ശബരി റെയിൽ പാതയുടെ നിർമാണം ഇനി മുടങ്ങില്ലെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഹൈക്കോടതിയെ അറിയിച്ചു.
Ernakulam , 18 മാര്ച്ച് (H.S.) സംസ്ഥാനത്തെ സുപ്രധാന പദ്ധതിയായ ശബരി റെയിൽ പാതയുടെ നിർമാണം ഇനി മുടങ്ങില്ലെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഹൈക്കോടതിയെ അറിയിച്ചു. പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന പദ്ധതി എത്രയും വേഗം പൂർത്തീകരിക്കുമെന്ന് റെയിൽവേയു
Sabarimala Railway Project


Ernakulam , 18 മാര്ച്ച് (H.S.)

സംസ്ഥാനത്തെ സുപ്രധാന പദ്ധതിയായ ശബരി റെയിൽ പാതയുടെ നിർമാണം ഇനി മുടങ്ങില്ലെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഹൈക്കോടതിയെ അറിയിച്ചു. പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന പദ്ധതി എത്രയും വേഗം പൂർത്തീകരിക്കുമെന്ന് റെയിൽവേയും റെയിൽവേ ബോർഡും കോടതിക്ക് ഉറപ്പുനൽകിയിട്ടുണ്ട്. പദ്ധതിക്ക് ആവശ്യമായ സ്ഥലമെടുപ്പ് നടപടികൾ അതിവേഗം പൂർത്തിയാക്കുമെന്ന് സംസ്ഥാന സർക്കാരും വ്യക്തമാക്കി.

കോൾഡ് സ്റ്റോറേജിലേക്ക് പോകരുത്

ഇരു സർക്കാരുകളും കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്താണ് പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ ഉറപ്പുകൾ നൽകിയത്. കേന്ദ്ര സർക്കാരുമായി യോജിച്ച് പദ്ധതിക്കായുള്ള എല്ലാ നടപടികളും സജീവമാക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ പലപ്പോഴായി കുരുങ്ങി നിലച്ചുപോയ പദ്ധതിയാണ് ശബരി പാത.

ഈ വിഷയത്തിലാണ് പുതിയ ഉറപ്പുകൾ കോടതിക്ക് മുൻപാകെ സമർപ്പിച്ചത്. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഈ പദ്ധതി ഇനി ഒരു കോൾഡ് സ്റ്റോറേജിലേക്ക് പോകരുതെന്നാണ് സർക്കാരുകളുടെ വിശദീകരണത്തിന് മറുപടിയായി ഹൈക്കോടതി വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം കർശനമായി നിർദേശിച്ചത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകിയ ഉറപ്പുകൾ രേഖപ്പെടുത്തിക്കൊണ്ട് ശബരി പാതയുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി തീർപ്പാക്കി.

കാടുപിടിച്ച് കാലടി സ്റ്റേഷൻ

വർഷങ്ങളായി പണി പൂർത്തിയാക്കി റെയിൽ ട്രാക്ക് അടക്കം സ്ഥാപിച്ചിട്ടുള്ള കാലടി റെയിൽവേ സ്റ്റേഷനിൽ കൂടി ഇതുവരെ ഒരു ട്രെയിൻ പോലും ഓടിയിട്ടില്ല. സ്റ്റേഷൻ കെട്ടിടങ്ങൾ അടക്കം കാടുപിടിച്ച് നശിക്കുന്ന അവസ്ഥയിലാണുള്ളത്. അങ്കമാലിയിൽ നിന്ന് എരുമേലി വരെ നീളുന്ന 111 കിലോമീറ്റർ പാതയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഇതിൽ അങ്കമാലി മുതൽ കാലടി വരെയുള്ള ഭാഗത്തെ ജോലികളാണ് നേരത്തെ പൂർത്തിയായത്. ബാക്കിയുള്ള നിർമാണ ജോലികൾ ഫണ്ടിൻ്റെ അപര്യാപ്തതയും സ്ഥലമെടുപ്പിലെ പ്രതിസന്ധികളും കാരണം വർഷങ്ങളായി നിലച്ച മട്ടിലായിരുന്നു. ഈ ഒരു ഘട്ടത്തിലാണ് പദ്ധതി ഇനിയും വൈകരുതെന്ന് കോടതി കർശനമായി നിർദേശിച്ചത്. സർക്കാരുകളുടെ പുതിയ ഉറപ്പോടെ കാലടി സ്റ്റേഷൻ ഉൾപ്പെടെയുള്ളവയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശബരിമല തീർഥാടകർക്കും ആശ്വാസം

ശബരിമല തീർഥാടകർക്ക് വലിയ തോതിൽ പ്രയോജനം ചെയ്യുന്നതാണ് ശബരി റെയിൽ പദ്ധതി. യാത്രാക്ലേശം കുറയ്ക്കുന്നതിനൊപ്പം മധ്യകേരളത്തിൻ്റെ വികസനത്തിനും പാത വഴിതുറക്കും. പദ്ധതിയുടെ ചെലവ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുല്യമായി വഹിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഇരു സർക്കാരുകളും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. പുതിയ സത്യവാങ്മൂലത്തിൻ്റെ അടിസ്ഥാനത്തിൽ ഇത്തരം തടസങ്ങൾ നീങ്ങുമെന്നാണ് വിലയിരുത്തൽ.

സ്ഥലമെടുപ്പ് നടപടികൾ വേഗത്തിലാക്കാൻ റവന്യൂ വകുപ്പിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കുമെന്നും സൂചനയുണ്ട്. ഭൂമി വിട്ടുനൽകുന്നവർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനൊപ്പം നടപടിക്രമങ്ങൾ സുതാര്യമാക്കാനും സർക്കാർ ലക്ഷ്യമിടുന്നു. റെയിൽവേ ബോർഡിൻ്റെ ഭാഗത്തുനിന്നുള്ള അനുമതികളും സാങ്കേതിക പരിശോധനകളും സമയബന്ധിതമായി പൂർത്തിയാക്കാനാണ് കേന്ദ്ര സർക്കാരിൻ്റെ തീരുമാനം. കോടതിയുടെ ഇടപെടലോടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News