പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണം; കേന്ദ്രസര്ക്കാരിന് കത്തയച്ച് കെസി വേണുഗോപാല്
Alappuzha, 02 മാര്‍ച്ച് (H.S.) തിരുവനന്തപുരം: ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കെസി വേണുഗോപാല്‍. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് എഐസിസി ജനറല്‍ സെക്രട്ടറി കത്തയച്ചു. പ്രവാസികളുടെ സുരക്ഷ ദേശീയ
KC Venugopal


Alappuzha, 02 മാര്‍ച്ച് (H.S.)

തിരുവനന്തപുരം: ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കെസി വേണുഗോപാല്‍. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് എഐസിസി ജനറല്‍ സെക്രട്ടറി കത്തയച്ചു. പ്രവാസികളുടെ സുരക്ഷ ദേശീയ ഉത്തരവാദിത്വമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും അയച്ച കത്തില്‍ കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഇറാന്‍-ഇസ്രായേല്‍-അമേരിക്ക സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നയതന്ത്ര നടപടികള്‍ സ്വീകരിക്കണമെന്ന് ഇദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

സംഘര്‍ഷം വ്യാപിക്കാനുള്ള സാധ്യത ഉയരുന്ന പശ്ചാത്തലത്തില്‍, പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ള ലക്ഷക്കണക്കിന് പ്രവാസികളില്‍ ആശങ്കയും ഭീതിയും വര്‍ധിച്ചിരിക്കുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഉത്തരവാദിത്വമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് സുരക്ഷിതമായ യാത്രാസൗകര്യങ്ങള്‍ ഒരുക്കണമെന്നും ആവശ്യമായാല്‍ പ്രത്യേക വിമാന സര്‍വീസുകള്‍ ഉള്‍പ്പെടെ അടിയന്തര സംവിധാനം ഉറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

ഗള്‍ഫ് മേഖലയിലേക്ക് സംഘര്‍ഷം വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അവിടങ്ങളിലെ ഇന്ത്യന്‍ എംബസികളും കോണ്‍സുലേറ്റുകളും ഇന്ത്യന്‍ പൗരന്മാരുമായി നിരന്തരം ബന്ധം പുലര്‍ത്തുകയും ആവശ്യമായ ഘട്ടങ്ങളില്‍ സഹായം എത്തിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യണമെന്ന് കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു. ''പ്രവാസി ഇന്ത്യക്കാരുടെ ജീവന്‍ സംരക്ഷിക്കുകയും അവരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നത് രാഷ്ട്രീയ വിഷയമല്ല, ദേശീയ ഉത്തരവാദിത്വമാണ്,'' എന്ന ശക്തമായ നിലപാടോടെയാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News