വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽ യുഡിഎഫിൻ്റെ 'കൈപ്പത്തി' ഉയരില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി കെ ദാസൻ.
Kozhikode, 19 മാര്ച്ച് (H.S.) വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽ യുഡിഎഫിൻ്റെ ''കൈപ്പത്തി'' ഉയരില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി കെ ദാസൻ. മണ്ഡലം തിരിച്ചുപിടിക്കുമെന്ന യുഡിഎഫ് വാദം വെറും പ്രചാരണം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. യഥാ
K Dasan


Kozhikode, 19 മാര്ച്ച് (H.S.)

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽ യുഡിഎഫിൻ്റെ 'കൈപ്പത്തി' ഉയരില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി കെ ദാസൻ. മണ്ഡലം തിരിച്ചുപിടിക്കുമെന്ന യുഡിഎഫ് വാദം വെറും പ്രചാരണം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. യഥാർഥ കൊയിലാണ്ടിക്കാരൻ താനാണെന്നും യുഡിഎഫ് സ്ഥാനാർഥി പ്രവീൺകുമാർ പേരാമ്പ്ര സ്വദേശിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊയിലാണ്ടി നിയമസഭാ മണ്ഡലത്തിൻ്റെ ഓരോ മുക്കും മൂലയും തനിക്ക് കൃത്യമായി അറിയാമെന്ന് കെ ദാസൻ പറഞ്ഞു. മണ്ഡലത്തിലെ ഒട്ടുമിക്ക ആളുകളെയും പേരെടുത്ത് വിളിച്ച് അഭിസംബോധന ചെയ്യാൻ കഴിയുന്ന തരത്തിലുള്ള ആഴത്തിലുള്ള ബന്ധങ്ങളും ഓർമകളും ജനങ്ങളുമായുണ്ട്. 10 വർഷം നഗരസഭാ ചെയർമാനായും തുടർന്നുള്ള 10 വർഷം എംഎൽഎയായും പ്രവർത്തിച്ചതിലൂടെ ലഭിച്ച ജനബന്ധം തെരഞ്ഞെടുപ്പിൽ വലിയ തോതിൽ പ്രയോജനം ചെയ്യും.

പാർലമെൻ്ററി പ്രവർത്തനം എന്നത് പാർട്ടി ഏൽപ്പിക്കുന്ന ഒരു ചുമതല മാത്രമാണെന്നും സംഘടനാ പ്രവർത്തനങ്ങളിൽ നിന്ന് താൻ ഒരിക്കലും വിട്ടുനിന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെത്തുതൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി, മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് തുടങ്ങി വിവിധ സംഘടനാ തലങ്ങളിൽ ജില്ലയിലും സംസ്ഥാനത്തും ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നുണ്ട്.

കൊയിലാണ്ടിക്കാരനാണെന്ന് അവകാശപ്പെടുന്ന യുഡിഎഫ് സ്ഥാനാർഥി പ്രവീൺകുമാർ യഥാർഥത്തിൽ പേരാമ്പ്ര മണ്ഡലത്തിൽ നിന്നുള്ളയാളാണ്. അതുകൊണ്ടുതന്നെ താനാണ് യഥാർഥ കൊയിലാണ്ടിക്കാരനെന്നത് ഒരു യാഥാർഥ്യമാണ്. കൊയിലാണ്ടിയിൽ നിന്ന് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കാനാകുമെന്ന തികഞ്ഞ ആത്മവിശ്വാസമുണ്ട്.

ജനങ്ങളുടെ അംഗീകാരം ലഭിക്കാനുള്ള എല്ലാ ഘടകങ്ങളും തനിക്ക് അനുകൂലമാണ്. കഴിഞ്ഞ 10 വർഷത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തിനെതിരെ ജനങ്ങൾക്കിടയിൽ യാതൊരുവിധ ഭരണവിരുദ്ധ വികാരവുമില്ല. സംസ്ഥാന സർക്കാരിൻ്റെ വിവിധ ജനസേവന, സമാശ്വാസ പദ്ധതികൾ വലിയ തോതിൽ ജനങ്ങളെ ആകർഷിച്ചിട്ടുണ്ട്. ഭരണത്തുടർച്ച ഉണ്ടായില്ലെങ്കിൽ ഇത്തരം ജനക്ഷേമ പദ്ധതികൾ മുടങ്ങുമോ എന്ന ആശങ്ക ജനങ്ങൾക്കിടയിലുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ഭരണത്തുടർച്ച ഉറപ്പാണെന്നും അതിൽ ഒരു എംഎൽഎയായി താനും സഭയിലുണ്ടാകുമെന്നും കെ ദാസൻ വ്യക്തമാക്കി.

വികസന ലക്ഷ്യങ്ങൾവീണ്ടും എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടാൽ തീരദേശ ഹൈവേയുടെ നിർമാണത്തിനായിരിക്കും ആദ്യ പരിഗണന നൽകുക. ഇതിൻ്റെ ഭാഗമായി കൊളാവിപ്പാലം മുതൽ കണ്ണൻകടവ് വരെ 14.5 മീറ്റർ വീതിയിൽ മനോഹരമായ റോഡ് നിർമാണം പൂർത്തിയാക്കും. മണ്ഡലം നേരിടുന്ന കുടിവെള്ള പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തുക എന്നതാണ് മറ്റൊരു പ്രധാന ലക്ഷ്യം. ഇതിന് പുറമെ മറ്റ് ഗ്രാമീണ റോഡുകളുടെ നവീകരണം, പുതിയ കളിക്കളങ്ങളുടെ നിർമാണം, വിദ്യാർഥികൾക്കായി കൂടുതൽ യാത്രാസൗകര്യങ്ങൾ ഏർപ്പെടുത്തൽ, വയോജനങ്ങൾക്കായി പ്രത്യേക വേദികൾ സജ്ജമാക്കൽ, ഇൻഡോർ സ്റ്റേഡിയങ്ങളുടെ നിർമാണം തുടങ്ങിയ വികസന പ്രവർത്തനങ്ങളും തൻ്റെ മുൻഗണനാ പട്ടികയിലുണ്ടെന്ന് കെ ദാസൻ വിശദീകരിച്ചു.

പി ശങ്കരന് ശേഷം കോഴിക്കോട് ജില്ലയിൽ നിന്ന് കോൺഗ്രസിന് ഒരു എംഎൽഎ പോലുമില്ലെന്നത് പാർട്ടിയെ വലിയ തോതിൽ അലട്ടുന്ന വിഷയമാണ്. ഇത്തവണ കൊയിലാണ്ടിയിലൂടെ ഈ ക്ഷീണം മാറ്റാനാകുമെന്നാണ് പ്രവീൺകുമാറിനെ അനുകൂലിക്കുന്നവരുടെ പ്രതീക്ഷ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് വളരെ മുൻപ് തന്നെ മണ്ഡലത്തിൽ പ്രവർത്തനം ആരംഭിച്ച പ്രവീൺകുമാർ തികഞ്ഞ വിജയപ്രതീക്ഷയിലായിരുന്നു. എന്നാൽ കെ ദാസൻ അപ്രതീക്ഷിതമായി എൽഡിഎഫ് സ്ഥാനാർഥിയായി എത്തിയതോടെ മണ്ഡലത്തിലെ പോരാട്ടം കൂടുതൽ കടുത്തതായി മാറി. ഇരു മുന്നണികളും താഴെത്തട്ടിലുള്ള പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കിയതോടെ മണ്ഡലത്തിൽ കടുത്ത രാഷ്ട്രീയ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News