സഞ്ജുവിന്റെ കരുത്തിൽ ഇന്ത്യ ലോകകപ്പ് സെമിയിൽ; വിൻഡീസിനെ തകർത്തത് അഞ്ച് വിക്കറ്റിന്
Kolkata, 02 മാര്ച്ച് (H.S.) കൊൽക്കത്ത: മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ ചിറകിലേറി ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. ഈഡൻ ഗാർഡൻസിൽ നടന്ന ആവേശകരമായ സൂപ്പർ എട്ട് പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക
റിയൽ കേരള സ്റ്റോറി; സഞ്ജുവിന്റെ കരുത്തിൽ ഇന്ത്യ ലോകകപ്പ് സെമിയിൽ; വിൻഡീസിനെ തകർത്തത് അഞ്ച് വിക്കറ്റിന്


Kolkata, 02 മാര്ച്ച് (H.S.)

കൊൽക്കത്ത: മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ ചിറകിലേറി ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. ഈഡൻ ഗാർഡൻസിൽ നടന്ന ആവേശകരമായ സൂപ്പർ എട്ട് പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ അവസാന നാലിലെത്തിയത്. സെമി ഫൈനലിൽ കരുത്തരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ.

സഞ്ജുവിന്റെ മാന്ത്രിക ഇന്നിംഗ്സ്

196 റൺസ് എന്ന വലിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ പാളിച്ചകൾ പറ്റിയിരുന്നു. ഓപ്പണർമാരായ അഭിഷേക് ശർമയും (10) ഇഷാൻ കിഷനും (10) വേഗത്തിൽ മടങ്ങിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. എന്നാൽ നാലാമനായി ക്രീസിലെത്തിയ സഞ്ജു സാംസൺ മത്സരത്തിന്റെ ഗതി മാറ്റിമറിച്ചു. 50 പന്തുകളിൽ നിന്ന് പുറത്താവാതെ 97 റൺസെടുത്ത സഞ്ജുവിന്റെ ഇന്നിംഗ്സാണ് ഇന്ത്യയെ വിജയതീരത്തെത്തിച്ചത്. നാല് സിക്സറുകളും 12 ഫോറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഈ മാസ്മരിക പ്രകടനം.

സൂര്യകുമാർ യാദവുമായി (18) ചേർന്ന് 58 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ സഞ്ജു, പിന്നീട് തിലക് വർമ്മയ്ക്കൊപ്പവും (27) ബാറ്റിംഗ് തുടർന്നു. ഹാർദിക് പാണ്ഡ്യ (17) മടങ്ങിയെങ്കിലും അവസാന ഓവറുകളിൽ ശിവം ദുബെയെ (8) കൂട്ടുപിടിച്ച് സഞ്ജു ലക്ഷ്യം മറികടന്നു. അവസാന ഓവറിൽ ഏഴ് റൺസ് വേണ്ടിയിരിക്കെ റൊമാരിയോ ഷെപ്പേർഡിന്റെ ആദ്യ പന്തിൽ തന്നെ സിക്സർ പറത്തിയും തൊട്ടുപിന്നാലെ ഫോറടിച്ചും സഞ്ജു ഇന്ത്യക്ക് ആധികാരിക വിജയം സമ്മാനിച്ചു.

വിൻഡീസിന്റെ പോരാട്ടം

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണ് അടിച്ചുകൂട്ടിയത്. ഷായ് ഹോപ്പും (32) റോസ്റ്റൺ ചേസും (40) ചേർന്ന് വിൻഡീസിന് ഭേദപ്പെട്ട തുടക്കം നൽകി. പതറിനിന്ന വിൻഡീസ് ഇന്നിംഗ്സിനെ അവസാന ഓവറുകളിൽ റോവ്മാൻ പവലും (34) ജേസൺ ഹോൾഡറും (37) ചേർന്നാണ് 190 കടത്തിയത്. ഇന്ത്യൻ നിരയിൽ ജസ്പ്രിത് ബുമ്ര രണ്ട് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി.

സൂപ്പർ എട്ടിലെ നിർണ്ണായക മത്സരത്തിൽ സമ്മർദ്ദഘട്ടത്തിൽ പുറത്തെടുത്ത ഈ പ്രകടനം സഞ്ജുവിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഒന്നായി വിലയിരുത്തപ്പെടുന്നു. ഒരു ഘട്ടത്തിൽ തോൽവി മണത്ത ഇന്ത്യയെ ഒറ്റയ്ക്ക് തോളിലേറ്റിയ സഞ്ജുവിനെ റിയൽ കേരള സ്റ്റോറി എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. സിംബാബ്വെക്കെതിരെ കളിച്ച അതേ ടീമിനെ നിലനിർത്തിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ഇംഗ്ലണ്ടിനെതിരെയുള്ള സെമി ഫൈനലിലും സഞ്ജുവിന്റെ ഈ ഫോം തുടരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.

---------------

Hindusthan Samachar / Roshith K


Latest News