നിയമസഭാ തിരഞ്ഞെടുപ്പ് :ചെലവ് നിരീക്ഷകരുടെ യോഗം ചേര്ന്നു
Thiruvanathapuram, 19 മാര്‍ച്ച് (H.S.) നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങളും ചെലവ് നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റില്‍ ചെലവ് നിരീക്ഷകരുടെയും പൊലീസ്, എക്സൈസ്, റിട്ടേണിംഗ് ഓഫീസര്‍മാരുടെയും യോഗം ചേര്‍
Election commission


Thiruvanathapuram, 19 മാര്‍ച്ച് (H.S.)

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങളും ചെലവ് നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റില്‍ ചെലവ് നിരീക്ഷകരുടെയും പൊലീസ്, എക്സൈസ്, റിട്ടേണിംഗ് ഓഫീസര്‍മാരുടെയും യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ അനു കുമാരി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കുന്നതിനും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധ്യതയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ യോഗം നിര്‍ദ്ദേശം നല്‍കി. അതിര്‍ത്തി കടന്നുള്ള ലഹരികടത്തും മദ്യത്തിന്റെ അനിയന്ത്രിത വിതരണവും തടയാന്‍ എക്സൈസ്, പോലീസ് വകുപ്പുകള്‍ സംയുക്തമായി പരിശോധനകള്‍ നടത്തും. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ലഹരിവസ്തുക്കള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ അതിര്‍ത്തി പങ്കിടുന്ന ചെക്ക് പോസ്റ്റുകളില്‍ നിരീക്ഷണം ശക്തമാക്കും.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മദ്യത്തിന്റെ ഉത്പാദനത്തിലോ വിതരണത്തിലോ ഉണ്ടാകുന്ന അസ്വാഭാവികമായ വര്‍ദ്ധനവ് നിരീക്ഷിക്കാനും ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ദിവസേന സമര്‍പ്പിക്കാനും എക്സൈസ് വകുപ്പിനോട് ആവശ്യപ്പെട്ടു. സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കുന്നതിനായി പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. ബാങ്കുകളില്‍ നിന്ന് പത്ത് ലക്ഷം രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുകയോ സംശയാസ്പദമായ രീതിയില്‍ പണമിടപാടുകള്‍ നടത്തുകയോ ചെയ്താല്‍ ബാങ്ക് മാനേജര്‍മാര്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ നല്‍കുന്ന സൗജന്യങ്ങള്‍ തടയാന്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ഒബ്സര്‍വര്‍മാര്‍ നിര്‍ദ്ദേശിച്ചു. നിരീക്ഷണ സംഘങ്ങള്‍ ഒരേ സ്ഥലത്ത് കേന്ദ്രീകരിച്ച് പരിശോധന നടത്താതെ പലയിടങ്ങളിലായി പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്നും യോഗം വിലയിരുത്തി.

യോഗത്തില്‍ ചെലവ് നിരീക്ഷകരായ പ്രമോദ് എ നിഖാല്‍ജെ, ഉമേഷ് കുമാര്‍, കെ വീരമണി, ലോകേഷ് സിംഖാല, സിറ്റി പൊലീസ് കമ്മീഷണര്‍ കെ കാര്‍ത്തിക്, സബ് കളക്ടര്‍ ആല്‍ഫ്രഡ് ഒ വി, എക്സൈസ് ഉദ്യോഗസ്ഥര്‍, വിവിധ റിട്ടേണിംഗ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

---------------

Hindusthan Samachar / Sreejith S


Latest News