Enter your Email Address to subscribe to our newsletters

Newdelhi , 18 മാര്ച്ച് (H.S.)
അമേരിക്ക-ഇസ്രയേൽ-ഇറാൻ സംഘർഷം തുടരുന്നതിനിടെ ഇറാനിലേക്ക് മെഡിക്കൽ സഹായം അയച്ച് ഇന്ത്യ. വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ് ഇന്ത്യ ആവശ്യ മെഡിക്കൽ സാമഗ്രികൾ അടങ്ങിയ സഹായം ഇറാനിയൻ റെഡ് ക്രസൻ്റ് സൊസൈറ്റിക്ക് കൈമാറിയത്. ഇന്ത്യ നൽകിയ സഹായത്തിൽ ഇന്ത്യയിലെ ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാൻ എംബസി ഇന്ത്യൻ ജനതക്ക് നന്ദി അറിയിച്ചു.
സഹായം വിജയകരമായി കൈമാറി. ഇന്ത്യയിലെ ബഹുമാന്യരായ ജനങ്ങളുടെ പ്രവൃത്തിക്ക് നന്ദി അറിയിക്കുകയും ചെയ്യുന്നു, എംബസി പ്രസ്താവനയിൽ അറിയിച്ചു. ഇറാൻ അധികാരിക്കൾക്ക് ഇന്ത്യ നൽകിയ സഹായം കൈമാറുന്നത്തിൻ്റെയും മെഡിക്കൽ സാധനങ്ങൾ ജനങ്ങൾക്ക് വിതരണം ചെയ്യുന്നതിൻ്റെ വീഡിയോയും ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാൻ എംബസി എക്സിൽ പങ്കുവച്ചിട്ടുണ്ട്.
ഫെബ്രുവരി 28 നാണ് അമേരിക്ക-ഇസ്രയേൽ-ഇറാൻ യുദ്ധം ആരംഭിക്കുന്നത്. കേവലം സൈനിക നീക്കങ്ങളായി ആരംഭിച്ച യുദ്ധം ഗള്ഫ് രാജ്യങ്ങള് മുഴുവനും സമുദ്ര വാണിജ്യ പാതകളും ആഗോള ഊര്ജ്ജവിപണിയും ഉള്പ്പെടുന്ന വിശാലമായ പ്രാദേശിക സംഘര്ഷമായി മാറിയിരിക്കുകയാണ്.
അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തില് ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടിരുന്നു. നിരവധി പേരാണ് അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തിൽ ഇറാനിൽ കൊല്ലപ്പെട്ടത്. ഇതിന് പ്രതികാരമായി ഇറാൻ നിരവധി ഗൾഫ് രാജ്യങ്ങളിലേക്കും ഇസ്രയേലിലേക്കും ആക്രമണം നടത്തി.
ഈ സംഘർഷം അന്തരാഷ്ട്ര ഊർജ്ജ വിപണികളെയും ആഗോള സാമ്പത്തിക സ്ഥിരതയെ ബാധിക്കുകയും ചെയ്തു. ഇന്ധന ക്ഷാമവും പാചക വാതക ക്ഷാമവും ഇന്ത്യയടക്കമുള്ള പല മേഖലകലെയും ബാധിക്കാൻ തുടങ്ങി. സംഘർഷം രാജ്യത്തെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ ക്ഷാമം ഭക്ഷ്യ-സേവന മേഖലകളെ ആശങ്കയിലാഴ്ത്തുകയും രാജ്യത്തെ റെസ്റ്റോറൻ്റുകളും ഹോട്ടലുകളും ഉള്പ്പെടെയുള്ള ഭക്ഷണശാലകൾ ഓരോന്നായി അടച്ചു പൂട്ടാനും തുടങ്ങിയിരിക്കുകയാണ്.
രാജ്യത്തെ പെട്രോളിയം വിതരണത്തെ മാത്രമല്ല വ്യവസായ രംഗത്തെയും സംഘർഷം അസ്ഥിരപ്പെടുത്തിയിരിക്കുകയാണ്. കയറ്റുമതിയെയും ഇറക്കുമതിയെയും ഇത് ഗണ്യമായി ബാധിച്ചിട്ടുണ്ട്. രാജ്യത്തെ കാർഷികോത്പന്നങ്ങളിൽ ഏറെയും പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.
സംഘർഷത്തെ തുടർന്ന് മേഖലയിൽ നിരവധി ഇന്ത്യൻ പൗരന്മാർ കുടുങ്ങി. ഇവരെ സഹായിക്കാനായി രാജ്യം എല്ലാ പ്രവർത്തികളും നടത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. വിദ്യാർഥികൾ ഉൾപ്പെടെ ഏകദേശം 650 ഇന്ത്യൻ പൗരന്മാർ ഇറാനിൽ നിന്ന് അർമേനിയയിലേക്കും അസർബൈജാനിലേക്കും കടന്ന് അവിടെ നിന്ന് നാട്ടിലേക്ക് മടങ്ങുകയാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ നേരത്തെ പറഞ്ഞിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR