Enter your Email Address to subscribe to our newsletters

Kollam, 18 മാര്ച്ച് (H.S.)
തകർച്ചയുടെ വക്കിലായിരുന്ന കേരളത്തിലെ കശുവണ്ടി മേഖലയെ പുനരുജ്ജീവിപ്പിക്കുകയും, പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജീവിതത്തിന് സുരക്ഷയൊരുക്കുകയും ചെയ്തെന്ന അവകാശവാദത്തോടെ കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ പദവി ഒഴിഞ്ഞു.
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി കോർപ്പറേഷൻ്റെ തലപ്പത്തിരുന്ന് നടപ്പിലാക്കിയ വിപ്ലവകരമായ മാറ്റങ്ങൾ കശുവണ്ടി വ്യവസായ ചരിത്രത്തിലെ സുവർണ അധ്യായമാണെന്ന ആത്മവിശ്വാസത്തില് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാന് ഒരുങ്ങുകയാണ് എസ് ജയമോഹൻ. കൊല്ലം മണ്ഡലത്തിലെ എല്ഡിഎഫ് സ്ഥാനാര്ഥിയാണ് ജയമോഹന്.
തൻ്റെ ധാർമിക ബോധം അനുസരിച്ചാണ് സ്ഥാനം ഒഴിയുന്നതെന്ന് അദ്ദേഹം വാര്ത്തസമ്മേളത്തില് പറഞ്ഞു. ആരും പറഞ്ഞിട്ടോ ആരും ഉപദേശിച്ചിട്ടോ അല്ല ഇപ്പോൾ സ്ഥാനമൊഴിയുന്നത്. എൻ്റെയൊരു ധാർമികമായ ബോധത്തിൻ്റെ അടിസ്ഥാനത്തിലാണ് സ്ഥാനം ഒഴിയുന്നത്. ഇപ്പോൾ തെരഞ്ഞെടുപ്പിന് മത്സരിക്കാൻ ഇറങ്ങുകയാണ്. ഇനിയുമുള്ള എല്ലാ പ്രവർത്തനങ്ങളും ആളുകളെ അറിയിക്കും.
ഇപ്പോൾ എംപിമാർ നിയമസഭയിൽ മത്സരിക്കുന്നു. എംഎൽഎമാർ പാർലമെൻ്റിൽ മത്സരിക്കുന്നു. അതുപോലെ ചെയർമാന്മാർ പലരും മത്സരിക്കുന്നു. എന്തുകൊണ്ടാണ് ഇന്ന് മാധ്യമപ്രവർത്തകരെ വിളിച്ചുവരുത്തിയത് എന്ന് ചോദിച്ചാൽ, നമ്മൾ സർക്കാർ ഏൽപ്പിച്ച ഒരു അധികാര സ്ഥാനത്ത് ഇരിക്കുകയാണ്. ആ അധികാര സ്ഥാനത്ത് നിന്ന് നമ്മൾ ഒരു സ്ഥാനാർഥിയായി മാറുമ്പോൾ വിമർശനങ്ങൾ ഉയർന്നുവരരുത്. കഴിഞ്ഞ ദിവസമാണ് അനുമതിയെല്ലാം കിട്ടിയത്. തെരഞ്ഞെടുപ്പിന് നിൽക്കാൻ പാർട്ടിയുടെ അംഗീകാരവും ലഭിച്ചുകഴിഞ്ഞു, എന്ന് എസ് ജയമോഹൻ മാധ്യമങ്ങളോട് പറഞ്ഞു.
നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനം
2015 വരെയുള്ള കാലത്ത് അടച്ചുപൂട്ടിയ ഫാക്ടറികൾ 2016 ൽ എൽഡിഎഫ് സർക്കാർ അധികാരമേറ്റെടുത്തതോടെ തുറന്നു പ്രവർത്തിപ്പിക്കാൻ കഴിഞ്ഞത് ജയമോഹൻ്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ നിശ്ചയദാർഢ്യത്തിൻ്റെ ഫലമായിരുന്നു. ബാങ്കുകളിലെ 30 കോടി രൂപയുടെ ബാധ്യത തീർത്തും, വർഷങ്ങളായുള്ള ടാക്സ് കുടിശികകൾ ഒഴിവാക്കിയും കോർപ്പറേഷനെ പ്രവർത്തനസജ്ജമാക്കിയെന്ന് അദ്ദേഹം അവകാശപ്പെട്ടു.
