Enter your Email Address to subscribe to our newsletters

Kozhikode , 18 മാര്ച്ച് (H.S.)
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ ജനതാദൾ (ആർജെഡി) സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആർജെഡിയിലെ മൂന്ന് സീറ്റിലേക്കാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. വടകരയിൽ എം കെ ഭാസ്കരൻ ഇടതുമുന്നണി സ്ഥാനാർഥിയായി ജനവിധി തേടും. കൂത്തുപറമ്പിൽ പി കെ പ്രവീണും കല്പറ്റയിൽ പി കെ അനിൽ കുമാറും മത്സരിക്കും. ആർജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാറാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
വടകരയില് പോരാട്ടം തീപാറും
യുഡിഎഫ് സ്ഥാനാർഥിയും നിലവിലെ എംഎൽഎയുമായ ആർഎംപി നേതാവ് കെ കെ രമയെ നേരിടാൻ വടകരയിൽ ആർജെഡി കളത്തിലിറക്കുന്നത് കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് എം കെ ഭാസ്കരനെയാണ്. കഴിഞ്ഞതവണ മത്സരിച്ചു പരാജയപ്പെട്ട മനയത്ത് ചന്ദ്രനെ ആർജെഡി ഇത്തവണ പരിഗണിച്ചില്ല. പകരം പാർട്ടി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് കൂടിയായ ഭാസ്കരന് നറുക്ക് വീഴുകയായിരുന്നു. കേരള ഓട്ടോമൊബൈൽ ലിമിറ്റഡ് ഡയറക്ടറായ ഭാസ്കരൻ, കേരഫെഡ്, യുണൈറ്റഡ് ഇലക്ട്രിക് ഇൻഡസ്ട്രീസ് ഡയറക്ടർ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഉന്നത പദവികൾ വഹിച്ച പരിചയസമ്പത്തുമായാണ് വടകര തിരിച്ചുപിടിക്കാൻ ഇറങ്ങുന്നത്.
കൽപ്പറ്റയിൽ വഴിമാറി ശ്രേയാംസ് കുമാർ
കഴിഞ്ഞ അഞ്ച് തവണയായി ആർജെഡിയുടെ കുത്തകയായിരുന്ന കൽപ്പറ്റയിൽ ഇത്തവണ വലിയ മാറ്റമാണുള്ളത്. തുടർച്ചയായി മത്സരിച്ചിരുന്ന എം വി ശ്രേയാംസ് കുമാർ ഇത്തവണ മത്സരരംഗത്ത് നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചു. പുതുമുഖങ്ങൾക്കും മറ്റുള്ളവർക്കും അവസരം നൽകുന്നതിൻ്റെ ഭാഗമായാണ് തൻ്റെ പിന്മാറ്റമെന്ന് അദ്ദേഹം വ്യക്തമാക്കി. പകരം പി കെ അനിൽകുമാര് കൽപ്പറ്റയിൽ ഇടതുമുന്നണിക്കായി ജനവിധി തേടും.
കൂത്തുപറമ്പിൽ പ്രവീൺ
കൂത്തുപറമ്പ് മണ്ഡലത്തിൽ നിലവിലെ എംഎൽഎ കെ പി മോഹനൻ്റെ സഹോദരപുത്രൻ പി കെ പ്രവീൺ സ്ഥാനാർഥിയാകും. കഴിഞ്ഞ തവണ പാനൂർ നഗരസഭാ കൗൺസിലറായിരുന്നു. രണ്ടു തവണ പാനൂർ പഞ്ചായത്തംഗവുമായിട്ടുണ്ട്. നാലു വർഷം യുവജനതാദൾ സംസ്ഥാന പ്രസിഡൻ്റായി പ്രവർത്തിച്ച പരിചയവുമായാണ് പി കെ പ്രവീൺ നിയമസഭയിലേക്ക് മത്സരിക്കുന്നത്.
ഈ സ്ഥാനാർഥി പ്രഖ്യാപനത്തോടെ വടകരയിലും കൽപ്പറ്റയിലും കൂത്തുപറമ്പിലും രാഷ്ട്രീയ ചിത്രം കൂടുതൽ വ്യക്തമായിരിക്കുകയാണ്. വരും ദിവസങ്ങളിൽ മണ്ഡലങ്ങളിൽ പ്രചാരണം ശക്തമാക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം.
അതേസമയം ഇലക്ഷന് കമ്മിഷന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലേ തന്നെ സിപിഎമ്മും സിപിഐയും സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചിരുന്നു. സിപിഐ 25 സീറ്റിലേക്കും സിപിഎം 81 സീറ്റുകളിലേക്കുമാണ് സ്ഥാനാര്ഥി പ്രഖ്യാപനം നടത്തിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR