Enter your Email Address to subscribe to our newsletters

Thiruvananthapuram , 18 മാര്ച്ച് (H.S.)
സൈബർ അധിക്ഷേപങ്ങളില് പ്രതികരിച്ച് കോണ്ഗ്രസ് നേതാവും ചിറയൻകീഴ് യുഡിഎഫ് സ്ഥാനാർത്ഥിയുമായ രമ്യ ഹരിദാസ്. ആലത്തൂർ പോലെ ഒരു വലിയ മണ്ഡലത്തിലെ ജനങ്ങളിലേക്ക് ഓടിയെത്തുമ്പോള് ഉള്ള ബുദ്ധിമുട്ടുകള് പറഞ്ഞതിനാണ് താൻ ഇപ്പോഴും പഴി കേള്ക്കുന്നതെന്നും ഇടതുപക്ഷം മാത്രം ജയിക്കുന്ന മണ്ഡലങ്ങളില് മത്സരിച്ചു, അവിടെ ഒരുതവണ ജയിച്ചു എന്നതാണോ സാമൂഹ്യ മാധ്യമങ്ങളില് വ്യക്തിഹത്യ നടത്താൻ കാരണമെന്നും അവർ ഫേസ്ബുക്കില് കുറിച്ചു.
പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം
'സാമൂഹ്യ മാധ്യമങ്ങളിലെ ഈ വ്യക്തിഹത്യ അവസാനിപ്പിക്കാമോ, പ്ലീസ്. രമ്യ ഹരിദാസിന് ഒന്നരലക്ഷം ശമ്പളം തികയില്ല.. മണ്ഡലത്തില് വികസനം നടത്താതെ പാട്ടുംപാടി നടന്നു ..
പറയാതെ വയ്യ,നിരന്തരം കേള്ക്കുമ്പോള് മനസ്സ് ഇടറുന്നുണ്ട്.. നാട്ടിൻപുറത്ത് സിമന്റ് പൂശാത്ത,പഞ്ചായത്ത് സഹായം കൊണ്ട് നിർമ്മിച്ച വീട്ടില് അന്തിയുറങ്ങി വളർന്ന രമ്യ ഹരിദാസിന് അരച്ചാണ് വയർ നിറച്ച് ഒരുമാസം ജീവിക്കാൻ ഇന്നും ഒന്നരലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട. മറ്റു യാതൊരു വരുമാനവും ഇല്ലാത്ത എന്നെപ്പോലെ സാധാരണക്കാരിയായ ഒരാള്ക്ക് ആലത്തൂർ പോലെ ഒരു വലിയ മണ്ഡലത്തിലെ ജനങ്ങളിലേക്ക് ഓടിയെത്തുമ്പോള് ഉള്ള ബുദ്ധിമുട്ടുകള് പറഞ്ഞതിനാണ് ഈ പഴി മുഴുവൻ കേള്ക്കേണ്ടി വന്നത്. ഇല്ലായ്മയുടെ കുട്ടിക്കാലത്തും ഇന്നും ഒരു ആർഭാടമോ അലങ്കാരമോ എന്നെ മോഹിപ്പിച്ചിട്ടില്ല. പിന്നെ എന്തിനാണ് എനിക്ക് ശമ്പളം തികയാതെ വരുന്നത്?
പാർലമെന്റ് ജനപ്രതിനിധി എന്ന രീതിയില് ഞാൻ നടത്തിയ പ്രവർത്തനങ്ങള് ആർക്കും പരിശോധിക്കാം. MP വികസന ഫണ്ടുകള് മുഴുവൻ ചെലവഴിച്ചിട്ടുണ്ട്. പാർലമെന്റ് യോഗങ്ങളില് കൃത്യമായി പങ്കെടുത്തിട്ടുണ്ട്. പാർലമെന്റില് അവതരിപ്പിച്ച ബില്ലുകളില് നിരവധി തവണ ചർച്ചയില് പങ്കെടുത്തിട്ടുണ്ട് ( ഉന്നത വിദ്യാഭ്യാസ യോഗ്യതകള് ഇല്ലെങ്കിലും മലയാളികളെ അപമാനിക്കാത്ത ഇംഗ്ലീഷില് തന്നെ) മണ്ഡലത്തിന്റെ, കേരളത്തിന്റെ പ്രശ്നങ്ങള് സബ്മിഷനിലൂടെ പാർലമെന്റില് നിരവധി തവണ അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ നയങ്ങള്ക്കെതിരെ പ്രതികരിച്ച സസ്പെൻഷനില് ആയിട്ടുണ്ട്. മണ്ഡലത്തിലെ ജനങ്ങളോടൊപ്പം ചേർന്നുനിന്ന് പ്രവർത്തിച്ചിട്ടുണ്ട്.. ഒരു പ്രതിപക്ഷ എം.പി എന്ന നിലയില് സംസ്ഥാന ഭരണവും കേന്ദ്രഭരണവും ഇല്ലാതിരുന്നിട്ടും പരമാവധി ചെയ്തിട്ടുണ്ട്.