മൂല്യവർധിത ഉത്പ്പന്നങ്ങളുടെ ഉത്പ്പാദനത്തിലും വിപണനത്തിലും കാഷ്യൂ കോർപ്പറേഷൻ കൈവരിച്ച നേട്ടങ്ങൾക്കുള്ള വലിയ അംഗീകാരമായിരുന്നു കാഷ്യു എക്പോർട്ട് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ നൽകുന്ന 'കാജു ഇന്ത്യ' ദേശീയ പുരസ്കാരം. 2017, 2018 വർഷങ്ങളിൽ തുടർച്ചയായി ഈ പുരസ്കാരം നേടിയത് കശുവണ്ടി വികസന കോർപ്പറേഷൻ്റെ ബ്രാൻഡ് മൂല്യം അന്താരാഷ്ട്ര തലത്തിൽ ഉയർത്തി. കശുവണ്ടി വ്യവസായത്തിൻ്റെ തലസ്ഥാനമായ കൊല്ലത്ത് കശുവണ്ടി മേഖലയിലെ നൂതന പ്രവണതകളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച കാഷ്യു കോൺക്ലേവ് ജയമോഹൻ്റെ നേതൃപാടവത്തിൻ്റെയും സംഘാടന മികവിൻ്റെയും മികച്ച ഉദാഹരണമാണ്.
തൊഴിലാളികളുടെ ക്ഷേമത്തിന് മുൻഗണന നൽകിയ ഭരണകാലം
ആഭ്യന്തര-അന്തർദേശീയ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഈ മഹാമേളയിലൂടെ കശുവണ്ടി മേഖലയുടെ ആധുനികവത്ക്കരണത്തിനും വിപണന സാധ്യതകൾക്കും പുതിയ ദിശാബോധം നൽകാൻ സാധിച്ചു.
തൊഴിലാളികളുടെ ക്ഷേമത്തിന് മുൻഗണന നൽകിയ ഭരണകാലമായിരുന്നു ഇത്. നാലായിരത്തോളം പുതിയ തൊഴിലാളികളെ നിയമിക്കുകയും ആശ്രിത നിയമനങ്ങൾ നടപ്പിലാക്കുകയും ചെയ്തു.
ആധുനിക സൗകര്യങ്ങൾ, ഫാക്ടറികളിൽ ഡൈനിംഗ് ഹാൾ, ഡ്രസിങ് റൂം, ഹൈടെക് ടോയ്ലറ്റ് ബ്ലോക്കുകൾ, കുട്ടികൾക്കായി തൊട്ടിൽപ്പുരകൾ എന്നിവ സജ്ജമാക്കി. തൊഴിലാളികൾ പാട്ടു കേട്ട് ജോലി ചെയ്യുന്ന ഹൈടെക് അന്തരീക്ഷം ഒരുക്കി തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ എൻട്രൻസ് പരിശീലനവും 'മികവ്' പദ്ധതിയിലൂടെ ക്യാഷ് അവാർഡുകളും നൽകി. തൻ്റെ ഭരണകാലയളവിൽ 16 തൊഴിലാളികളുടെ മക്കൾക്ക് എംബിബിഎസ് അഡ്മിഷൻ നേടിക്കൊടുക്കാനായത് വലിയ നേട്ടമായാണ് കാണുന്നതെന്ന് അദ്ദേഹം പറയുന്നു.
ഒടുവിൽ ഇക്കഴിഞ്ഞ ഓണത്തിന് കശുവണ്ടി തൊഴിലാളികളുടെ കലോത്സവം സംഘടിപ്പിച്ചതും എല്ലാവരുടെയും കൈയ്യടി നേടി. കശുവണ്ടി മേഖലയിലെ സാധാരണക്കാരായ തൊഴിലാളികളെ ചേർത്തുപിടിച്ചും പൊതുമേഖലാ സ്ഥാപനത്തെ ലാഭകരമായ പാതയിലേക്ക് നയിച്ചും മാതൃകാപരമായ പ്രവർത്തനമാണ് എസ് ജയമോഹൻ കാഴ്ചവച്ചത്. കേന്ദ്ര സർക്കാരിൻ്റെ അവഗണനകൾക്കിടയിലും സംസ്ഥാന സർക്കാരിൻ്റെ കരുത്തിൽ കശുവണ്ടി വ്യവസായത്തെ 'വെളുത്ത സ്വർണമായി' തന്നെ നിലനിർത്താൻ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ സഹായിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR