Enter your Email Address to subscribe to our newsletters

Ernakulam , 19 മാര്ച്ച് (H.S.)
സംസ്ഥാനത്തെ മുസ്ലിംകൾ ഈദുൽ ഫിത്വർ (ചെറിയ പെരുന്നാൾ) ആഘോഷത്തിനൊരുങ്ങുകയാണ്. ഹിജ്റ കലണ്ടർ പ്രകാരം ഇന്ന് റമദാൻ 29 ആണ്. ഇന്ന് മാസപ്പിറവി ദൃശ്യമായാൽ നാളെ സംസ്ഥാനത്ത് പെരുന്നാൾ ആഘോഷിക്കും.
എന്നാൽ ശാസ്ത്രീയമായ വിശകലനമനുസരിച്ച് കേരളത്തിൽ ഇന്ന് ചന്ദ്രപ്പിറവി ദൃശ്യമാകാൻ സാധ്യത കുറവാണെന്നാണ് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നത്. ഇന്ന് ചന്ദ്രപ്പിറവി കണ്ടില്ലെങ്കിൽ നാളെ റമദാൻ 30 പൂർത്തിയാക്കി ശനിയാഴ്ചയായിരിക്കും കേരളത്തിൽ ചെറിയ പെരുന്നാൾ ആഘോഷിക്കുക.
ചന്ദ്രപ്പിറവി: ശാസ്ത്രീയ വിലയിരുത്തൽമാർച്ച് 19ന് ഭൂമിയിൽ നിന്ന് ഏകദേശം 3,72,497 കിലോമീറ്റർ മുതൽ 3,76,431 കിലോമീറ്റർ വരെ ദൂരത്തിലായിരിക്കും ചന്ദ്രനെ കാണുക. ഇന്ന് വൈകുന്നേരം പടിഞ്ഞാറൻ ചക്രവാളത്തിൽ ഏകദേശം 13 ഡിഗ്രി മുതൽ 14 ഡിഗ്രി വരെ ഉയരത്തിലായിരിക്കും ചന്ദ്രൻ്റെ സ്ഥാനം. കേരളത്തിൽ ഇന്ന് അമാവാസിയുടെ അടുത്ത ദിനം ചന്ദ്രൻ അതിൻ്റെ 'വാക്സിങ് ക്രസൻ്റ്' (Waxing Crescent) അഥവ വളർന്നു വരുന്ന ഘട്ടത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. അതിനാൽ ചന്ദ്രപ്പിറവി കാണാൻ സാധ്യത കുറവാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. സൂര്യസ്തമയത്തിന് ശേഷം ചന്ദ്രന് തെളിച്ചമേയില്ല.
സൂര്യൻ അസ്തമിച്ച് ഏതാനും മിനിറ്റുകൾ ചന്ദ്രൻ പടിഞ്ഞാറൻ ചക്രവാളത്തിൽ തുടരുകയും പ്രകാശം ശക്തമാവുകയും ചെയ്താൽ മാത്രമേ നഗ്നനേത്രങ്ങൾ കൊണ്ട് ചന്ദ്രപ്പിറവി ദർശിക്കാനാകൂ. ഇന്ന് സൂര്യൻ അസ്തമിച്ച് 20 മിനിറ്റോളം ചന്ദ്രനുണ്ടാവുമെങ്കിലും ഇത്രയും തെളിച്ചം കുറഞ്ഞ ചന്ദ്രനെ കാണുക പ്രയാസമാണെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ബീറ്റ് വെതറിൻ്റെ സ്ഥാപകൻ കെ ജംഷാദ് പറഞ്ഞു.
മേഘങ്ങളോ പൊടിപടലങ്ങളോ ഇല്ലാത്ത ആകാശമാണെങ്കിൽ നേരിയ സാധ്യതയുണ്ടെന്നും എന്നാൽ ടെലസ്കോപ്പ് ഉപയോഗിച്ച് ചന്ദ്രനെ കാണാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ചന്ദ്രനെ കാണാൻ അസ്ട്രോണമിക്കൽ സാധ്യതയാണുള്ളത്. ഇന്ന് കേരളത്തിൽ വൈകിട്ട് മഴയ്ക്ക് സാധ്യതയുണ്ട്. അതിനാൽ പടിഞ്ഞാറൻ ആകാശത്ത് ഒറ്റപ്പെട്ട മേഘങ്ങളുണ്ടാകും. കിഴക്കൻ മേഖലയിൽ വൈകിട്ട് മഴയ്ക്കും സാധ്യതയുള്ളതിനാൽ മാർച്ച് 19ന് മാസപ്പിറവി ദർശനസാധ്യത ഇല്ലാതാവുകയാണ്. ഇതിനാൽ കേരളത്തിൽ റമദാൻ 30 പൂർത്തിയാക്കി മാർച്ച് 21ന് ഈദുൽ ഫിത്വർ ആഘോഷിക്കേണ്ടി വരും.
