കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക: ആദ്യഘട്ടത്തിൽ 50 പേർ; പ്രഖ്യാപനം മാർച്ച് ഏഴിന് ശേഷം
Kerala, 02 മാര്ച്ച് (H.S.) ന്യൂഡൽഹി/തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയം നിർണ്ണായക ഘട്ടത്തിലേക്ക്. ആദ്യഘട്ടത്തിൽ ഏകകണ്ഠമായി തീരുമാനമെടുത്ത 50 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ മാർച്ച് ഏഴിന് ശേഷം പ്രഖ
കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക: ആദ്യഘട്ടത്തിൽ 50 പേർ; പ്രഖ്യാപനം മാർച്ച് ഏഴിന് ശേഷം


Kerala, 02 മാര്ച്ച് (H.S.)

ന്യൂഡൽഹി/തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയം നിർണ്ണായക ഘട്ടത്തിലേക്ക്. ആദ്യഘട്ടത്തിൽ ഏകകണ്ഠമായി തീരുമാനമെടുത്ത 50 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ മാർച്ച് ഏഴിന് ശേഷം പ്രഖ്യാപിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര' മാർച്ച് ഏഴിന് സമാപിക്കുന്ന സാഹചര്യത്തിലാണ് പട്ടിക പുറത്തുവിടാൻ തീരുമാനിച്ചിരിക്കുന്നത്.

ഡൽഹിയിൽ നിർണ്ണായക ചർച്ചകൾ

സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകുന്നതിനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫും ഡൽഹിയിലെത്തി സ്ക്രീനിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ മധുസൂദനൻ മിസ്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സിറ്റിംഗ് സീറ്റുകളിലും തർക്കമില്ലാത്ത മണ്ഡലങ്ങളിലും ഒറ്റപ്പേരിലേക്ക് നേതൃത്വം എത്തിക്കഴിഞ്ഞു. ഈ പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് (CEC) കൈമാറി. അടുത്തയാഴ്ച ചേരുന്ന സി.ഇ.സി യോഗം പട്ടികയ്ക്ക് അന്തിമ അംഗീകാരം നൽകും. എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കണോ എന്ന കാര്യത്തിൽ ഹൈക്കമാൻഡ് ആയിരിക്കും അന്തിമ തീരുമാനമെടുക്കുക എന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.

വനിതാ പ്രാതിനിധ്യത്തിൽ ആശങ്ക

സ്ഥാനാർത്ഥി പട്ടികയിൽ പുതുമുഖങ്ങൾക്കും യുവാക്കൾക്കും പ്രാധാന്യം നൽകുമെന്ന് നേതൃത്വം അവകാശപ്പെടുമ്പോഴും വനിതാ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. നിലവിലെ സൂചനകൾ പ്രകാരം പത്ത് ശതമാനം പോലും വനിതാ പ്രാതിനിധ്യം പട്ടികയിൽ ഉണ്ടായേക്കില്ല. സിറ്റിംഗ് എം.എൽ.എമാരിൽ ഉമ തോമസ് മാത്രമാണ് ഏക വനിത. ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ, ഐഷാ പോറ്റി എന്നിവരുടെ പേരുകൾ സജീവമായി പരിഗണനയിലുണ്ട്. മുൻ എം.പി രമ്യ ഹരിദാസ് ഇത്തവണ നിയമസഭയിലേക്ക് മത്സരിച്ചേക്കും. ഉമ്മൻചാണ്ടിയുടെ മകൾ മരിയ ഉമ്മന്റെ പേര് ചെങ്ങന്നൂരിൽ ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും താൻ സ്ഥാനാർത്ഥിയാകാൻ താല്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് അവർ വ്യക്തമാക്കുന്നത്.

പ്രഖ്യാപനം വൈകുന്നത് എന്തുകൊണ്ട്?

മറ്റ് രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കുന്നത് കോൺഗ്രസിനെ ബാധിക്കില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു. കേരളത്തിലെ വോട്ടെടുപ്പ് ഏപ്രിൽ അവസാനമുണ്ടാകാനാണ് സാധ്യത. നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തുമെന്ന വിലയിരുത്തലും പ്രഖ്യാപനം നീട്ടാൻ കാരണമായിട്ടുണ്ട്. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ സിറ്റിംഗ് എം.എൽ.എമാരുടെ കാര്യത്തിൽ പ്രത്യേക ചർച്ചകൾ ആവശ്യമാണ്.

അതിനിടെ, യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലും വി.കെ. ശ്രീകണ്ഠൻ എം.പി.യും അടൂരിലെ ഹോട്ടലിൽ വെച്ച് കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്. ഇത് അവിചാരിതമായ കൂടിക്കാഴ്ചയാണെന്ന് ഇരുവരും വിശദീകരിച്ചെങ്കിലും സ്ഥാനാർത്ഥി നിർണ്ണയവുമായി ഇതിന് ബന്ധമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തതയോടെയുള്ള പട്ടിക പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് അണികൾ.

---------------

Hindusthan Samachar / Roshith K


Latest News