വടകരയില് എല്ഡിഎഫ് സ്ഥാനാര്ത്ഥിയായി എംകെ ഭാസ്കരൻ
Kozhikode , 18 മാര്ച്ച് (H.S.) വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില് ഒട്ടുമിക്ക പാർട്ടികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. മൂന്ന് മുന്നണികളുടെയും ഭാഗമായുള്ള പാർട്ടികളും സ്വതന്ത്രരും ഒക്കെ അണിനിരക്കുന്ന മത്സരത്തില് എല്ലാവരുടെയും ശ്രദ്ധ പതി
Assembly election


Kozhikode , 18 മാര്ച്ച് (H.S.)

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില് ഒട്ടുമിക്ക പാർട്ടികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.

മൂന്ന് മുന്നണികളുടെയും ഭാഗമായുള്ള പാർട്ടികളും സ്വതന്ത്രരും ഒക്കെ അണിനിരക്കുന്ന മത്സരത്തില് എല്ലാവരുടെയും ശ്രദ്ധ പതിയുന്ന ചില മണ്ഡലങ്ങളുണ്ട്. അതില് പ്രധാനപ്പെട്ട ഒന്നാണ് വടകര. പല രാഷ്ട്രീയ കാരണങ്ങള് കൊണ്ടും കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി വടകര മണ്ഡലം കേരളത്തിന്റെ ശ്രദ്ധ മുഴുവൻ പതിയാറുണ്ട്.

ഇത്തവണയും വടകരയുടെ കാര്യത്തില് മാറ്റമൊന്നുമില്ല. അതിന്റെ കാരണം ആർഎംപി എന്ന പാർട്ടിയും അവരും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടവുമാണ്. കഴിഞ്ഞ തവണ ആർഎംപിയുടെ സാരഥിയായ കെകെ രമ എല്ഡിഎഫില് നിന്ന് പിടിച്ചെടുത്ത മണ്ഡലമാണ് വടകര. ഇവിടെ യുഡിഎഫ് രമയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ എല്ഡിഎഫ് തോല്ക്കുകയും ചെയ്തു.

ഇത്തവണ ആരൊക്കെ?

വടകരയില് സ്ഥാനാർത്ഥികള് ആയി രണ്ട് പ്രബല മുന്നണികളുടെയും നേതാക്കളുടെ പേരുകള് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇടത് മുന്നണിക്ക് വേണ്ടി മുൻ ഏറാമല പഞ്ചായത്ത് പ്രസിഡന്റും ആർജെഡി നേതാവുമായ എംകെ ഭാസ്കരനാണ് മത്സരിക്കുക. ഇത്തവണയും മണ്ഡലം ആർജെഡിക്ക് വിട്ട് നല്കിയതാണ്. ഇതോടെയാണ് ഘടകക്ഷികളില് നിന്നുള്ള കരുത്തരായ ആർജെഡിക്ക് വടകര മണ്ഡലത്തില് വീണ്ടും അവസരം ഒരുങ്ങുന്നത്.

എംകെ ഭാസ്കരൻ വടകര മണ്ഡലത്തില് എത്രത്തോളം അറിയപ്പെടുന്ന നേതാവല്ലെന്നാണ് ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില് ഉള്പ്പെടെ എതിർ പാർട്ടിക്കാർ ഉന്നയിക്കുന്ന പ്രധാന കാര്യം. ഏറാമല പഞ്ചായത്ത് പ്രസിഡന്റ് എന്നതിലുപരി വിശാലമായ വടകര മണ്ഡലത്തില് അദ്ദേഹത്തിന് കാര്യമായ ഇമ്ബാക്റ്റ് ഉണ്ടാക്കാൻ കഴിയില്ലെന്നും യുഡിഎഫ് പിന്തുണയുള്ള ആർഎംപി സ്ഥാനാർത്ഥി ഇക്കുറിയും ജയിക്കുമെന്നുമാണ് അവരുടെ പക്ഷം.

എന്നാല് ആർഎംപിക്ക് വേണ്ടി ആരാണ് ഇക്കുറി രംഗത്തിറങ്ങുക എന്ന കാര്യത്തില് ചില സംശയങ്ങള് നിലനില്ക്കുന്നുണ്ട്. കഴിഞ്ഞ തവണ വിജയിച്ച ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമയ്ക്ക് ഒരു അവസരം കൂടി ലഭിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷക്കാലവും മണ്ഡലത്തില് സജീവമായ രമയുടെ കാര്യത്തില് യുഡിഎഫിനും എതിർപ്പുണ്ടാവാൻ ഇടയില്ല. എങ്കിലും പാർട്ടിയില് നിന്ന് മറ്റ് ചില പേരുകള് ഉയരുന്നുണ്ട്.

അതിലൊന്നാണ് ആർഎംപിയുടെ മറ്റൊരു മുതിർന്ന നേതാവായ വേണുവിന്റേത്. പാർട്ടിയുടെ സ്ഥാപക കാലഘട്ടം മുതല് ടിപി ചന്ദ്രശേഖരനൊപ്പം പ്രവർത്തിച്ചിട്ടുള്ള വേണുവിനെ പരിഗണിക്കുമോ പാർട്ടി എന്നാണ് അറിയേണ്ടത്. എന്നാല് വേണു സ്ഥാനാർത്ഥി ആവുന്നതില് യുഡിഎഫില് ചില ഭിന്നസ്വരങ്ങള് ഉണ്ടെന്നും പറയപ്പെടുന്നു. ആരാവും മത്സരിക്കുന്ന എന്നത് വരുന്ന ദിവസങ്ങളില് മാത്രമേ അറിയാൻ സാധിക്കൂ.

മൂന്ന് പേരുകള് പ്രഖ്യാപിച്ച് ആർജെഡി

വടകരയില് എംകെ ഭാസ്കരന് പുറമേ കൂത്തുപറമ്ബില് പികെ പ്രവീണും കല്പ്പറ്റയില് പികെ അനില്കുമാറുമാണ് ആർജെഡിയുടെ മറ്റ് സ്ഥാനാര്ഥികള്. ഇതിന് പുറമേ കൊടുവള്ളി സീറ്റ് കൂടി ആര്ജെഡിക്ക് ലഭിക്കുമെന്നാണ് വിവരം. സിപിഎം സമ്മതം മൂളിയാല് കൊടുവള്ളിയില് ആര്ജെഡി സംസ്ഥാന ജനറല് സെക്രട്ടറി സലീം മടവൂരിനെ പരിഗണിക്കുമെന്നാണ് സൂചന. ഇതില് പ്രഖ്യാപനം വൈകാതെ ഉണ്ടാവും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News