Enter your Email Address to subscribe to our newsletters

Trivandrum, 02 മാര്ച്ച് (H.S.)
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ സ്ത്രീമുന്നേറ്റങ്ങളിൽ ഒന്നായ ആറ്റുകാൽ പൊങ്കാലയ്ക്കായി അനന്തപുരി സർവ്വസജ്ജമായി. നാളെ (മാർച്ച് 3) രാവിലെ മുതൽ തലസ്ഥാന നഗരി ഭക്തിസാന്ദ്രമാകും. വ്രതശുദ്ധിയോടെ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഭക്തർ നാളെ ആറ്റുകാൽ അമ്മയുടെ തിരുമുറ്റത്തും നഗരവീഥികളിലും പൊങ്കാല സമർപ്പിക്കും. പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകൾ നാളെ രാവിലെ 9.15-ന് ശുദ്ധപുണ്യാഹത്തോടെ ആരംഭിക്കും.
ക്ഷേത്രത്തിലെ പാട്ടുപ്പുരയിൽ തോറ്റംപാട്ടുകാർ കണ്ണകീചരിതത്തിലെ പാണ്ഡ്യരാജാവിന്റെ വധം പാടിത്തീരുന്നതോടെയാണ് പൊങ്കാലയുടെ പ്രധാന ചടങ്ങുകളിലേക്ക് കടക്കുന്നത്. തിന്മയ്ക്കുമേൽ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായാണ് ദേവി ഭക്തർ ഈ പൊങ്കാലയെ കണക്കാക്കുന്നത്. രാവിലെ 9.45-ന് ക്ഷേത്ര തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് പകരുന്ന ദീപം മേൽശാന്തി അനീഷ് നമ്പൂതിരിക്ക് കൈമാറും. തുടർന്ന് ക്ഷേത്ര തിടപ്പള്ളിയിലെ അടുപ്പിൽ തീ പകരുകയും പിന്നാലെ വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിലും അഗ്നി ജ്വലിപ്പിക്കുകയും ചെയ്യും. ഈ അഗ്നി ഭക്തർ കൈമാറുന്നതോടെ നഗരത്തിലെമ്പാടുമുള്ള ലക്ഷക്കണക്കിന് അടുപ്പുകൾ പുകയുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും.
ഉച്ചപൂജയ്ക്ക് ശേഷം ഉച്ചയ്ക്ക് 2.15-നാണ് പൊങ്കാല നിവേദ്യം നടക്കുന്നത്. ഇത്തവണ നിവേദ്യത്തിനായി ഏകദേശം 350-ഓളം ശാന്തിക്കാരെയാണ് ട്രസ്റ്റ് നിയോഗിച്ചിരിക്കുന്നത്. രാത്രി 8.30-ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള ദേവിയുടെ എഴുന്നള്ളത്തും കുത്തിയോട്ട ബാലന്മാരുടെ അകമ്പടിയോടെ നടക്കും. പാറന്നൂർ എന്ന കൊമ്പനാണ് ഇത്തവണയും ദേവിയുടെ തിടമ്പേറ്റുന്നത്. സായുധ പോലീസിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാകും ഈ വർണ്ണാഭമായ എഴുന്നള്ളത്ത്.
ഭക്തർ ശ്രദ്ധിക്കാൻ: ദർശന നിയന്ത്രണം
പൊങ്കാല ദിനമായ നാളെ വൈകുന്നേരം ചന്ദ്രഗ്രഹണം സംഭവിക്കുന്നതിനാൽ ക്ഷേത്രദർശനത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 2.30 മുതൽ ദർശനം അനുവദിക്കില്ല. അതുകൊണ്ട് തന്നെ താലപ്പൊലി നേർച്ചയുള്ളവർ ഉച്ചയ്ക്ക് 1.30-ന് മുമ്പ് ചടങ്ങുകൾ പൂർത്തിയാക്കണമെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ നിർദ്ദേശിച്ചു. ഗ്രഹണം പ്രമാണിച്ച് വൈകുന്നേരം 3.10 മുതൽ രാത്രി 7.00 മണി വരെ ക്ഷേത്രനട അടച്ചിടും. ശുദ്ധി ചടങ്ങുകൾക്ക് ശേഷം രാത്രി 7 മണിയോടെ മാത്രമേ ഭക്തർക്ക് വീണ്ടും പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ.
ആറ്റുകാലിലേക്കുള്ള ഭക്തജന പ്രവാഹം കണക്കിലെടുത്ത് നഗരത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ഗതാഗത നിയന്ത്രണങ്ങളും അധിക ബസ് സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. കുടിവെള്ള ലഭ്യതയും ആരോഗ്യ സേവനങ്ങളും ഉറപ്പാക്കാൻ സർക്കാർ വകുപ്പുകളും സന്നദ്ധ സംഘടനകളും സജീവമായി രംഗത്തുണ്ട്. ഇന്നലെ മുതൽ തന്നെ നാനാദിക്കുകളിൽ നിന്നും ഭക്തർ തലസ്ഥാനത്തേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. അനന്തപുരിയുടെ ഓരോ വീഥിയും ആറ്റുകാൽ അമ്മയുടെ പുണ്യത്തിനായി കാത്തിരിക്കുകയാണ്.
---------------
Hindusthan Samachar / Roshith K