ഇറാന്റെ ഇന്റലിജൻസ് മന്ത്രിയെയും വധിച്ചെന്ന് ഇസ്രയേല്! പശ്ചിമേഷ്യയില് യുദ്ധം കത്തുന്നു
Israel , 18 മാര്ച്ച് (H.S.) പശ്ചിമേഷ്യയില് യുദ്ധം പുതിയ തലങ്ങളിലേക്ക് കടക്കുന്നതിനിടെ ഇറാനെ ഞെട്ടിച്ച് ഇസ്രയേലിന്റെ വമ്പൻ നീക്കം. ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായില് ഖാത്തിബിനെയും വധിച്ചതായി ഇസ്രയേല് അവകാശപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇസ്
Iran


Israel , 18 മാര്ച്ച് (H.S.)

പശ്ചിമേഷ്യയില് യുദ്ധം പുതിയ തലങ്ങളിലേക്ക് കടക്കുന്നതിനിടെ ഇറാനെ ഞെട്ടിച്ച് ഇസ്രയേലിന്റെ വമ്പൻ നീക്കം. ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായില് ഖാത്തിബിനെയും വധിച്ചതായി ഇസ്രയേല് അവകാശപ്പെട്ടു.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇസ്രയേല് വധിക്കുന്ന മൂന്നാമത്തെ ഉന്നത ഇറാനിയൻ നേതാവാണ് ഖാത്തിബ്. ഇറാൻ സുരക്ഷാ കൗണ്സില് മേധാവി അലി ലാരിജാനി, ബാസിജ് പാരാമിലിട്ടറി ഫോഴ്സ് തലവൻ ഗുലാം റെസ സുലൈമാനി എന്നിവർക്ക് പിന്നാലെയാണ് ഇപ്പോള് ഇന്റലിജൻസ് മന്ത്രിയുടെയും മരണവാർത്ത വരുന്നത്.

തകരുന്ന ഇറാനിയൻ നേതൃനിര

ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിക്ക് ശേഷം രാജ്യത്തെ ഏറ്റവും സ്വാധീനശക്തിയുള്ള വ്യക്തിത്വമായിരുന്ന അലി ലാരിജാനിയുടെ മരണം ഇറാൻ ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്ലാമിക വിപ്ലവം മുതല് ഇറാൻ രാഷ്ട്രീയത്തില് നിർണ്ണായക പങ്കുവഹിച്ചിരുന്ന ലാരിജാനിയുടെ വിയോഗം രാജ്യത്തിന് നികത്താനാവാത്ത നഷ്ടമാണ്. ഇതിന് പിന്നാലെയാണ് ബസിജ് കമാണ്ടർ ഗുലാം റിസ സുലൈമാനിയെയും ഇസ്രയേല് വധിച്ചത്. ഈ രണ്ട് പ്രമുഖരുടെ വിയോഗത്തിന് തൊട്ടുപിന്നാലെ ഇന്റലിജൻസ് മന്ത്രിയെയും ലക്ഷ്യം വെച്ചതിലൂടെ ഇറാന്റെ സുരക്ഷാ-ഇന്റലിജൻസ് സംവിധാനങ്ങളെ പാടെ തകർക്കുക എന്നതാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്ന് വ്യക്തമാണ്.

തിരിച്ചടിച്ച് ഇറാൻ; ആശങ്കയില് ഗള്ഫ് രാജ്യങ്ങള്

തങ്ങളുടെ ഉന്നത നേതാക്കള് ഓരോരുത്തരായി കൊല്ലപ്പെടുന്ന സാഹചര്യത്തില് ഇസ്രയേലിന് നേരെ ഇറാൻ കടുത്ത പ്രത്യാക്രമണമാണ് നടത്തുന്നത്. ഇസ്രയേലിന് പുറമെ ചില ഗള്ഫ് രാജ്യങ്ങള്ക്ക് നേരെയും ആക്രമണമുണ്ടായതായാണ് റിപ്പോർട്ടുകള്. യുഎഇയുടെ പ്രതിരോധ സംവിധാനങ്ങള് ദുബായിലേക്ക് നടന്ന ആക്രമണങ്ങളെ വിജയകരമായി നേരിട്ടു. സംഘർഷം രൂക്ഷമായതോടെ യുഎഇയിലും ഖത്തറിലും പെരുന്നാള് നമസ്കാരം പള്ളികളില് മാത്രമായി ചുരുക്കി. സുരക്ഷാ കാരണങ്ങളാല് ഈദ് ഗാഹുകളും പൊതുസ്ഥലങ്ങളിലെ പ്രാർത്ഥനകളും ഒഴിവാക്കിയിട്ടുണ്ട്.

അമേരിക്കൻ ഇടപെടലും മിസൈല് കേന്ദ്രങ്ങളിലെ ആക്രമണവും

ഹോർമൂസ് കടലിടുക്കിനോട് ചേർന്നുള്ള ഇറാന്റെ മിസൈല് കേന്ദ്രങ്ങള്ക്ക് നേരെ അമേരിക്കയും ആക്രമണം നടത്തിയിട്ടുണ്ട്. ഭൂമിക്കടിയിലെ ലക്ഷ്യങ്ങള് തകർക്കാൻ ശേഷിയുള്ള വമ്പൻ ബോംബുകളാണ് ഇതിനായി ഉപയോഗിച്ചത്. അതേസമയം, ഇസ്രയേലിലേക്ക് ഇറാൻ നടത്തിയ മിസൈല്-ഡ്രോണ് ആക്രമണങ്ങളില് നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

യുദ്ധസാഹചര്യത്തില് ഇറാന് മാനുഷിക സഹായമായി ഇന്ത്യ മരുന്നുകള് കൈമാറി. ഡല്ഹിയിലെ ഇറാൻ എംബസി വഴിയാണ് ഇന്ത്യ സഹായം എത്തിച്ചത്. പശ്ചിമേഷ്യയിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്. ഇറാന്റെ ഇന്റലിജൻസ് മന്ത്രിയുടെ വധം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടാല് അത് മേഖലയിലെ സംഘർഷം കൂടുതല് വഷളാക്കാൻ സാധ്യതയുണ്ട്. വരും മണിക്കൂറുകളില് ഇറാന്റെ ഭാഗത്തുനിന്ന് എങ്ങനെയുള്ള പ്രതികരണമുണ്ടാകുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News