കെ സുധാകരൻ എംപിയുടെ സ്ഥാനാർഥിത്വത്തിൽ തട്ടി നീണ്ട കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ ഒടുവിൽ തീരുമാനം
Thiruvananthapuram , 19 മാര്ച്ച് (H.S.) കെ സുധാകരൻ എംപിയുടെ സ്ഥാനാർഥിത്വത്തിൽ തട്ടി നീണ്ട കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ ഒടുവിൽ തീരുമാനം. മൂന്നുദിവസം നീണ്ട അനിശ്ചിതത്വത്തിനും മാരത്തൺ ചർച്ചകൾക്കും ഒടുവിൽ സുധാകരൻ്റെ സമ്മർദത്തിന് വഴങ്ങി കണ്ണൂരിൽ സീറ്റ
K Sudhakaran


Thiruvananthapuram , 19 മാര്ച്ച് (H.S.)

കെ സുധാകരൻ എംപിയുടെ സ്ഥാനാർഥിത്വത്തിൽ തട്ടി നീണ്ട കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ ഒടുവിൽ തീരുമാനം. മൂന്നുദിവസം നീണ്ട അനിശ്ചിതത്വത്തിനും മാരത്തൺ ചർച്ചകൾക്കും ഒടുവിൽ സുധാകരൻ്റെ സമ്മർദത്തിന് വഴങ്ങി കണ്ണൂരിൽ സീറ്റ് നൽകാൻ ധാരണയായി. കോൺഗ്രസിലെ എക്കാലത്തെയും ട്രബിൾ ഷൂട്ടറും മുതിർന്ന നേതാവുമായ എകെ ആൻ്റണിയുടെ ഇടപെടലും സുധാകരന് സീറ്റ് ലഭിക്കാൻ കാരണമായി.

മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്ന ആറ്റിങ്ങൽ എംപി അടൂർ പ്രകാശിൻ്റെ കാര്യത്തിൽ തീരുമാനമായില്ല. നിലവിലുണ്ടെന്ന് കരുതപ്പെടുന്ന അനുകൂല രാഷ്ട്രീയ സാഹചര്യം നഷ്ടപ്പെടുമെന്ന വിലയിരുത്തലിലാണ് സുധാകരന് വഴങ്ങാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായുള്ള ചർച്ചകൾക്കും നീണ്ടുനിന്ന അനിശ്ചിതത്വത്തിനും ഒടുവിലാണ് സുധാകരന് മത്സരിക്കാൻ ഹൈക്കമാൻഡ് അനുമതി നൽകിയത്. അനുമതി നൽകിയതോടെ രണ്ടു ദിവസമായി കെ സുധാകരൻ വിളിച്ചു ചേർക്കാനിരുന്ന വാർത്താസമ്മേളനം ഒഴിവാക്കി.

സ്ഥാനാർഥി നിർണയത്തിലെ അനിശ്ചിതത്വം

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ക്യാമ്പിൽ അനിശ്ചിതത്വം നിലനിൽക്കുകയായിരുന്നു. എംപിമാരുടെ മത്സരം സംബന്ധിച്ച കൃത്യമായ ധാരണ നേതൃത്വത്തിനുണ്ടായിരുന്നില്ല. തനിക്ക് മത്സരിക്കണമെന്ന സുധാകരൻ്റെയും അടൂർ പ്രകാശിൻ്റെയും ആവശ്യത്തോട് പാർട്ടി നേതൃത്വം ആദ്യം മുഖം തിരിച്ചെങ്കിലും അവർ ആവശ്യത്തിൽ ഉറച്ചുനിന്നതോടെ കൂടുതൽ ചർച്ചകളിലേക്ക് പാർട്ടി കടക്കുകയായിരുന്നു. ഇതിനിടെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കോഴിക്കോട് എംപി എംകെ രാഘവൻ തുടങ്ങി നിരവധി നേതാക്കൾ കെ സുധാകരനെ അനുനയിപ്പിക്കാൻ നടത്തിയ ചർച്ചകൾ എങ്ങുമെത്തിയില്ല. അടൂർ പ്രകാശും മത്സരിക്കണമെന്ന നിലപാടിൽ ഉറച്ചുനിന്നു.

തുടർനടപടികളും ചർച്ചകളും

തുടർന്ന് ചൊവ്വാഴ്ച അതിരാവിലെ ഡൽഹിയിലെത്തിയ കെ സുധാകരൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുമായി ചർച്ച നടത്തി. എന്നിട്ടും പാർട്ടി അന്തിമ തീരുമാനമെടുത്തില്ല. തുടർന്ന് കെ സുധാകരൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് നേതൃത്വത്തെ അറിയിക്കുകയും ഡൽഹിയിൽ വാർത്താസമ്മേളനം വിളിക്കുകയും ചെയ്തിരുന്നു. കെ സുധാകരനും അടൂർ പ്രകാശിനും കേരള ഹൗസിൽ നിന്നും ബാധ്യതാരഹിത സർട്ടിഫിക്കറ്റ് വാങ്ങിയെന്ന വിവരവും പുറത്തുവന്നു. ഇരുവരും സ്വതന്ത്രരായി മത്സരിക്കുമെന്ന അഭ്യൂഹം പരന്നതോടെ ഹൈക്കമാൻഡ് പ്രതിസന്ധിയിലായി. എംപിമാർ മത്സരിക്കേണ്ടെന്ന ആദ്യ തീരുമാനം പുനരാലോചിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചു. കോന്നിയും കണ്ണൂരും ഒഴിച്ചിട്ടുകൊണ്ടായിരുന്നു കോൺഗ്രസിൻ്റെ ആദ്യപട്ടിക ഇന്നലെ പുറത്തിറങ്ങിയത്. തർക്കം കടുത്തതോടെ തെരഞ്ഞെടുപ്പ് സമിതി യോഗവും വൈകുന്നേരത്തേക്ക് നീട്ടി.

എകെ ആൻ്റണിയുടെ ഇടപെടൽ

ബുധനാഴ്ച ഡൽഹിയിൽ വാർത്താസമ്മേളനം വിളിക്കുമെന്ന് സുധാകരൻ അറിയിച്ചിരുന്നു. എന്നാൽ, അതുണ്ടായില്ല. തുടർന്ന് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വാർത്താസമ്മേളനം ഉണ്ടാകുമെന്ന് അഭ്യൂഹം പരന്നു. അതിനിടെ, കണ്ണൂരിൽ സുധാകരൻ അനുകൂലികൾ പരസ്യമായി പ്രകടനം നടത്തിയിരുന്നു. കണ്ണൂരിലെ ചുമരുകളിൽ പ്രത്യക്ഷപ്പെട്ട മുൻ മേയറും കോൺഗ്രസ് നേതാവുമായ ടിഒ മോഹനൻ്റെ പേരും സുധാകരൻ അനുകൂലികളെ പ്രകോപിപ്പിച്ചു. തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയിലുണ്ടായി അപ്രതീക്ഷിത പ്രതിസന്ധി പരിഹരിക്കാൻ തിരുവനന്തപുരത്തു നിന്നും മുതിർന്ന നേതാവ് എകെ ആൻ്റണിയും ഇടപെട്ടു. സുധാകരനുമായി ദീർഘമായി സംസാരിച്ച ആൻ്റണി രാഹുൽ ഗാന്ധിയെ വിവരങ്ങൾ ധരിപ്പിച്ചതായാണ് സൂചന.

പ്രതിസന്ധി പരിഹാരം

ഇതേത്തുടർന്നാണ് പ്രശ്നപരിഹാരത്തിന് വഴി തെളിഞ്ഞത്. എന്ത് പ്രതിസന്ധിയുണ്ടായാലും പാർട്ടിയിൽ ഉറച്ചുനിൽക്കുമെന്ന് കെ സുധാകരൻ ഉറപ്പു നൽകിയതായി എകെ ആൻ്റണി മാധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ ചോദ്യങ്ങൾക്ക് പ്രതികരിക്കാൻ ആൻ്റണി തയാറായില്ല. സീറ്റ് കിട്ടാത്തതിൽ അണികൾക്ക് നിരാശയെന്ന് അടൂർ പ്രകാശ് ഫേസ്ബുക്കിൽ പോസ്റ്റിട്ടെങ്കിലും അത് പിൻവലിച്ചു. തുടർന്ന് നിലവിലുള്ള അനുകൂല രാഷ്ട്രീയ സാഹചര്യം സുധാകരനിലൂടെ കൈവിടുമെന്ന അവസ്ഥ വന്നതോടെ അദ്ദേഹത്തിന് മത്സരിക്കാൻ ഹൈക്കമാൻഡ് അനുമതി നൽകുകയായിരുന്നു.

ശിവഗിരിമഠവും കോൺഗ്രസും ചേർന്ന് സംഘടിപ്പിച്ച ഗാന്ധി - ഗുരു കൂടിക്കാഴ്ചയുടെ നൂറാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയ രാഹുൽ ഗാന്ധിക്ക് സുധാകരനെയും അടൂർ പ്രകാശിനെയും മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ നൽകിയ കത്തും ഹൈക്കമാൻഡ് ഗൗരവപൂർവമാണ് പരിഗണിച്ചത്. ഇതുകൂടി കണക്കിലെടുത്താണ് മത്സരിക്കാൻ നേതൃത്വം അനുമതി നൽകിയത്. തീരുമാനം വന്നതോടെ കണ്ണൂരിൽ സുധാകരൻ അനുകൂലികൾ ആഹ്ളാദ പ്രകടനം നടത്തി

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News