Enter your Email Address to subscribe to our newsletters

Kochi, 02 മാര്‍ച്ച് (H.S.)
കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകള്‍ നേരിട്ട് പരിശോധിക്കാന്‍ ഹൈക്കോടതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ നേരിട്ട് പരിശോധിക്കാന്‍ കോടതി തീരുമാനിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി, ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ ബില്ലുകളടക്കമുള്ള എല്ലാ രേഖകളും ഹാജരാക്കാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി തിരുവനന്തപുരത്തെ സ്വകാര്യ ഓഡിറ്റ് സ്ഥാപനമായ വിജയന്‍ അസോസിയേറ്റ്സാണ് ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കേസില്‍ കോടതി കക്ഷിചേര്‍ത്തു. സ്ഥാപനത്തോട് അവരുടെ കൈവശമുള്ള മുഴുവന്‍ രേഖകളും നേരിട്ട് ഹൈക്കോടതിക്ക് കൈമാറാനാണ് ഇപ്പോള്‍ ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചിരിക്കുന്നത്.
കണക്കുകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം പരിഗണിച്ച കോടതി, അവശേഷിക്കുന്ന രേഖകള്‍ ഉടന്‍ കൈമാറാന്‍ ഉത്തരവിട്ടു. പൊതുസമൂഹത്തില്‍ ഉയര്‍ന്നുവന്ന സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരികയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്ന് കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പരിശോധിക്കാനാണ് ദേവസ്വം ബെഞ്ച് തീരുമാനിച്ചിരിക്കുന്നത്.
---------------
Hindusthan Samachar / Sreejith S