മാർച്ച് 20ന് ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ, ചൈന, ഇന്തോനേഷ്യ, മലേഷ്യ, തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെല്ലാം നഗ്നനേത്രങ്ങൾ കൊണ്ട് ചന്ദ്രനെ കാണാനാകും. മാർച്ച് 19ന് ബ്രിട്ടൻ, യൂറോപ്പ്, ആഫ്രിക്കയുടെ പടിഞ്ഞാറൻ ഭാഗങ്ങൾ, തുർക്കി, സൗദി അറേബ്യ എന്നിവിടങ്ങളിൽ മാസപ്പിറവി കാണാൻ സാധ്യതയുണ്ട്. മാർച്ച് 18ന് ചന്ദ്രദർശനം സാധ്യമാകില്ല. അതിനാൽ ഈ രാജ്യങ്ങളിൽ റമദാൻ 30 പൂർത്തിയാക്കി മാർച്ച് 20ന് ഈദ് ആഘോഷിക്കേണ്ടി വരും.
മാസപ്പിറവിയും മതപരമായ കാഴ്ചപ്പാടുംചന്ദ്രപ്പിറവിയുടെ മതപരമായ വീക്ഷണം പരിശോധിക്കുമ്പോൾ മാസപ്പിറവി ദർശിച്ചാൽ നോമ്പ് അനുഷ്ഠിക്കാനും പെരുന്നാൾ ആഘോഷിക്കാനുമുള്ള പ്രവാചകൻ മുഹമ്മദ് നബിയുടെ വചനമായ ഹദീസ് അനുസരിച്ചാണ് ഖാസിമാർ തീരുമാനങ്ങളെടുക്കുന്നത്. മാസം കണ്ടാൽ നോമ്പ് അനുഷ്ഠിക്കാനും മാസം കണ്ടാൽ പെരുന്നാൾ ആഘോഷിക്കാനുമുള്ള ഹദീസ് അടിസ്ഥാനമാക്കിയാണ് വിശ്വാസികൾ വ്രതാനുഷ്ഠാനത്തിന് തുടക്കം കുറിക്കുന്നതും പെരുന്നാൾ ആഘോഷിക്കുന്നതുമെന്ന് ഹാഫിള് മുഹമ്മദ് ത്വാഹാ അസ്ഹരി വിശദീകരിച്ചു.
ഇതനുസരിച്ച് ശാസ്ത്രീയമായ കണക്കുകൂട്ടലുകൾ പ്രകാരം ചന്ദ്രനെ കണ്ടുവെന്ന് അറിഞ്ഞാൽ മാത്രം മാസപ്പിറവിയിൽ തീരുമാനമെടുക്കില്ല. ചന്ദ്രപ്പിറവി കണ്ണുകൊണ്ട് കണ്ട് ഉറപ്പുവരുത്തിയാൽ മാത്രമേ ഖാസിമാർ മാസപ്പിറവി പ്രഖ്യാപിക്കുകയുള്ളൂ. വിശ്വാസയോഗ്യനായ ഒരാൾ ആകാശത്ത് മാസപ്പിറവി കണ്ടതായി അറിയിച്ചാൽ വ്രതാനുഷ്ഠാനം തീരുമാനിക്കും. എന്നാൽ വിശ്വാസയോഗ്യരായ 2 സാക്ഷികൾ ചന്ദ്രപ്പിറവി കണ്ടുവെന്ന് ഖാസിമാരെ അറിയിച്ചാൽ മാത്രമാണ് പെരുന്നാൾ തീരുമാനിക്കുക.
മുൻകാലങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് കേരളത്തിൽ ഖാസിമാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടാവുകയും പെരുന്നാൾ ആഘോഷം 2 ദിവസങ്ങളിലായി നടന്ന ചരിത്രവുമുണ്ട്. ഇത്തരം വലിയ തർക്കങ്ങളിലേക്ക് പോയ സാഹചര്യത്തിൽ ഖാസിമാർക്കിടയിലെ ഒരു ധാരണയുടെ അടിസ്ഥാനത്തിലാണ് നിലവിൽ തീരുമാനമെടുത്ത് വരുന്നത്. ഇതേത്തുടർന്ന് മാസപ്പിറവിയുമായി ബന്ധപ്പെട്ട് കേരളത്തിൽ നിലവിൽ അഭിപ്രായവ്യത്യാസങ്ങളും പ്രശ്നങ്ങളും കുറവാണ്.
കണക്കുകൾ മാത്രം അടിസ്ഥാനമാക്കി ചന്ദ്രപ്പിറവിയിൽ തീരുമാനമെടുക്കുന്ന ചില സംഘടനകളുണ്ടെങ്കിലും അവരുടെ തീരുമാനങ്ങൾക്ക് കേരളത്തിൽ കാര്യമായ സ്വാധീനമുണ്ടാകാറില്ല. ഗൾഫ് രാജ്യങ്ങളിൽ മാസപ്പിറവി ദൃശ്യമാകുന്നതിന് അനുസരിച്ചാണ് സാധാരണയായി കേരളത്തിലും പെരുന്നാൾ പ്രഖ്യാപനങ്ങളുണ്ടാകാറുള്ളത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR