Enter your Email Address to subscribe to our newsletters

Thiruvananthapuram , 19 മാര്ച്ച് (H.S.)
സംസ്ഥാനത്ത് കോൺഗ്രസ് സ്ഥാനാർഥി പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ യാതൊരുവിധ തർക്കങ്ങളുമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അർഹതയുള്ള ഒന്നിലേറെപ്പേർ പരിഗണനയിലുണ്ടെങ്കിലും ഒരു സീറ്റിൽ ഒരാളെ മാത്രമേ മത്സരിപ്പിക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചു. സിറ്റിങ് എംപിമാരുടെ സ്ഥാനാർഥിത്വം സംബന്ധിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറിയ അദ്ദേഹം, പട്ടിക പുറത്തുവരുമ്പോൾ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂവെന്നും കൂട്ടിച്ചേർത്തു.
സ്ഥാനാർഥി നിർണയം വേഗത്തിൽ
സ്ഥാനാർഥി നിർണയ പ്രക്രിയ ഒട്ടും വൈകിയിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ വിശദീകരണം. ആകെയുള്ള 95 സീറ്റുകളിൽ 90 സീറ്റുകളിലെയും തീരുമാനം എടുക്കാൻ നേതൃത്വത്തിന് വെറും 2 ദിവസം മാത്രമാണ് വേണ്ടിവന്നത്. കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ഇത്രയും വേഗത്തിൽ കോൺഗ്രസിൽ ഒരു സ്ഥാനാർഥി നിർണയം ഇതിനുമുൻപ് ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണെന്നും അദ്ദേഹം ചോദിച്ചു.
90 സീറ്റുകളിലെയും സ്ഥാനാർഥികളുടെ കാര്യത്തിൽ കൃത്യമായ തീരുമാനത്തിൽ എത്തിയിട്ടുണ്ട്. എന്നാൽ, ബാക്കിയുള്ള 5 സീറ്റുകളിലെ തീരുമാനം മാറ്റിവച്ചിരിക്കുകയാണ്. ഈ മണ്ഡലങ്ങളിൽ ചില കാര്യങ്ങൾ കൂടി സൂക്ഷ്മമായി പരിശോധിക്കേണ്ടതുള്ളതുകൊണ്ടാണ് പ്രഖ്യാപനം വൈകുന്നത്. തീരുമാനമായ സീറ്റുകളുടെ പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകുമെന്നാണ് സൂചന. സ്ഥാനാർഥി പട്ടിക ഒരു സസ്പെൻസ് ആയതിനാൽ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആദ്യത്തെ 24 മണിക്കൂറിൽ സ്ഥാനാർഥി നിർണയം നടക്കാതിരുന്നതിന് പിന്നിൽ നേതാക്കൾക്കിടയിലെ തർക്കമാണെന്ന വാദം വിഡി സതീശൻ പൂർണമായും തള്ളി. സ്ക്രീനിങ് കമ്മിറ്റി ചെയർമാന് കൃത്യസമയത്ത് എത്തിച്ചേരാൻ കഴിയാതിരുന്നതാണ് ഇതിന് കാരണം. അദ്ദേഹത്തിന് അപ്രതീക്ഷിതമായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും തുടർന്ന് ഡയാലിസിസ് വേണ്ടിവരികയും ചെയ്ത സാഹചര്യത്തിലാണ് യോഗം മാറ്റിവച്ചത്. ഇതിനായി ഒരു ദിവസം മുഴുവൻ കാത്തിരിക്കേണ്ടി വന്നു.
24 മണിക്കൂറിനകം 50 സ്ഥാനാർഥികളെ പ്രഖ്യാപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ചെയർമാൻ ഇല്ലാതെ സ്ക്രീനിങ് കമ്മിറ്റി ചേരാൻ സാധിക്കാത്തതുകൊണ്ടാണ് നടപടികൾ വൈകിയത്. ഇതിനുശേഷം മൂന്നേകാൽ മണിക്കൂർ സമയമെടുത്താണ് 36 സ്ഥാനാർഥികളെക്കൂടി തീരുമാനിച്ചത്. ഓരോരുത്തരുടെയും വിജയസാധ്യതകളും മറ്റ് രാഷ്ട്രീയ സാഹചര്യങ്ങളും വളരെ വിശദമായി ചർച്ച ചെയ്തതിനു ശേഷമാണ് അന്തിമ തീരുമാനത്തിലേക്ക് എത്തിയത്. യാതൊരു സംശയങ്ങൾക്കും ഇടനൽകാത്ത വിധം വളരെ ഭംഗിയായിത്തന്നെയാണ് എല്ലാ നടപടികളും പൂർത്തിയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
നേതാക്കൾക്കിടയിൽ ഭിന്നതയില്ല
താനും കെസി വേണുഗോപാലും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസമുണ്ടെന്ന രീതിയിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. കോൺഗ്രസ് നേതാക്കൾക്കിടയിൽ അനുനയ നീക്കങ്ങളുടെ ആവശ്യമില്ലെന്നും എല്ലാവരും എപ്പോഴും പരസ്പരം ആശയവിനിമയം നടത്തുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. നേതാക്കൾ തമ്മിൽ വലിയ പ്രശ്നങ്ങളാണെന്ന തരത്തിൽ ചില വാർത്താ ചാനലുകളിൽ ചർച്ചകൾ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു.
കെസി വേണുഗോപാലാണ് ഇത്തരം വാർത്തകൾ വരുന്ന കാര്യം തൻ്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ആ വാർത്ത കണ്ട് തങ്ങൾ ഇരുവരും ഒരുമിച്ചിരുന്ന് ചിരിക്കുകയാണുണ്ടായത്. അദ്ദേഹത്തിന് മറ്റാരോ ഫോൺ വിളിച്ച് പറഞ്ഞപ്പോഴാണ് ചാനൽ മാറ്റി വാർത്ത കണ്ടത്. ഏത് ചാനലിലാണ് ഇത് വന്നതെന്ന് പേരെടുത്ത് പറയുന്നില്ല. സമാനമായ രീതിയിലുള്ള വ്യാജ പ്രചാരണങ്ങൾ പൂർണമായും തള്ളിക്കളയുകയാണെന്നും കെ സുധാകരനുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
സ്ഥാനാർഥി പട്ടിക പുറത്തുവരുമ്പോൾ കോൺഗ്രസിൽ ഒരു പൊട്ടിത്തറിയും ഉണ്ടാകില്ലെന്നാണ് നേതൃത്വത്തിൻ്റെ വിശ്വാസം. സീറ്റ് കിട്ടാത്ത ചില നേതാക്കൾ അവരുടെ വിഷമങ്ങൾ പ്രകടിപ്പിച്ചേക്കാം. ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന പാർട്ടികളിൽ അതൊക്കെ തികച്ചും സ്വാഭാവികമായ കാര്യമായതിനാൽ അവരെ കുറ്റപ്പെടുത്തുന്നില്ല. അതൊരു പെട്ടെന്നുള്ള വികാരം മാത്രമായിരിക്കും.
ഒരേ സീറ്റിൽ തന്നെ ഒന്നിൽ കൂടുതൽ അർഹതയുള്ള ആളുകൾ ഉണ്ടാകുമ്പോൾ ആളെ തെരഞ്ഞെടുക്കാൻ നേതൃത്വത്തിനും വലിയ ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ട്. സീറ്റ് ലഭിക്കാത്തവർക്ക് സ്വാഭാവികമായും വലിയ വിഷമം ഉണ്ടാകുമെന്നതിനാൽ അവരെ നേരിട്ട് കണ്ട് സംസാരിക്കാൻ പാർട്ടി മുൻകൈയെടുക്കും. സംഘടനാപരമായും അല്ലാതെയുമുള്ള കാര്യങ്ങളിൽ അവർക്ക് വേണ്ട പൂർണ സംരക്ഷണം പാർട്ടി നൽകും. നിലവിലെ സാഹചര്യത്തിൽ പാർട്ടി ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR