പ്രാങ്ക് വീഡിയോയിൽ പിതാവിനെ ചാക്കിൽ കെട്ടി കൊറിയർ അയക്കാൻ ശ്രമം;പുലിവാല് പിടിച്ച് മകളും സുഹൃത്തുക്കളും;
Banglore , 18 മാര്ച്ച് (H.S.) പ്രാങ്ക് വീഡിയോ ചിത്രീകരണത്തിനായി പിതാവിനെ ചാക്കിൽ കെട്ടി കൊറിയർ സ്ഥാപനത്തിലെത്തിച്ച് യുവതിയും സുഹൃത്തുക്കളും. ചൊവ്വാഴ്ച (മാർച്ച് 17) വൈകുന്നേരം നഗരത്തിലെ വൈലിക്കാവൽ പ്രദേശത്തുള്ള ഒരു കൊറിയർ ഓഫിസിലാണ് സംഭവം. യുവതി ഉൾപ
Prank video


Banglore , 18 മാര്ച്ച് (H.S.)

പ്രാങ്ക് വീഡിയോ ചിത്രീകരണത്തിനായി പിതാവിനെ ചാക്കിൽ കെട്ടി കൊറിയർ സ്ഥാപനത്തിലെത്തിച്ച് യുവതിയും സുഹൃത്തുക്കളും. ചൊവ്വാഴ്ച (മാർച്ച് 17) വൈകുന്നേരം നഗരത്തിലെ വൈലിക്കാവൽ പ്രദേശത്തുള്ള ഒരു കൊറിയർ ഓഫിസിലാണ് സംഭവം. യുവതി ഉൾപ്പെടെ അഞ്ച് പേരടങ്ങുന്ന സംഘമാണ് വീഡിയോ ചിത്രീകരണത്തിനായി കൊറിയർ ഓഫിസിൽ എത്തി ഭീതി പടർത്തിയത്.

സംഭവം ജീവനക്കാരിൽ അൽപനേരം പരിഭ്രാന്തി ഉണ്ടാക്കുകയും തുടർന്ന് ജീവനക്കാർ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ഒരു പാഴ്സൽ അയയ്ക്കാൻ ഉണ്ടെന്ന് പറഞ്ഞാണ് സംഘം കൊറിയർ സ്ഥാപനത്തിലെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കെട്ടിവച്ച വലിയൊരു ചാക്കുമായാണ് അഞ്ചംഗ സംഘം സ്ഥാപനത്തിലെത്തിയത്. എന്നാൽ ഇടയ്ക്ക് ചാക്ക് നീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ജീവനക്കാർക്ക് സംശയം തോന്നുകയായിരുന്നു അവർ പറഞ്ഞു.

തുടർന്ന് ചാക്ക് തുറന്ന് പരിശോധിച്ചപ്പോൾ, അകത്ത് നിന്ന് ഒരാൾ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടു. അത് കണ്ടതോടെ എല്ലാവരും പരിഭ്രാന്തരായി. ജീവനക്കാർ ഉടൻ തന്നെ വൈലിക്കാവൽ പൊലീസിനെ വിവരമറിയിച്ചു. പക്ഷേ ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും സംഘം ഓടി രക്ഷപ്പെട്ടിരുന്നു. പിന്നീട് പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് സംഭവത്തിൽ ഉൾപ്പെട്ട യുവതിയെയും മറ്റ് ആളുകളെയും പൊലീസ് കണ്ടെത്തി ചോദ്യം ചെയ്തു.

റംസാൻ, ഉഗാദി ഉത്സവ സീസണുകളിൽ ബസ് ടിക്കറ്റ് നേടുന്നതിലെ ബുദ്ധിമുട്ടും നിരക്ക് വർധനവും സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിലേയ്ക്ക് ഒരു സന്ദേശം പ്രചരിപ്പിക്കാനായിരുന്നു ഉദ്ദേശമെന്ന് അവർ പൊലീസിനോട് കുറ്റസമ്മതം നടത്തി. ഇതിനായി ഒരു പ്രാങ്ക് വീഡിയോ സൃഷ്ടിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും ചോദ്യം ചെയ്യലിൽ അവർ പറഞ്ഞു. പൊലീസ് കേസെടുക്കുമെന്ന് ആയതോടെ ക്ഷമാപണം നടത്തി തെറ്റ് മനസിലായെന്ന് യുവതിയും സുഹൃത്തുക്കളും പറഞ്ഞു.

സംഭവത്തിൽ എല്ലാവരെയും പൊലീസ് ശാസിക്കുകയും ഇത്തരം പ്രവൃത്തികളുടെ പ്രത്യാഘാതവും പറഞ്ഞു മനസിലാക്കി കൊടുത്തു. പിന്നീട് ഒരു വീഡിയോയിലൂടെ ഇവർ തങ്ങൾ ചെയ്തത് തെറ്റായ പ്രവൃത്തിയാണെന്നും മറ്റുള്ളവരിൽ പരിഭ്രാന്തി സൃഷ്ടിച്ചുവെന്നും അതിൽ ക്ഷമാപണം നടത്തുന്നുവെന്നും അവർ പറഞ്ഞു. ഉത്സവകാലത്ത് ബസ് ചാർജ് വർധനവും സീറ്റുകൾ ലഭ്യമല്ലാത്തതും ചൂണ്ടിക്കാട്ടി താനും മറ്റ് നാല് പേരും ചേർന്ന് പിതാവിനെ ചാക്കിനുള്ളിൽ കയറ്റി കൊറിയർ ഓഫിസിലേക്ക് കൊണ്ടുപോയി. ഈ പ്രവൃത്തിയുടെ ഗൗരവം തുടക്കത്തിൽ ഞങ്ങൾക്ക് മനസിലായില്ല. അത് തെറ്റാണെന്ന് ഇപ്പോൾ ഞങ്ങൾ സമ്മതിക്കുന്നു യുവതി പറഞ്ഞു.

സംഭവത്തിൽ ഞങ്ങൾ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. ആരും അത്തരം പ്രവൃത്തികൾ അനുകരിക്കരുതെന്ന് മറ്റുള്ളവരോട് അഭ്യർഥിക്കുന്നു, കൂടാതെ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കരുതെന്നും ഞങ്ങൾ അഭ്യർഥിക്കുകയാണ് എന്ന് മകളും സുഹൃത്തുക്കളും ക്ഷമാപണം നടത്തി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News