Enter your Email Address to subscribe to our newsletters

Thiruvanathapuram, 02 മാര്‍ച്ച് (H.S.)
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ യുടേണ്‍ എടുത്ത് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. യുവതീപ്രവേശന വിധിയെ എതിര്‍ക്കാനും ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കണമെന്ന നിലപാട് സുപ്രീം കോടതിയില്‍ സ്വീകരിക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. നേരത്തെ സ്വീകരിച്ചിരുന്ന നിലപാടിന് നേരെ വിപരീതമാണ് പുതിയ നിലപാട്.
സുപ്രീം കോടതിയുടെ ഉത്തരവിനെ എതിര്‍ക്കുക എന്നതുതന്നെയാണ് ദേവസ്വംബോര്‍ഡിന്റെ തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കാലാകാലങ്ങളായി നിലവിലുണ്ടായിരുന്ന സ്ത്രീപ്രവേശനത്തെ സംബന്ധിച്ച ആചാരങ്ങള്‍ നിലനിര്‍ത്തുക എന്നതാണ് ബോര്‍ഡിന്റെ അഭിപ്രായം. അത് സുപ്രീം കോടതിയെ അറിയിക്കാന്‍ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
ദേവസ്വംബോര്‍ഡ് രൂപവത്കരിച്ചതുതന്നെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്. അതുകൊണ്ടുതന്നെ യുവതീപ്രവേശനം സംബന്ധിച്ച് ദേവസ്വംബോര്‍ഡിന് മുന്‍പേ മുതല്‍ ഇതേ നിലപാടാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മാര്‍ച്ച് 15-ന് അകം ബന്ധപ്പെട്ട കക്ഷികളോടെല്ലാം വിഷയത്തിലുള്ള നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ദേവസ്വംബോര്‍ഡ് ഇന്ന് യോഗംചേര്‍ന്നത്. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്ന നിലപാട് സ്വീകരിച്ചാല്‍ മതിയെന്ന് ഇന്ന് ചേര്‍ന്ന ദേവസ്വംബോര്‍ഡ് യോഗം തീരുമാനിക്കുകയായിരുന്നു. 2018-ലെ യുവതീപ്രവേശന വിധിയെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പിന്തുണയ്ക്കില്ല. ഈ തീരുമാനം സുപ്രീം കോടതിയെ അറിയിക്കും.
യുവതി പ്രവേശന വിധി പുനഃപരിശോധിക്കേണ്ട ആവശ്യമില്ല എന്നായിരുന്നു 2020-ല്‍ സുപ്രീം കോടതി വിധി പുനഃപരിശോധിക്കാനുള്ള ഹര്‍ജി പരിഗണിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകന്‍ സ്വീകരിച്ച നിലപാട്. അതിനെ സാധൂകരിക്കുന്ന വാദങ്ങളും നിരത്തിയിരുന്നു. എന്നാല്‍, അതില്‍നിന്ന് മലക്കംമറിയുന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ഫലത്തില്‍, വിധി പുനഃപരിശോധിക്കണം എന്നതിലേക്കാണ് ദേവസ്വം ബോര്‍ഡിന്റെ പുതിയ നിലപാട് നീങ്ങുന്നത്.
യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇനി എന്ത് നിലപാട് എടുക്കും എന്നാണ് ഇനി അറിയാനുളളത്.
---------------
Hindusthan Samachar / Sreejith S