള്ള സാധ്യതയാണ് സ്വർണ വില കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ.
ആഗോളതലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, ഡോളർ- രൂപ നിരക്കിലെ വ്യതിയാനം, സ്വർണത്തിൻ്റെ രാജ്യാന്തര വിലയിലുണ്ടായ വർധനവ് എന്നിവയാണ് സ്വര്ണ വിലയില് ഏറ്റക്കുറച്ചിലുകള് ഉണ്ടാക്കുന്ന മറ്റ് പ്രധാന കാരണങ്ങള്. വരും ദിവസങ്ങളിൽ വില ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
രാജ്യത്ത് ഒരാള്ക്ക് കൈവശം വയ്ക്കാവുന്ന പരമാവധി സ്വര്ണം ?
സെന്ട്രല് ബോര്ഡ് ഓഫ് ഡയറക്ട് ടാക്സസിൻ്റെ മാര്ഗ നിര്ദേശ പ്രകാരം സ്ത്രീകള്ക്ക് 500 ഗ്രാം സ്വര്ണമാണ് കൈവശം വയ്ക്കാവുന്ന പരമാവധി സ്വര്ണം. അവിവാഹിതരായ സ്ത്രീകള്ക്ക് 250 ഗ്രാം സ്വർണവും അവിവാഹിതരോ വിവാഹിതരോ ആയ പുരുഷന്മാര്ക്ക് 100 ഗ്രാം തങ്കവും കൈവശം വയ്ക്കാനാണ് അനുമതിയുള്ളത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR