Enter your Email Address to subscribe to our newsletters

Kerala, 02 മാര്ച്ച് (H.S.)
കണ്ണൂർ: മനോഹരമായ പീലി വിടർത്തിയാടുന്ന മയിലുകൾ ഇന്ന് കണ്ണൂരിലെ മലയോര കർഷകർക്ക് ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. കാട്ടുപന്നിയും മുള്ളൻപന്നിയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യത്തിന് പിന്നാലെ, മയിലുകൾ കൂട്ടത്തോടെ കൃഷിയിടങ്ങൾ കൈയടക്കുന്നത് കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ജില്ലയിലെ ശ്രീകണ്ഠപുരം, നിടുവാലൂർ, ചെമ്പന്തൊട്ടി, ചെമ്പേരി, പയ്യാവൂർ, മടമ്പം തുടങ്ങിയ മലയോര ഗ്രാമങ്ങളിലാണ് മയിൽ ശല്യം രൂക്ഷമായിരിക്കുന്നത്. കേവലം കൗതുകത്തിനപ്പുറം, ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഈ പക്ഷികൾ വരുത്തിവെക്കുന്നത്.
നിടുവാലൂർ മേഖലയിലെ മാത്രം അൻപതോളം ഏക്കർ സ്ഥലത്തെ കപ്പക്കൃഷി മയിലുകൾ നശിപ്പിച്ചു കഴിഞ്ഞു. കപ്പയുടെ തണ്ടുകൾ കൊത്തിത്തിന്നുന്നതാണ് ഇവയുടെ പ്രധാന വിനോദം. കൂടാതെ ചേന, ചേമ്പ്, ചക്ക, വാഴ തുടങ്ങിയ വിളകളെയും ഇവ വിടാതെ പിന്തുടരുന്നു. ബാങ്ക് വായ്പയെടുത്തും മറ്റും കൃഷിയിറക്കിയ സാധാരണ കർഷകർക്ക് വിളവെടുപ്പിന് പാകമായ കൃഷി നശിക്കുന്നത് കണ്ടുനിൽക്കാനേ സാധിക്കുന്നുള്ളൂ. മയിലുകൾ സംരക്ഷിത വിഭാഗത്തിൽപ്പെട്ട പക്ഷികളായതിനാൽ അവയെ ഉപദ്രവിക്കാനോ തുരത്താനോ കർഷകർക്ക് നിയമപരമായി സാധിക്കില്ല. വനംവകുപ്പിന്റെ കർശന നിയമങ്ങൾ ഭയന്ന് കർഷകർ പലപ്പോഴും നിസ്സഹായരായി മാറുകയാണ്.
മലയോര മേഖലയിലെ സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങൾ കാടുപിടിച്ചു കിടക്കുന്നത് മയിലുകൾക്ക് സുരക്ഷിതമായ ആവാസ വ്യവസ്ഥ ഒരുക്കുന്നുണ്ട്. ഇത്തരം ഇടങ്ങളിൽ മുട്ടയിട്ട് വിരിഞ്ഞു പെരുകുന്ന മയിലുകൾ പകൽ സമയത്താണ് കൂട്ടത്തോടെ കൃഷിയിടങ്ങളിലേക്ക് എത്തുന്നത്. രാത്രികാലങ്ങളിൽ പന്നികളെയും മറ്റും പേടിച്ച് ഉറക്കമൊഴിച്ച് കാവലിരിക്കുന്ന കർഷകർക്ക്, പകൽ മയിലുകളെ തുരത്താൻ വീണ്ടും കൃഷിയിടത്തിൽ തന്നെ തുടരേണ്ട അവസ്ഥയാണ്. പറന്നു വന്ന് ആക്രമിക്കുന്ന പക്ഷികളായതിനാൽ ഇവയെ നിയന്ത്രിക്കാൻ വേലി കെട്ടിയോ മറ്റു മാർഗ്ഗങ്ങൾ സ്വീകരിച്ചോ സാധിക്കില്ല എന്നതും തിരിച്ചടിയാകുന്നു.
വരൾച്ചയുടെ അപായസൂചനയോ?
മയിലുകൾ മലയോര ഗ്രാമങ്ങളിൽ പെരുകുന്നത് വരാനിരിക്കുന്ന കടുത്ത കാലാവസ്ഥാ വ്യതിയാനത്തിന്റെയും വരൾച്ചയുടെയും ലക്ഷണമാണെന്നാണ് നിരീക്ഷകർ പറയുന്നത്. പൊതുവെ വരണ്ട കാലാവസ്ഥ ഇഷ്ടപ്പെടുന്ന മയിലുകൾ, കനത്ത മഴ ലഭിച്ചിരുന്ന കേരളത്തിലെ മലയോര പ്രദേശങ്ങളിലേക്ക് ചേക്കേറുന്നത് ഗൗരവകരമായ മാറ്റമാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയോര മേഖലയിലെ ഈർപ്പം കുറയുന്നതും ചൂട് കൂടുന്നതുമാണ് മയിലുകളെ ഇങ്ങോട്ട് ആകർഷിക്കുന്നത്. അടുത്ത 10 വർഷത്തിനുള്ളിൽ ജനവാസ മേഖലകളിൽ മയിലുകളുടെ എണ്ണം 40 ശതമാനത്തോളം വർദ്ധിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
കൃഷിനാശത്തിന് വനംവകുപ്പ് നൽകുന്ന നഷ്ടപരിഹാരം തുച്ഛമാണെന്നും നടപടിക്രമങ്ങൾ സങ്കീർണ്ണമാണെന്നും കർഷകർ പരാതിപ്പെടുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും മയിലുകളെ ജനവാസ മേഖലകളിൽ നിന്ന് മാറ്റാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ കണ്ടെത്തണമെന്നുമാണ് മലയോര നിവാസികളുടെ ആവശ്യം. അല്ലാത്തപക്ഷം, വരും വർഷങ്ങളിൽ കേരളത്തിന്റെ മലയോര ഗ്രാമങ്ങളിൽ നിന്ന് കൃഷി പൂർണ്ണമായും അപ്രത്യക്ഷമാകാൻ മയിൽ ശല്യം കാരണമാകും.
---------------
Hindusthan Samachar / Roshith K