ഉടുമ്പൻചോലയിൽ ഇത്തവണ മണി മുഴങ്ങില്ല; എം.എം മണിയെ മാറ്റി സിപിഎം; കെ.കെ ജയചന്ദ്രൻ സ്ഥാനാർത്ഥിയായേക്കും; സിപിഎമ്മിൽ വൻ അഴിച്ചുപണി
Idukki , 02 മാര്ച്ച് (H.S.) ഇടുക്കി: കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ ശബ്ദവും മുൻ മന്ത്രിയുമായ എം.എം മണി ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഉടുമ്പൻചോല മണ്ഡലത്തിൽ നിന്ന് മണിയെ മാറ്റി നിർത്താൻ സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചു. മണിക്ക് പ
ഉടുമ്പൻചോലയിൽ ഇത്തവണ മണി മുഴങ്ങില്ല; എം.എം മണിയെ മാറ്റി സിപിഎം; കെ.കെ ജയചന്ദ്രൻ സ്ഥാനാർത്ഥിയായേക്കും; സിപിഎമ്മിൽ വൻ അഴിച്ചുപണി


Idukki , 02 മാര്ച്ച് (H.S.)

ഇടുക്കി: കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ ശബ്ദവും മുൻ മന്ത്രിയുമായ എം.എം മണി ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഉടുമ്പൻചോല മണ്ഡലത്തിൽ നിന്ന് മണിയെ മാറ്റി നിർത്താൻ സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചു. മണിക്ക് പകരം മുൻ എംഎൽഎ കൂടിയായ കെ.കെ ജയചന്ദ്രനെ ഉടുമ്പൻചോലയിൽ സ്ഥാനാർത്ഥിയാക്കാനാണ് പാർട്ടിയിലെ ധാരണ. മണിയെ കൂടാതെ മുൻ മന്ത്രി എ.സി മൊയ്തീനും ഇത്തവണ മത്സരരംഗത്തുണ്ടാകില്ല എന്നാണ് പുറത്തുവരുന്ന സൂചനകൾ.

ഇടുക്കി ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് നൽകിയ പ്രാഥമിക പട്ടികയിൽ എം.എം മണിയുടെ പേരും ഉൾപ്പെട്ടിരുന്നു. മണ്ഡലത്തിൽ ഇപ്പോഴും വലിയ ജനപിന്തുണയുള്ള മണിയെ തന്നെ മത്സരിപ്പിക്കണമെന്നായിരുന്നു ജില്ലാ ഘടകത്തിന്റെ താല്പര്യം. എന്നാൽ, സംസ്ഥാന സെക്രട്ടേറിയറ്റ് ഈ നിർദ്ദേശം തള്ളുകയായിരുന്നു. മണിയുടെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് ഈ മാറ്റമെന്നാണ് പാർട്ടി നൽകുന്ന വിശദീകരണം. ഉടുമ്പൻചോല പാർട്ടിക്ക് വലിയ വിജയസാധ്യതയുള്ള മണ്ഡലമാണെന്നും അവിടെ ഒരു പുതിയ മുഖം വരുന്നത് സംഘടനയ്ക്ക് ഗുണം ചെയ്യുമെന്നും നേതൃത്വം വിലയിരുത്തുന്നു.

എം.എം മണിയെ മാറ്റിനിർത്തുന്നതിലൂടെ പാർട്ടിയിൽ ഒരു തലമുറമാറ്റത്തിന് കൂടി വഴിയൊരുങ്ങുകയാണ്. ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് ചേരുന്ന യോഗത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ ഈ തീരുമാനം ഔദ്യോഗികമായി അംഗീകരിക്കും. മണിയെപ്പോലൊരു മുതിർന്ന നേതാവ് മാറുന്നത് മണ്ഡലത്തിലെ വോട്ടിംഗിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ഒരു വിഭാഗം പ്രവർത്തകർക്കുണ്ട്. എന്നാൽ കെ.കെ ജയചന്ദ്രന്റെ പ്രവർത്തന പരിചയവും ജനകീയതയും മണ്ഡലം നിലനിർത്താൻ സഹായിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.

അതേസമയം, കുന്നംകുളം മണ്ഡലത്തിൽ നിന്ന് എ.സി മൊയ്തീനും മാറിനിൽക്കും. അദ്ദേഹത്തിന് പകരക്കാരൻ ആരാകണമെന്ന കാര്യത്തിൽ തൃശ്ശൂർ ജില്ലാ സെക്രട്ടേറിയറ്റിൽ അന്തിമ തീരുമാനമുണ്ടാകും. എം.എം മണിക്കും മൊയ്തീനും പുറമെ എ. വിജയരാഘവൻ, എം. സ്വരാജ്, പി. ജയരാജൻ, ഡോ. തോമസ് ഐസക് തുടങ്ങിയ പ്രമുഖരും ഇത്തവണ മത്സരരംഗത്തുണ്ടാകില്ല. വിജയരാഘവന് മത്സരിക്കാൻ പോളിറ്റ് ബ്യൂറോ അനുമതി നൽകിയിട്ടില്ല എന്നാണ് അറിയുന്നത്. കെ.കെ ശൈലജയുടെ കാര്യത്തിൽ കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ നിലപാട് നിർണ്ണായകമാകും.

ഭരണത്തുടർച്ചയുടെ മൂന്നാം ഊഴം ലക്ഷ്യമിടുന്ന സിപിഎം, സ്ഥാനാർത്ഥി നിർണ്ണയത്തിൽ വലിയ ജാഗ്രതയാണ് പുലർത്തുന്നത്. വിജയസാധ്യതയ്ക്ക് മുൻതൂക്കം നൽകുന്നതോടൊപ്പം പ്രായപരിധിയും പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതും കർശനമായി പാലിക്കാനാണ് പാർട്ടിയുടെ തീരുമാനം. മുതിർന്ന നേതാക്കൾ തിരഞ്ഞെടുപ്പ് ഗോദയിൽ നിന്ന് മാറുന്നത് പാർട്ടിക്കുള്ളിൽ സമ്മിശ്ര പ്രതികരണങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും, പുതിയൊരു രാഷ്ട്രീയ ശൈലി രൂപപ്പെടുത്തിയെടുക്കാനാണ് സിപിഎം ശ്രമിക്കുന്നത്.

---------------

Hindusthan Samachar / Roshith K


Latest News