ഇടതുപക്ഷം മാത്രം ജയിക്കുന്ന മണ്ഡലങ്ങളില് മത്സരിച്ചു, അവിടെ ഒരുതവണ ജയിച്ചു എന്നതാണോ സാമൂഹ്യ മാധ്യമങ്ങളില് വ്യക്തിഹത്യ നടത്താൻ കാരണം? ലക്ഷങ്ങള് ഭൂരിപക്ഷം ഇടതുപക്ഷത്തിന് നല്കിയിരുന്ന മണ്ഡലങ്ങളില് ഭൂരിപക്ഷം കുറച്ചു എന്നതാണോ പ്രശ്നം?ഇടതുപക്ഷ പാർട്ടികളെ എതിർക്കുന്നവരെ വർഗ്ഗ വഞ്ചകരും ആജന്മ ശത്രുക്കളുമായി കണ്ട് വ്യക്തിപരമായും സാമൂഹ്യപരമായും ആക്രമിക്കുന്ന നയത്തിന്റെ ഇരയാക്കി എന്നെ മാറ്റുകയല്ലേ ചെയ്യുന്നത്.
ആലത്തൂരില് മത്സരിക്കാൻ എത്തുമ്പോള് 7 നിയോജകമണ്ഡലങ്ങളില് 43 വോട്ടിന് അനില് അക്കര ജയിച്ച വടക്കാഞ്ചേരി മാത്രമായിരുന്നു യുഡിഎഫിനൊപ്പം. കഴിഞ്ഞ തിരഞ്ഞെടുപ്പില് ഞാൻ പരാജയപ്പെട്ടെങ്കിലും നെന്മാറ, ചിറ്റൂർ, വടക്കാഞ്ചേരി മണ്ഡലങ്ങളില് UDF ലീഡ് ചെയ്തു. 7 നിയമസഭാ മണ്ഡലങ്ങള് ഉള്ള ആലത്തൂരിലെ ചേലക്കര നിയോജക മണ്ഡലത്തില് നിന്നും 40,000 വോട്ടിന് വിജയിച്ച,90ലധികം സീറ്റുമായി കേരളം ഭരിക്കുന്ന ഒരു മന്ത്രിയായ കേരളത്തിലെ CPIM ന്റെ ഏറ്റവും സീനിയറായ നേതാവിനോടാണ് ലോക്സഭയിലേക്ക് ഞാൻ 20,000 വോട്ടിനു പരാജയപ്പെട്ടത്.
ഇന്നേവരെ യുഡിഎഫ് ജയിക്കാത്ത ആലത്തൂർ ഏതുവിധേനയും തിരിച്ചുപിടിക്കുക എന്നത് 2019 ല് മണ്ഡലം നഷ്ടപ്പെട്ടത് മുതല് ഇടതുപക്ഷത്തിന്റെ അജണ്ടയായിരുന്നു. അതുകൊണ്ടുതന്നെ വ്യക്തിഹത്യകള് നടത്താനും കള്ള പ്രചാരണങ്ങള് ഇറക്കാനും മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങളില് പരമാവധി തടസ്സങ്ങള് സൃഷ്ടിക്കാനും അനുമതികള് കൃത്യസമയത്ത് നല്കാതെയും ഒരുപാട് ബുദ്ധിമുട്ടിച്ചു. അതെല്ലാം മറികടന്നാണ് മണ്ഡലത്തില് വികസന പ്രവർത്തനങ്ങള് കാഴ്ചവെച്ചത്. ഇടതുപക്ഷ പ്രതിനിധികള് മണ്ഡലത്തെ പ്രതിനിധീകരിച്ച സമയത്ത് നടത്തിയ വികസന പ്രവർത്തനങ്ങളോളം മികച്ചതായിരുന്നു ഞാൻ പ്രതിനിധാനം ചെയ്ത സമയത്തും നടത്തിയത് എന്നത് കണക്കുകള് നോക്കിയാല് വ്യക്തമാകും. ആ തിരിച്ചറിവാണ് കള്ളാപ്രചരണങ്ങളും വ്യക്തിഹത്യ നടത്താനും ഇടതുപക്ഷത്തെ പ്രേരിപ്പിച്ചത്.
യുഡിഎഫ് ഇന്നേവരെ ജയിക്കാത്ത,9 വർഷമായി കേരളം ഭരിക്കുന്ന, ഭരണത്തിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച മുന്നണിയോട് മത്സരിച്ചപ്പോള് ചേലക്കരയില് നിലവിലെ 40000 വോട്ടിന്റെ ഭൂരിപക്ഷം 11,000 വോട്ടായാണ് കുറഞ്ഞത്. ഉപതിരഞ്ഞെടുപ്പില് UDF നു വേണ്ടി മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോള് യാതൊരു എതിർപ്പും കൂടാതെ അനുസരിക്കുകയായിരുന്നു.പ്രിയപ്പെട്ടവരെ, ഒരു അധികാരമോഹവും ഇല്ല, സ്ഥാനമാനങ്ങളില് അമിത താല്പര്യവുമില്ല. കാരണം ഒരിക്കലും സ്വപ്നം കാണാൻ കഴിയാത്ത സ്ഥാനങ്ങള് പാർട്ടിയും ജനങ്ങളും എനിക്ക് തന്നിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി, ആലത്തൂർ എം.പിയായി, യൂത്ത് കോണ്ഗ്രസിന്റെ ദേശീയജനറല് സെക്രട്ടറിയായി, കെപിസിസിയുടെ വൈസ് പ്രസിഡണ്ടായി.
