Enter your Email Address to subscribe to our newsletters

Thiruvananthapuram, 19 മാര്‍ച്ച് (H.S.)
തിരുവനന്തപുരം : മസ്റ്ററിംഗിന് സഹകരിക്കാത്ത തരത്തിൽ മാനസിക വൈകല്യങ്ങളുള്ളവർക്ക് തടസമില്ലാതെ പെൻഷൻ ലഭിക്കുന്നതിന് മാനുഷികപരിഗണന നൽകി പഞ്ചായത്ത് സെക്രട്ടറി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ഗുണഭോക്താവ് ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പു വരുത്താനാണ് വർഷം തോറും മസ്റ്ററിംഗ് നടത്തുന്നതെന്നും ഉത്തരവിൽ പറഞ്ഞു. ആവശ്യമെങ്കിൽ പഞ്ചായത്ത് സെക്രട്ടറി ഗുണഭോക്താവിന്റെ വീട്ടിലെത്തി ആൾ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
72 വയസുള്ള വിതുര പൊൻപാറ സ്വദേശിനിയായ അമ്മ 26 വർഷമായി മാനസികരോഗമുള്ള മകന് വേണ്ടി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. മകന് പ്രതിമാസം ലഭിക്കുന്ന 1600 രൂപ കൊണ്ടാണ് ജീവിക്കുന്നതെന്നും മകൻമസ്റ്ററിംഗിനായി കൈ മെഷീനിൽ പതിപ്പിക്കാൻ വിസമ്മതിക്കുന്നതിനാൽ 8 മാസമായി പെൻഷൻ ലഭിക്കുന്നില്ലെന്നും പരാതിയിൽ പറഞ്ഞു.
സത്വര നടപടികൾ സ്വീകരിക്കാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് തൊളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. പരാതിക്കാരിയുടെ മകന് പെൻഷൻ നൽകിയെന്നും അത് സേവന പെൻഷൻ സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
ഇനിയും ഇത്തരത്തിൽ പ്രശ്നമുണ്ടായാൽ
ഇപ്പോൾ പരിഹരിച്ചതുപോലെ ഭാവിയിലെ പ്രശ്നങ്ങളും പരിഹരിച്ച് തടസമില്ലാതെ പെൻഷൻ നൽകണമെന്ന് കമ്മീഷൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ആവശ്യമെന്ന് കണ്ടാൽ പ്രശ്ന പരിഹാര മാർഗങ്ങൾ പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
---------------
Hindusthan Samachar / Sreejith S