Enter your Email Address to subscribe to our newsletters

Kasaragod , 19 മാര്ച്ച് (H.S.)
സംഭവബഹുലമായ രാഷ്ട്രീയ നാടകീയതകൾക്കൊടുവിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി സന്ദീപ് വാര്യർ മത്സരിക്കും. കേരള കോൺഗ്രസിൽ നിന്നും ഇത്തവണ കോൺഗ്രസ് ഏറ്റെടുത്ത മണ്ഡലത്തിൽ ഡിസിസി പ്രസിഡൻ്റ് അടക്കമുള്ള മുതിർന്ന നേതാക്കളുടെ പേരുകൾ ഉയർന്നുവന്നിരുന്നെങ്കിലും അന്തിമ നറുക്ക് സന്ദീപ് വാര്യർക്ക് വീഴുകയായിരുന്നു.
അതേസമയം സന്ദീപ് വാര്യരുടെ സ്ഥാനാർഥിത്വത്തിൽ കാസർകോട് ഡിസിസിയിൽ കടുത്ത അതൃപ്തി നിലനിൽക്കുന്നുണ്ട്. ഇതിനുപിന്നാലെ അടിയന്തര ഡിസിസി യോഗം ചേരാൻ ആലോചിച്ചിരുന്നെങ്കിലും താത്കാലികമായി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. തൃക്കരിപ്പൂരിൽ ജില്ലയിൽ നിന്നുള്ള സ്ഥാനാർഥി വേണമെന്നായിരുന്നു കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിൻ്റെ പ്രധാന ആവശ്യം.
ഡിസിസി പ്രസിഡൻ്റ് ഈ അതൃപ്തി പരസ്യമാക്കുകയും ചെയ്തിരുന്നു. എന്നാൽ ജില്ലയിലെ നേതാക്കളുടെ വിയോജിപ്പുകൾ മുഖവിലയ്ക്കെടുക്കാതെയാണ് തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരെ യുഡിഎഫ് സ്ഥാനാർഥി ആക്കിയത്. സന്ദീപ് വാര്യരുടെ ആദ്യ ശ്രമം ജില്ലയിലെ നേതാക്കളെ അനുനയിപ്പിക്കുക എന്നതായിരിക്കും.
സീറ്റ് തർക്കവും നാടകീയതയും
ആദ്യഘട്ടത്തിൽ കേരള കോൺഗ്രസ് സ്വയം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതുമുതലാണ് മണ്ഡലത്തിൽ നാടകീയ സംഭവങ്ങളുടെ തുടക്കം. നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കരിപ്പൂരിൽ കേരള കോൺഗ്രസ് സ്ഥാനാർഥിയായി ജില്ലാ പ്രസിഡൻ്റ് ജെറ്റോ ജോസഫിനെ മത്സരിപ്പിക്കാൻ അവരുടെ ജില്ലാ കമ്മിറ്റിയിൽ തീരുമാനമായതായി പാർട്ടി നേതൃത്വം തന്നെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ യുഡിഎഫിൽ കടുത്ത തർക്കം ആരംഭിച്ചു.
കോൺഗ്രസിൻ്റെ സ്ഥാനാർഥി ചർച്ചകൾ നടക്കുന്നതിനിടെ കേരള കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് കോൺഗ്രസ് ജില്ലാ നേതൃത്വത്തെ ചൊടിപ്പിച്ചു. മണ്ഡലത്തിൽ കേരള കോൺഗ്രസിന് നാമമാത്രമായ പ്രവർത്തകർ മാത്രമാണുള്ളതെന്നായിരുന്നു കോൺഗ്രസിൻ്റെ പ്രധാന ആരോപണം. തൃക്കരിപ്പൂർ സീറ്റ് വിട്ടുനൽകില്ലെന്ന് കേരള കോൺഗ്രസ് ആദ്യം പ്രഖ്യാപിച്ചിരുനുവെങ്കിലും പിന്നീട് വിട്ടുകൊടുക്കാൻ തയാറായി. പകരം കാഞ്ഞങ്ങാട് സീറ്റ് കേരള കോൺഗ്രസിന് നൽകിയാണ് യുഡിഎഫ് നേതൃത്വം സമവായത്തിലെത്തിയത്.
കത്ത് വിവാദവും സ്ഥാനാർഥി ചർച്ചകളുംമണ്ഡലം ഏറ്റെടുത്തതിന് പിന്നാലെ കോൺഗ്രസിനുള്ളിൽ സ്ഥാനാർഥിയെച്ചൊല്ലിയുള്ള തർക്കമാണ് പിന്നീട് കണ്ടത്. മണ്ഡലം പ്രസിഡൻ്റുമാരുടെ പേരിൽ വ്യാജ ഒപ്പുവച്ച് ഡിസിസി പ്രസിഡൻ്റ് കത്ത് നൽകിയത് വലിയ വിവാദമായി മാറി. യൂത്ത് കോൺഗ്രസ് നേതാവ് ജോമോൻ ജോസിനെ മണ്ഡലത്തിൽ മത്സരിപ്പിക്കാനുള്ള തീരുമാനം പുറത്തുവന്നതിനു പിന്നാലെയായിരുന്നു ഈ കത്ത് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ജോമോനെ പരിഗണിക്കുന്നതിൽ കടുത്ത എതിർപ്പ് അറിയിച്ചുകൊണ്ടുള്ള കത്തായിരുന്നു അത്. 10 മണ്ഡലം പ്രസിഡൻ്റുമാർ ഒപ്പുവച്ച് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് നൽകിയെന്ന് കരുതുന്ന കത്തിൽ തങ്ങൾ ഒപ്പുവച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കിയതോടെ ഡിസിസി പ്രസിഡൻ്റ് വെട്ടിലായി.
തൃക്കരിപ്പൂർ മണ്ഡലം ഏറ്റെടുക്കാൻ കത്തയക്കുന്നു എന്നതിൻ്റെ പേരിൽ ഡിസിസി പ്രസിഡൻ്റ് പി കെ ഫൈസൽ ആവശ്യപ്പെട്ടതിനെ തുടർന്ന് ബ്ലാങ്ക് പേപ്പറിൽ ഒപ്പുവച്ചു നൽകിയിരുന്നതായും ഇതിൽ വ്യാജ വിവരങ്ങൾ ചേർത്ത് നാല് കത്തുകൾ അയക്കുകയായിരുന്നുവെന്നും മണ്ഡലം പ്രസിഡൻ്റുമാർ തുറന്നടിച്ചു. എന്നാൽ ഇങ്ങനെയൊരു കത്ത് ലഭിച്ചിട്ടില്ലെന്ന് ദീപാദാസ് മുൻഷി പ്രതികരിച്ചതോടെയാണ് ഈ വിവാദം കെട്ടടങ്ങിയത്.
ഡിസിസി പ്രസിഡൻ്റ് പി കെ ഫൈസലിന് തൃക്കരിപ്പൂരിൽ മത്സരിക്കാൻ വലിയ താത്പര്യമുണ്ടായിരുന്നു. ഏറ്റവും ഒടുവിൽ കോൺഗ്രസ് നേതാവ് ബാലകൃഷ്ണൻ പെരിയയുടെ പേരും ഉയർന്നുവന്നെങ്കിലും, എംപി രാജ്മോഹൻ ഉണ്ണിത്താൻ കടുത്ത അതൃപ്തി അറിയിച്ചതോടെ ആ പേരും വെട്ടുകയായിരുന്നു. സീറ്റ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി നേതൃയോഗത്തിലും ബ്ലോക്ക് കമ്മിറ്റികളിലും നേരത്തെ പ്രമേയം പാസാക്കുകയും, പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡൻ്റിനും ഡിസിസി കത്തയക്കുകയും ചെയ്തിരുന്നു. തുടർന്നുള്ള ഏറെ നീണ്ട ചർച്ചകൾക്കൊടുവിലാണ് സീറ്റ് കോൺഗ്രസ് ഏറ്റെടുത്തത്.
സിപിഎമ്മിൻ്റെ ഉറച്ച കോട്ടഎൽഡിഎഫിൻ്റെ ഉറച്ച മണ്ഡലമായാണ് തൃക്കരിപ്പൂർ അറിയപ്പെടുന്നത്. ഇ കെ നായനാർ, ഒ ഭരതൻ, പി കരുണാകരൻ തുടങ്ങി സിപിഎമ്മിലെ കരുത്തരായ നേതാക്കളെ നിയമസഭയിലെത്തിച്ച ചരിത്രമുള്ള മണ്ണാണിത്. 1977ൽ രൂപവത്കരിച്ച ശേഷം സിപിഎമ്മിൻ്റെ കൈകളിൽ പൂർണമായും ഭദ്രമാണ് തൃക്കരിപ്പൂർ മണ്ഡലം. 2021ൽ എം രാജഗോപാൽ 26137 വോട്ടിൻ്റെ വമ്പൻ ഭൂരിപക്ഷത്തിലാണ് ഇവിടെനിന്ന് വിജയിച്ചത്. നിലവിൽ അദ്ദേഹം സിപിഎം ജില്ലാ സെക്രട്ടറിയായ സാഹചര്യം പരിഗണിച്ചാണ് വി പി പി മുസ്തഫയെ ഇത്തവണ എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR