Enter your Email Address to subscribe to our newsletters

Dubai, 02 മാര്‍ച്ച് (H.S.)
ദുബായ് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ പരിമിതമായ രീതിയില്‍ പുനരാരംഭിച്ചു. ചില സര്‍വീസുകള്‍ ആരംഭിച്ചതായി ദുബായ് വിമാനത്താവള അധികൃതര്‍ അറിയിച്ചു. വിമാനക്കമ്പനികളില്‍നിന്ന് നേരിട്ട് അറിയിപ്പ് ലഭിക്കുകയും യാത്ര ഉറപ്പാക്കുകയും ചെയ്തവരല്ലാതെ മറ്റാരും വിമാനത്താവളങ്ങളിലേക്ക് വരരുതെന്ന് അധികൃതര്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഇന്ന് വൈകുന്നേരം മുതല്‍ ചില വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതായി എമിറേറ്റ്സ് അറിയിച്ചു. നേരത്തെ ബുക്കു ചെയ്ത യാത്രക്കാര്‍ക്കാണ് മുന്‍ഗണന. യാത്ര ചെയ്യാന്‍ റീബുക്ക് ചെയ്തവരെ എമിറേറ്റ്സ് നേരിട്ട് ബന്ധപ്പെടും. ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് കമ്പനി അഭ്യര്‍ഥിച്ചു.മറ്റെല്ലാ വിമാന സര്‍വീസുകളും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അതിനനുസരിച്ച് വിമാന ഷെഡ്യൂളുകള്‍ തയാറാക്കുമെന്നും കമ്പനി അറിയിച്ചു.
ഇത്തിഹാദ് എയര്‍വേയ്സിന്റെ 15 യാത്രാ വിമാനങ്ങള്‍ അബുദാബിയില്‍ നിന്ന് സര്‍വീസ് ആരംഭിച്ചു. യുദ്ധം തുടങ്ങിയത് മുതല്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കാനാണിത്. ഫ്‌ലൈദുബായ് ചില സര്‍വീസുകള്‍ ആരംഭിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുന്‍പ് വെബ്‌സൈറ്റ് പരിശോധിക്കണമെന്ന് കമ്പനി യാത്രക്കാരോട് അഭ്യര്‍ഥിച്ചു.
നാളെ മുതല്‍ മസ്‌കത്തിലേക്കും അവിടെ നിന്നുമുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുനരാരംഭിക്കും. ഡല്‍ഹി, കൊച്ചി, കോഴിക്കോട്, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്ക് ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. മസ്‌കത്തില്‍ നിന്നുള്ള ആദ്യ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പ്രാദേശിക സമയം 10:25ന് തിരുച്ചിറപ്പള്ളിയിലേക്ക് പുറപ്പെടും. വിമാനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങള്‍ അറിയുന്നതിനായി www.airindiaexpress.com സന്ദര്‍ശിക്കണം.
യാത്ര മാറ്റിവയ്ക്കുന്നതിനും ടിക്കറ്റ് റദ്ദാക്കുന്നതിനും ഫീസുകളില്‍ ഇളവ് ലഭിക്കുന്നതിനായി യാത്രക്കാര്‍ക്ക് ഈ ലിങ്ക് ഉപയോഗിക്കാം: https://www.airindiaexpress.com/manage-booking. വാട്‌സാപ്പില്‍ ബന്ധപ്പെടേണ്ട നമ്പര്‍- (+91 63600 12345). ബഹ്റൈന്‍, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നാളെ അര്‍ധരാത്രിവരെ നിര്‍ത്തിവച്ചിരിക്കുകയാണ്. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഖേദം പ്രകടിപ്പിച്ചു.
അബുദാബിയിലേക്കും അവിടെ നിന്നുമുള്ള ഇത്തിഹാദിന്റെ ഷെഡ്യൂള്‍ ചെയ്ത എല്ലാ വിമാന സര്‍വീസുകളും ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിവരെ (യുഎഇ സമയം) നിര്‍ത്തിവച്ചു. ഇത്തിഹാദ് നേരിട്ട് നിര്‍ദേശിക്കുന്നതുവരെ യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പോകരുത്.
കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരികെ എത്തിക്കുന്നതിനായി നാളെ ജിദ്ദയില്‍ നിന്ന് ഇന്ത്യയിലേക്ക് 10 പ്രത്യേക സര്‍വീസുകള്‍ നടത്താനൊരുങ്ങി ഇന്‍ഡിഗോ. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലുമായി ചേര്‍ന്ന് ഇന്‍ഡിഗോ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരികയാണ്.
---------------
Hindusthan Samachar / Sreejith S