Enter your Email Address to subscribe to our newsletters

Kollam, 19 മാര്ച്ച് (H.S.)
ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി സന്ദീപിനുള്ള ശിക്ഷാവിധി കൊല്ലം അഡീഷണൽ സെഷൻസ് കോടതി 1 ഇന്ന് പ്രഖ്യാപിക്കും. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ്റെ പ്രധാന ആവശ്യം. പ്രതിക്ക് പറയാനുള്ളത് കൂടി കേട്ട ശേഷമായിരിക്കും വിധി പ്രസ്താവിക്കുകയെന്നതിനാൽ നീതിക്കായി കാത്തിരിക്കുകയാണ് വന്ദനയുടെ മാതാപിതാക്കളും കേരള സമൂഹവും.
കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി
2023 മെയ് 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊലീസ് വൈദ്യപരിശോധനയ്ക്കായി എത്തിച്ച കുടവട്ടൂർ സ്വദേശിയായ അധ്യാപകൻ സന്ദീപ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് യാതൊരു പ്രകോപനവുമില്ലാതെ ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം, വധശ്രമം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തുടങ്ങി പൊലീസ് ചുമത്തിയ എല്ലാ കുറ്റങ്ങളിലും പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ഉൾപ്പെടെ ചുമത്തിയിട്ടുള്ളതിനാൽ പ്രതിക്ക് ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യതയില്ല. ഇരട്ട ജീവപര്യന്തം വരെ പ്രതിക്ക് ലഭിക്കാനാണ് സാധ്യതയെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കൽ ആണ് പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ ഹാജരായത്.
തള്ളിക്കളഞ്ഞ് പ്രതിഭാഗം വാദങ്ങൾ
കൃത്യം കരുതിക്കൂട്ടി ചെയ്തതല്ലെന്നും പെട്ടെന്നുണ്ടായ മാനസിക പ്രശ്നങ്ങളെ തുടർന്ന് അതിക്രമം നടത്തിയെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. സന്ദീപിന് മാനസിക സ്ഥിരതയില്ലെന്ന് സ്ഥാപിക്കാൻ തുടക്കം മുതൽ തന്നെ പ്രതിഭാഗം ശ്രമിച്ചിരുന്നു. എന്നാൽ പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ റിപ്പോർട്ടിലൂടെ തെളിയിക്കാൻ കഴിഞ്ഞത് പ്രോസിക്യൂഷന് വലിയ നേട്ടമായി.
സന്ദീപിന് പ്രശ്നങ്ങളില്ലെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് നേരത്തെ തന്നെ കോടതിയിൽ ഹാജരാക്കിയിരുന്നു. മാനസിക പ്രശ്നമുണ്ടെന്ന് വരുത്തിത്തീർത്ത് അന്വേഷണത്തെ വഴിതിരിച്ചുവിടാൻ പ്രതി നടത്തിയ നീക്കങ്ങൾ പൊലീസ് തുടക്കത്തിലേ തന്നെ തിരിച്ചറിയുകയും ഇത് കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്തു.
സുദീർഘമായ നിയമപോരാട്ടം
കേസിൽ വലിയൊരു നിയമപോരാട്ടം തന്നെയാണ് നടന്നതെന്ന് വന്ദനയുടെ പിതാവ് വ്യക്തമാക്കി. കൊട്ടാരക്കര കോടതി മുതൽ സെഷൻസ് കോടതി, ഹൈക്കോടതി, സുപ്രീം കോടതി വരെ പ്രതിഭാഗം വിവിധ ഹർജികളുമായി പോയെങ്കിലും അവയെല്ലാം കോടതികൾ തള്ളിക്കളയുകയായിരുന്നു. തുടർന്നാണ് കൊല്ലം സെഷൻസ് കോടതിയിൽ വിചാരണ പുനരാരംഭിച്ചത്. 137 ദൃക്സാക്ഷികളും മഹസർ സാക്ഷികളുമുള്ള കേസിൽ പ്രധാനപ്പെട്ട 70 പേരെ കൃത്യമായി വിസ്തരിച്ചു. ഇതിൽ 40 പേരോളം ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ശാസ്ത്രീയ പരിശോധനകൾ നടത്തിയവരുമായിരുന്നു.
22 തൊണ്ടിമുതലുകളും 207 രേഖകളും കോടതിയിൽ ഹാജരാക്കി. സാക്ഷികളെല്ലാം സത്യസന്ധമായി മൊഴി നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് സംശയാതീതമായി കുറ്റം തെളിയിക്കപ്പെട്ടത്. മകൾ കൊല്ലപ്പെട്ടിട്ട് 2 വർഷവും 9 മാസവും പിന്നിടുമ്പോൾ പ്രതിക്ക് പരമാവധി ശിക്ഷ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിധി കേൾക്കാൻ വന്ദനയുടെ മാതാപിതാക്കൾക്ക് പുറമെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരും ഇന്ന് കോടതിയിൽ എത്തും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR