Enter your Email Address to subscribe to our newsletters

Thiruvanathapuram, 02 മാര്‍ച്ച് (H.S.)
കര്‍ണാടകയ്ക്കു ശേഷം തെലങ്കാനയിലും ബുള്‍ഡോസര്‍ രാജ് അരങ്ങേറിയത് ആശങ്കയുളവാക്കുന്ന വാര്‍ത്തയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഖമ്മം ജില്ലയിലെ വെളുഗുമറ്റ്ല ഗ്രാമത്തിലുള്ള ഭൂദാന്‍ ഭൂമിയിലെ 700 വീടുകളാണ് പൊലീസ് അകമ്പടിയില്‍ അടിച്ചുനിരത്തപ്പെട്ടത്. യാതൊരുവിധ മുന്‍കൂര്‍ നോട്ടീസും നല്‍കാതെ ഫെബ്രുവരി 25-ന് പുലര്‍ച്ചെയാണ്, എല്ലാ തിരിച്ചറിയല്‍ രേഖകളുമുള്ള മൂവായിരത്തോളം പേരെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഭവനരഹിതരാക്കിയത്.
ആചാര്യ വിനോബ ഭാവെ നേതൃത്വം നല്‍കിയ ഭൂദാന്‍ പ്രസ്ഥാനത്തിന്റെ കാലത്ത് ഭൂരഹിത കുടുംബങ്ങള്‍ക്ക് അനുവദിച്ചു നല്‍കിയ വിനോബ നഗറിലെ വീടുകളാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊളിച്ചുനീക്കിയത്. ഭൂദാന്‍ പ്രസ്ഥാനത്തിന്റെ പരിമിതമായ ലക്ഷ്യങ്ങളെപ്പോലും തെലങ്കാനയിലെ കോണ്‍ഗ്രസ്സിന് അംഗീകരിക്കാന്‍ കഴിയുന്നില്ല എന്നത് ആശ്ചര്യകരമാണ്.
യലഹങ്കയിലെ ബുള്‍ഡോസര്‍ രാജിന്റെ ഇരകള്‍ ഇപ്പോഴും തെരുവില്‍ ജീവിതം തള്ളി നീക്കുകയാണ്. ഇത്തരം മനുഷ്യത്വ ഹീനമായ നടപടികള്‍ക്ക് നേതൃത്വം നല്‍കാനും നടത്തിപ്പുകാരാവാനും എങ്ങനെ കോണ്‍ഗ്രസിന് കഴിയുന്നു? തങ്ങളാണ് ഇടതുപക്ഷം എന്ന് വീമ്പു പറയുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഇതിനു മറുപടി പറയണം. തെലങ്കാന സര്‍ക്കാരിന്റെ കൂറ്റന്‍ പരസ്യങ്ങള്‍ കൊണ്ട് കേരളത്തിലെ മാധ്യമങ്ങള്‍ നിറയ്ക്കുന്ന കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തമാണത്.
മഹാദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ കേരളം ചേര്‍ത്തുനിര്‍ത്തി അവര്‍ക്ക് പുതിയ വീടുകള്‍ നല്‍കി പുനരധിവാസ - പുനര്‍നിര്‍മ്മാണത്തിന്റെ പുതിയ മാതൃക തീര്‍ത്ത ഘട്ടത്തിലാണ് തെലങ്കാനയിലെ സര്‍ക്കാര്‍ പട്ടയമുള്ളവരെപ്പോലും വ്യാജപട്ടയക്കാരായി ചിത്രീകരിക്കുന്നത്.
കേരളത്തിലെ സര്‍ക്കാര്‍ പട്ടയമില്ലാത്തവര്‍ക്ക് പട്ടയം നല്‍കി അവരെ ഭൂമിയുടെ അവകാശികളാക്കി മാറ്റുമ്പോഴാണ് തെലങ്കാനയിലെ ഈ കുടിയൊഴിപ്പിക്കല്‍. ഉത്തരേന്ത്യന്‍ ബിജെപി സര്‍ക്കാരുകളുടെ തനിപ്പകര്‍പ്പാണ് തങ്ങളെന്ന് കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. കുടിയൊഴിപ്പിക്കലിന്റെയും ആട്ടിപ്പായിക്കലിന്റെയും കുടില രാഷ്ട്രീയമാണ് കോണ്‍ഗ്രസ്സ് മുന്നോട്ടു വെക്കുന്നത്.
കോണ്‍ഗ്രസിന് എവിടെ അധികാരം കിട്ടിയാലും സാധാരണ ജനങ്ങളോട് എന്തായിരിക്കും സമീപനം എന്നതിന്റെ തികഞ്ഞ ഉദാഹരണമാണ് യെലഹങ്കയിലേതും ഖമ്മത്തേതും. ഇവിടെ മുണ്ടക്കൈ - ചൂരല്‍മല ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് നൂറുകണക്കിന് വീട് വെച്ച് കൊടുക്കും എന്ന് വാഗ്ദാനം ചെയ്ത് ഇപ്പോള്‍ ആ വാക്ക് വിഴുങ്ങിയത്, ജനങ്ങളോടുള്ള കോണ്‍ഗ്രസ് സമീപനത്തിന്റെ മറ്റൊരു രൂപമാണ്. കോണ്‍ഗ്രസ് എല്ലാകാലത്തും എല്ലായിടത്തും ഇതേ രീതിയാണ് തുടരുന്നതെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
---------------
Hindusthan Samachar / Sreejith S