കേരളത്തിന്റെ വടക്കേയറ്റം മുതല് തെക്കേയറ്റം വരെ സംഘടനാ പ്രവർത്തനങ്ങളുമായി ഓടി നടന്നു പ്രവർത്തിച്ചിട്ടുണ്ട്. എല്ലാ തെരഞ്ഞെടുപ്പുകളിലും സ്ഥാനാർത്ഥികള്ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങിയിട്ടുണ്ട്. ഓരോ പ്രവർത്തകന്റെയും പ്രയാസങ്ങളില് കൂടെ നിന്നിട്ടുണ്ട്. ഓരോരുത്തരും ആവോളം സ്നേഹം തന്നിട്ടുണ്ട്. ഇതെല്ലാം തന്ന നിങ്ങളോട് നന്ദിയോടെ, കടപ്പാടോടെ അല്ലാതെ ജീവിക്കാൻ കഴിയില്ല..
സോഷ്യല് മീഡിയയിലെ ആക്ഷേപങ്ങളില് ഭൂരിഭാഗവും ഫേക് ഐഡികളില് നിന്നാണ് , പക്ഷേ ഒരു നുണ ആയിരം തവണ ആവർത്തിക്കുക എന്ന രീതി നിഷ്കളങ്കരായ ചിലരെയെങ്കിലും സ്വാധീനിക്കുന്നു എന്ന് തോന്നിയത് കൊണ്ടാണ് ഈ കുറിപ്പ്. ഇടതുപക്ഷത്തെ എതിർക്കുക, വിമർശിക്കുക എന്നത് വ്യക്തിഹത്യ നടത്താനുള്ള പ്രധാന കാരണമാണ്.നേതാക്കളായ രമേശ് ചെന്നിത്തലയും VD സതീശനും കെ സുധാകരനും ഷാഫി പറമ്പിലും വി. ടി.ബല്റാമും മാത്യു കുഴല്നാടനും നേരിട്ടതും ഇത് തന്നെയാണ്, സിപിഐഎമ്മിന്റെ നയത്തില് പ്രതിഷേധിച്ചു പാർട്ടി വിട്ട ജി. സുധാകരനും കുഞ്ഞികൃഷ്ണനും ആയിഷ പോറ്റിയും നേരിട്ടുകൊണ്ടിരിക്കുന്നതും മറ്റൊന്നല്ല.
പത്തുവർഷമായി കേരളമനുഭവിക്കുന്ന ദുരിതം മാറണം. ഈ നാട് കടക്കെണിയിലാക്കിയവരെ തിരിച്ചറിയണം. ശബരിമലയുടെ പവിത്രതയില്ലാതെയാക്കിയവരെ ഒറ്റപ്പെടുത്തണം. യുവജനങ്ങളുടെ പ്രതീക്ഷകള് ഇല്ലാതെയാക്കിയ ഈ സർക്കാർ മാറണം. ലഹരി മാഫിയകളെ കൊണ്ട് ജീവിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കിയവരെ ഭരണത്തില് നിന്ന് പുറത്താക്കണം. അതായിരിക്കണം നമ്മുടെ ലക്ഷ്യം.. ആ മുന്നേറ്റത്തില് ജനങ്ങള് കൂടെയുണ്ടെന്നാണ് വിശ്വാസം, അതുകൊണ്ടാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്, ലോക്സഭാ തെരഞ്ഞെടുപ്പില് യുഡിഎഫിനെ മലയാളികള് ചേർത്തു പിടിച്ചത്.
ഈ തെരഞ്ഞെടുപ്പില് വ്യക്തികളല്ല , പാർട്ടിയാണ് UDF മുന്നണിയാണ് മത്സരിക്കുന്നത്. ഞാൻ അടക്കമുള്ള ഓരോ സ്ഥാനാർത്ഥിയും ഒരു നിമിത്തമാകുന്നു എന്ന് മാത്രം. സാമൂഹ്യ മാധ്യമങ്ങളിലെ ഫെയ്ക്ക് ഐഡികളോടല്ല, എന്നെ സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ട ജനങ്ങളോടാണ് ഇക്കാര്യങ്ങള് പറയുന്നത്. പ്രിയപ്പെട്ടവരെ, നമുക്ക് ഒന്നിച്ച് പോരാടാം.. പിന്തുണയോടെ കൂടെയുണ്ടാകണം', രമ്യ ഹരിദാസ് കുറിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR