Enter your Email Address to subscribe to our newsletters

Kochi, 18 മാര്‍ച്ച് (H.S.)
പെരുമ്പാവൂര്‍ നിയമസഭാ മണ്ഡലത്തില്‍ ട്വന്റി-20 പ്രഖ്യാപിച്ച സ്ഥാനാര്‍ഥി നടി ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍ പട്ടികയിലില്ല. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലാണ് ലക്ഷ്മിപ്രിയ ഇപ്പോള്‍ താമസിക്കുന്നതെങ്കിലും അവിടുത്തെ വോട്ടര്‍ പട്ടികയിലും ഇവരുടെ പേരില്ല. ഇതേത്തുടര്‍ന്ന് ബുധനാഴ്ച പെരുമ്പാവൂര്‍ മണ്ഡലത്തില്‍ നിശ്ചയിച്ചിരുന്ന റോഡ് ഷോ അവസാന നിമിഷം റദ്ദാക്കി.
റോഡ് ഷോയ്ക്കായി വലിയ രീതിയിലുള്ള ഫ്‌ലക്‌സുകളും കമാനങ്ങളും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും സജ്ജമാക്കിയിരുന്നു. റോഡ് ഷോ ഉദ്ഘാടനം ചെയ്യാനായി കേന്ദ്രസഹമന്ത്രി ഭൂപതി രാജു ശ്രീനിവാസ വര്‍മ വേദിയിലെത്തിയപ്പോഴാണ് ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലെന്ന വിവരം പാര്‍ട്ടി അറിയുന്നത്.
പിന്നീട് പെട്ടെന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം സ്ഥാനാര്‍ഥിയെ ആശുപത്രിയിലേക്ക് മാറ്റിയതിനാലാണ് റോഡ് ഷോയില്‍ പങ്കെടുക്കാത്തതെന്ന് പെരുമ്പാവൂര്‍ എന്‍ഡിഎ വിശദീകരണം നല്‍കി.സ്ഥാനാര്‍ഥിയുടെ അഭാവത്തില്‍ റോഡ് ഷോയ്ക്ക് പകരം കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തിയാണ് പരിപാടി അവസാനിപ്പിച്ചത്.
വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചാല്‍ അത് തള്ളിപ്പോകുമെന്ന സാഹചര്യമാണ് നിലവിലുള്ളത്. ലക്ഷ്മിപ്രിയയ്ക്ക് പകരമായി പെരുമ്പാവൂരില്‍ പുതിയൊരു സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നത് സംബന്ധിച്ച വിവരങ്ങളൊന്നും പാര്‍ട്ടി ഇതുവരെ പുറത്തുവിട്ടിട്ടില്ല. സെലിബ്രിറ്റികളെയും ടെലിവിഷന്‍ താരങ്ങളെയും ഉള്‍പ്പെടുത്തി സാബു ജേക്കബ് ഇന്നലെയാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്.
---------------
Hindusthan Samachar / Sreejith S